
തമിഴ് സൂപ്പർതാരം അജിത് കുമാറുമായുള്ള കൂടിക്കാഴ്ചയുടെ ഓർമകൾ പങ്കുവെച്ച് നടൻ നിവിൻ പോളി. പ്രേമം സിനിമയുടെ വിജയത്തിന് ശേഷം അജിത് തന്റെ വീട്ടിലേക്ക് ഡിന്നറിന് വിളിച്ചതും ഒരു ദിവസം മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നായാണെന്ന് നിവിൻ വ്യക്തമാക്കി. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിച്ച ആ കൂടിക്കാഴ്ചയുടെ സന്തോഷം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പങ്കുവെച്ചത്.
നിവിൻ പോളിയുടെ വാക്കുകൾ;
“പ്രേമം’ സിനിമയുടെ റിലീസ് കഴിഞ്ഞ് ആക്ഷൻ ഹീറോ ബിജുവിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുന്ന സമയം. അപ്പോഴാണ് എനിക്കൊരു കോൾ വരുന്നത്. അജിത് സാർ കാണണമെന്ന് അറിയിച്ചിട്ടുണ്ട് എന്ന്. വീട്ടിലേക്ക് അദ്ദേഹം ക്ഷണിച്ചു എന്ന് പറഞ്ഞു. ബിരിയാണി ഒക്കെ സെറ്റ് ചെയ്ത് ഡിന്നറിനാണ് വിളിച്ചത്. അന്ന് ഞങ്ങളൊരുപാട് കാര്യങ്ങൾ സംസാരിച്ചു. സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ.
ഒരു ദിവസം മുഴുവൻ അദ്ദേഹത്തോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. എന്റെ ഏറ്റവും രസമുള്ള ഓർമകളിലൊന്നാണത്”.- ബിഹൈൻഡ്വുഡ്സ് ടിവിയോട് നിവിൻ പോളി പറഞ്ഞു. റാം രചനയും സംവിധാനവും നിർവഹിക്കുന്ന റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘യേഴ് കടൽ യേഴ് മലൈ’.
അതേസമയം, റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘യേഴ് കടൽ യേഴ് മലൈ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നിവിൻ പോളി ഇപ്പോൾ. നിവിനൊപ്പം അഞ്ജലിയും സൂരിയും പ്രധാന വേഷത്തിലെത്തുന്ന റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഒക്ടോബർ ഒന്നിന് തിയറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ‘റിച്ചി’ക്ക് ശേഷം നിവിൻ നായകനാകുന്ന തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിൽ 8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നതെന്നാണ് സൂചനകൾ.