വണ്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യുന്നു; ട്രെയിലര്‍ പുറത്തിറങ്ങി

മമ്മൂട്ടി ചിത്രം വണ്‍ തമിഴിലേക്ക മൊഴിമാറ്റം ചെയ്യപ്പെടുന്നു.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റീമേക്കുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നിരുന്നു. വണ്ണിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത് ബോളിവുഡ് നിര്‍മ്മാതാവായ ബോണി കപൂറാണ്.

വണ്‍ എന്ന പേരില്‍ തന്നെയായിരിക്കും തമിഴ് പതിപ്പും പുറത്തിറങ്ങുക. വിനോദ് ജെയിന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ സ്റ്റുഡിയോസ് എന്ന കമ്പനിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയി്ലറും പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം വണ്‍ ഹിന്ദി റീമേക്കില്‍ ബോണി കപൂറിന്റെ സഹോദരനും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ അനില്‍ കപൂറാണ് ഹിന്ദി റീമേക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും തന്നെ നടന്നിട്ടില്ല. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു.

മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തിയ മലയാളം ചിത്രമാണ് വണ്‍. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം 2020 ഏപ്രിലിലാണ് റിലീസ് ചെയ്യാനിരുന്നത്. കൊവിഡ് മൂലം ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വ്വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മുട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.മമ്മൂട്ടി മുന്‍പ് ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ എസ് ആറിന്റെ വേഷത്തില്‍ എത്തിയ യാത്ര എന്ന സിനിമ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രിയായും മമ്മൂട്ടി എത്തിയത്.