ഭയവും ആകാംക്ഷയും നിറച്ച് നിവിന്‍ പോളിയുടെ ‘മൂത്തോന്‍’.. ഔദ്യോഗിക ട്രെയ്‌ലര്‍ കാണാം..

','

' ); } ?>

ഏറെ പ്രതീക്ഷയോടെ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’. ദേശീയ-രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടിയ തന്റെ മറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഗീതു ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് മൂത്തോന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നിവിന്‍ പോളിയുടെ ജന്മദിനത്തോടനുബന്ധിച്ച് ധനുഷ്, വിക്കി കൗശാല്‍ എന്നിവരുടെ പേജുകളിലൂടെയായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ്.

ഭയവും ആകാംക്ഷയും നിറച്ച് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. നിവിന്‍ പോളിയുടെ വ്യത്യസ്ഥമായ അഭിനയപ്രകടനവും മുംബൈ പശ്ചാത്തലവും തന്നെയാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ലക്ഷദ്വീപ് ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയ്ക്ക് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവല്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.

ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ ആലിക്കോയ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് ചിത്രം പ്രമേയമാക്കുന്നത്.  ചിത്രത്തിന്റെ രചനയും ഗീതു തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭര്‍ത്താവ് രാജീവ് രവിയാണ്. ഗീതു മോഹന്‍ദാസ് തിരക്കഥയൊരുക്കുമ്പോള്‍ ഹിന്ദി സംഭാഷണങ്ങള്‍ എഴുതുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. ചിത്രത്തിന്റെ നിര്‍മാണവും അദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ശശാങ്ക് അറോറ, ശോഭിത ധുളിപാല, റോഷന്‍ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ബാലഗോപാലന്‍, വാസിക്ക് ഖാന്‍, സ്നേഹ ഖാന്‍വാല്‍ക്കര്‍, ഗോവിന്ദ് മേനോന്‍, റിയാസ് കോമു,സുനില്‍ റോഡ്രിഗസ് എന്നിവരുമുണ്ട് അണിയറയില്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.