
മകൾ വിസ്മയയുടെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ പൂർണ്ണമായി പിന്തുണച്ച് നടൻ മോഹൻലാൽ. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിൻ്റെ പേരിൽ വിസ്മയയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിസ്മയ സ്വതന്ത്ര ചിന്താഗതിയും അഭിപ്രായ സ്വാതന്ത്ര്യവുമുള്ള ഒരു വ്യക്തിയാണെന്നും തൻ്റെ നിലപാടുകൾ തുറന്നുപറയാൻ മകൾക്ക് പൂർണ്ണ അവകാശുമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. ഭാര്യ സുചിത്രയ്ക്കും വിസ്മയയ്ക്കുമൊപ്പം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
”വിസ്മയയ്ക്ക് സംസാരിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. വിസ്മയ ഒരു വ്യക്തിയാണ്. സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. എന്ത് പറഞ്ഞാലും കുഴപ്പമായിട്ട് മാറുന്ന ഒരു സമയമുണ്ട്. ഞാനൊക്കെ അതില്‍ക്കൂടിയാണ് കടന്നുപോകുന്നത്. പോപ്പുലാരിറ്റി കൂടുമ്പോഴാണ് കുഴപ്പം ഉണ്ടാവുന്നത്.” മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം തനിക്ക് ആരേയും നിയന്ത്രിക്കാനാകില്ലെന്നാണ് വിസ്മയ പ്രതികരിച്ചത്. ‘എനിക്ക് എന്നെ മാത്രമേ നിയന്ത്രിക്കാനാവൂ. എന്റെ വാക്കുകളെ മാത്രമേ നിയന്ത്രിക്കാനാവൂ. മറ്റാരെയും നിയന്ത്രിക്കാനാവില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രതികരണങ്ങള്‍ അലോസരപ്പെടുത്താറില്ല. എനിക്ക് എന്റെ ഊര്‍ജ്ജം നഷ്ടപ്പെടുത്താന്‍ താല്പര്യമില്ല,” വിസ്മയയുടെ വാക്കുകൾ.
ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സമയത്ത് സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വിമർശനങ്ങളുമാണ് വിസ്മയയ്ക്ക് നേരിടേണ്ടി വന്നത്. സംവിധായകനും നടനുമായ മേജർ രവിയടക്കമുള്ള പ്രമുഖരും അന്ന് വിസ്മയയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഈ കടന്നാക്രമണങ്ങൾക്കൊന്നും വഴങ്ങാതെ തൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണ് വിസ്മയ ചെയ്തത്.
അച്ഛൻ മോഹൻലാലിന്റെയും സഹോദരൻ പ്രണവിൻ്റെയും വഴി പിന്തുടർന്ന് സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്നതിന് മുമ്പ് തന്നെ, വ്യക്തമായ നിലപാടുകളുള്ള വ്യക്തിത്വം എന്ന നിലയിൽ വിസ്മയ ശ്രദ്ധ നേടിയിരുന്നു. സൈബർ ഇടങ്ങളിലെ കടുത്ത വിമർശനങ്ങൾക്കിടയിലും മകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് പിന്തുണ നൽകുന്ന മോഹൻലാലിൻ്റെ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്.