
നടൻ മമ്മൂട്ടിയെക്കുറിച്ചുള്ള നടിയും നിർമ്മാതാവുമായ സാന്ദ്രാതോമസിന്റെ പരാമർശത്തിനെ പരോക്ഷമായി വിമർശിച്ച് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. സാന്ദ്രയുടെ വിഷയവുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണം നടക്കുന്നതിനിടെ മമ്മൂട്ടിയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഴുവൻ പ്രൊഡ്യൂസേഴ്‌സിനോടും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സാന്ദ്രയുടെ ഒരു പഴയ വിഡിയോ പങ്കുവച്ചുകൊണ്ടാണ് ലിസ്റ്റിൻ വിമർശനം രേഖപ്പെടുത്തിയത്. സാന്ദ്ര അസുഖം ബാധിച്ച് കിടന്നപ്പോൾ ഇട്ട വീഡിയോ ‘ഓൾഡ് ഈസ് ഗോൾഡ്’ എന്ന അടിക്കുറിപ്പോടെയാണ് ലിസ്റ്റിൻ പങ്കുവെച്ചിരിക്കുന്നത്.
‘അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കെയപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു. എടുത്ത് പറയേണ്ട കാര്യം, ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ തിരിഞ്ഞു നോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു.’ വീഡിയോയിൽ സാന്ദ്രയുടെ വാക്കുകളിങ്ങനെ.
കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ് നൽകിയ നാമ നിർദ്ദേശ പത്രിക അസോസിയേഷൻ തള്ളിയിരുന്നു. അതിനെതിരെ സാന്ദ്ര സബ് കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ നൽകിയ ഒരഭിമുഖത്തിലാണ് നടൻ മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര സംസാരിക്കുന്നത്. മമ്മൂട്ടി വിളിച്ചിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സാന്ദ്ര പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കിയതോടെ താനുമായി കമ്മിറ്റ് ചെയ്ത പ്രോജെക്ടിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തിരുന്നു.
കോടതിയിൽ ഹർജി ഫയൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങളും സാന്ദ്ര നൽകിയിരുന്നു.”3 മണിക്കൂർ നീണ്ടു നിന്ന എന്റെ വാദം പൂർത്തിയായി . എന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേസ് പതിനൊന്നാം തിയതി തിങ്കളാഴ്‌ചയിലേക്കു പോസ്റ്റ് ചെയ്‌റ്റിട്ടുണ്ട്. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു” സാന്ദ്ര പറഞ്ഞു
പിന്നാലെ നിർമ്മാതാവ് റെനീഷ് എൻ അബ്ദുൽ ഖാദർ മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശങ്ങളിൽ ചോദ്യങ്ങളുമായി രംഗത്തു വന്നിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് വീഡിയോയുമായി ലിസ്റ്റിൻ എത്തിയിരിക്കുന്നത്. അതിനിടെ, സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ച. എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ 2 കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.