ഒടിയന്‍ തെലുങ്ക് പതിപ്പിലും

ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഒടിയന്റെ തെലുങ്ക് പതിപ്പ് അവകാശം കൈമാറി. ദഗ്ഗുബാട്ടി ക്രിയേഷന്‍സാണ് തെലുങ്ക് പതിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഡിസംബര്‍ 14ന് തന്നെ തെലുങ്ക് സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാരണാസിയില്‍ ചിത്രീകരണം ആരംഭിച്ച് ചിത്രം അഞ്ചു ഷെഡ്യൂളുകളായാണ് പൂര്‍ത്തിയാക്കിയത്.

ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ഈ ചലച്ചിത്രത്തില്‍ വേഷമിടുന്നത്. ഒടിയന്റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, മഞ്ജു വാര്യര്‍, ഇന്നസെന്റ്, നരേന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 2018 ഡിസംബര്‍ 14ന് ഒടിയന്‍ പ്രദര്‍ശനത്തിനെത്തും.