
ഏറെ കാലത്തെ ഇടവേളയ്ക്കുശേഷം ഗിന്നസ് പക്രു നായകനായി എത്തുന്ന സിനിമയാണ് 916 കുഞ്ഞൂട്ടൻ. നവാഗതനായ ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഗിന്നസ് പക്രുവിന്റെ അഭിനയജീവിതത്തിൽ ഏറെ വ്യത്യസ്ഥത നിറഞ്ഞ തിരിച്ചുവരവായിരിക്കും. ചിത്രത്തിൻറെ ടൈറ്റിൽ തന്നെ കൗതുകം ഉണർത്തുന്നതാണ് – “916” എന്നത് സ്വർണത്തിന്റെ വിശുദ്ധതയെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ്. അതുപോലെ തന്നെ പ്യൂരിറ്റി ഉള്ള കഥാപാത്രമാണ് “കുഞ്ഞൂട്ടൻ”, ഇനി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് എങ്ങനെയാണെന്ന് നിങ്ങൾ തന്നെ കണ്ടു പറയൂ, ഗിന്നസ് പക്രു പറഞ്ഞു.
സാധാരണ നായക കഥാപാത്രങ്ങൾക്ക് ഉള്ള ചേരുവകളെല്ലാം ഉൾപ്പെടുത്തി ഫാമിലി എന്റർടെയ്‌നറായി ഒരുക്കിയ ഈ ചിത്രത്തിൽ, ഗിന്നസ് പക്രു അൽപ്പം ബോൾഡായ, ഗൗരവം നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. “മുന്‍പ് ഞാൻ ചെയ്തവയെക്കാൾ വ്യത്യസ്തമാണ് കുഞ്ഞൂട്ടൻ – മറ്റുള്ളവയിൽ എല്ലാ സമയത്തും പൊക്കക്കുറവുള്ളവന്റെ നിഗമനം ഉണ്ടായിരുന്നു. പക്ഷേ ഇവിടെ, ഒരു സാധാരണ മനുഷ്യനെപ്പോലെ എല്ലാ ചുമതലകളും ഏറ്റെടുത്തിരിക്കുന്ന ആളാണ് അദ്ദേഹം,” എന്ന് കഥാപാത്രത്തെ കുറിച്ച് പക്രു വിശദമാക്കുന്നു.
സിനിമയുടെ കഥയും അവതരണ രീതിയും പ്രേക്ഷകരെ ആകർഷിച്ച പ്രധാന ഘടകങ്ങളാണ്. ആര്യൻ വിജയ് കഥ പങ്കുവച്ചപ്പോൾ തന്നെ “ഇത് ഒരു വലിയ ഹീറോ ചെയ്യേണ്ട കഥാപാത്രമല്ലേ?” എന്നായിരുന്നു പക്രുവിന്റെ ആദ്യ പ്രതികരണം. അതിന് സംവിധായകൻ നൽകിയ മറുപടി സിനിമയുടെ പ്രത്യേകത വ്യക്തമാക്കുന്നതാണ്: “ഇപ്പോൾ വ്യത്യസ്തതകളുള്ള സിനിമകളുടെ കാലമാണ്. ആ വ്യത്യസ്തത കൊണ്ടാണ് ഈ കഥാപാത്രം ചേട്ടൻ ചെയ്യുമ്പോൾ എക്സൈറ്റ്‌മെന്റ് ഉണ്ടാകുന്നത്.”എന്നായിരുന്നു ആര്യൻ വിജയൻറെ മറുപടി.
ചിത്രത്തിൽ റൂറൽ-അർബൻ പശ്ചാത്തലങ്ങളിലെ തീവ്രതയും വ്യത്യാസങ്ങളും ടോണിലും ആഖ്യാനത്തിലും പകർത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഡയാന ഹമീദ്, നിയാ വർഗീസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ടിനി ടോം, രാകേഷ് സുബ്രഹ്മണ്യം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ.
ചിത്രം റിലീസ് ചെയ്യാനിരിക്കെ മറ്റൊരു വമ്പൻ അപ്ഡേറ്റും കൂടെ ഗിന്നസ് പക്രു പ്രേക്ഷകർക്ക് നൽകി. വിനയൻ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ അദ്ഭുതദ്വീപ്ന്റെ രണ്ടാം ഭാഗം വരുന്നുവെന്നും, ഉണ്ണി മുകുന്ദനും താനുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. “അന്ന് വലിയ ഒരു ചാലഞ്ച് ആയിരുന്നു ആ സിനിമ. ഇന്ന് ടെക്നോളജി വളർന്നിരിക്കുന്നതിനാൽ അതിന്റെ അടിസ്ഥാനത്തിൽ വലിയ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്,” പക്രു പറഞ്ഞു.
“എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നതാണ് ‘എന്നാണ് അദ്ഭുതദ്വീപ് 2?’ ആ കഥാപാത്രത്തിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.