ജല്ലിക്കെട്ടിന് തന്റെ അവസാന ശ്വാസവും സമ്മാനിച്ച് ആര്‍ മഹേഷ് വിട പറഞ്ഞു.

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ അവതരണ മികവ് കൊണ്ടും വ്യത്യസ്ഥ ശൈലി കൊണ്ടും രാജ്യാന്തര തലത്തില്‍ ഏറെ അംഗീകാരങ്ങളുമായി ജല്ലിക്കെട്ട് ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍ ജല്ലിക്കെട്ടിന് ഏറ്റവും അര്‍ഹമായ ശ്രദ്ധ നേടിക്കൊടുത്തത് ഒരു പക്ഷെ ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെയായിരിക്കണം. മലയാള സിനിമയിലെ ഏറെ ശ്രദ്ധ നേടിയ പോസ്റ്റര്‍ ഡിസൈനറായ ആര്‍ മഹേഷ് തന്നെയായിരുന്നു ജല്ലിക്കെട്ടിലും തന്റെ മുദ്ര പതിപ്പിച്ചത്. ജല്ലിക്കട്ട് രാജ്യാന്തര ചലച്ചിത്രമേളകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മഹേഷിന്റെ അകാല വിയോഗം. തന്റെ അവസാന ശ്വാസവും ചിത്രത്തിന് വേണ്ടി സമ്മാനിച്ച മഹേഷിന്റെ വിടവാങ്ങലില്‍ അനുസ്മരണങ്ങള്‍ നേരുകയാണ് സഹപ്രവര്‍ത്തകരും ജല്ലിക്കെട്ടിന്റെ അണിയറപ്രവര്‍ത്തകരും.

തിരുവനന്തപുരം നേമം സ്വദേശിയായ മഹേഷ് ഓള്‍ഡ് മങ്ക്‌സിനോടൊപ്പം ചേര്‍ന്ന് ഒട്ടേറെ മികച്ച പോസ്റ്ററുകള്‍ മലയാളത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ കലയില്‍ മഹേഷ് കാണിച്ചിരുന്ന ആധികാരികതയും അടുത്ത സമീപനവും തന്നെയാണ് മഹേഷിനെ വ്യത്യസ്ഥനാക്കിയിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സഹായങ്ങള്‍ തേടാതെ മഹേഷ് സ്വന്തം കൈപ്പടയില്‍ വരച്ച ചിത്രങ്ങള്‍ തന്നെയാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളുടെയും പോസ്റ്ററുകളായി മാറിയത്.

രാജീവ് രവിയുടെ പിരീഡ് ചിത്രം തുറമുഖത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പോസ്റ്റര്‍, ഭദ്രന്‍ സംവിധാനം ചെയ്യുന്ന സൗബിന്‍ ഷാഹിര്‍ ചിത്രം ജൂതന്റെ ഫസ്റ്റ് ലുക്ക്, ടൊവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക്, സണ്ണി വെയ്ന്‍ നിര്‍മ്മിക്കുന്ന നിവിന്‍ പോളി ചിത്രം പടവെട്ട്, പൂര്‍ണമായും ഹാന്‍ഡ് പെയിന്റില്‍ ചെയ്ത ശംഭു, പുരുഷോത്തമന്റെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ (വരാനിരിക്കുന്നത്) എന്നിവ മഹേഷിന്റെ അവസാന കാലഘട്ടത്തിലെ സംഭാവനകളായിരുന്നു.

തിരുവനന്തപുരം കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന മഹേഷ്, 2004ലാണ് പെയിന്റിംഗില്‍ ബിരുദം നേടിയത്. ഓള്‍ഡ് മങ്ക്സിനൊപ്പം മഹേഷ് പിന്നീടുള്ള വർഷങ്ങൾ പൂര്‍ത്തിയാക്കുകയായിരുന്നു.