മഹാഭാരതം പരമ്പരയില്‍ കൃഷ്ണനായി വേഷമിട്ട് പ്രേക്ഷക ശ്രദ്ധനേടിയ അഭിനേതാവാണ് നിതീഷ് ഭാരദ്വാജ്. പത്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്ന ചിത്രത്തിലെ ഗന്ധര്‍വ്വനായും മനം കവര്‍ന്ന നിതീഷ് വീണ്ടും ശ്രീകൃഷ്ണന്റെ വേഷത്തില്‍ എത്തുന്നു. ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്ണനാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയിട്ടുള്ളതാണ് നാടകം.
1988 മുതല്‍ 1990 വരെയായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തത്. ഇപ്പോള്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണ വേഷത്തിലെത്തുകയാണ്. അതുല്‍ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ദില്ലിയിലായിരിക്കും നാടകം. മഹാഭാരതത്തിലെ കഥകള്‍ ഇപ്പോഴും പ്രസക്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്ന് നിതിഷ് ഭരദ്വാജ് പറയുന്നു.
ദൂരദര്‍ശനിലെ പ്രേക്ഷകപ്രീതിയുള്ള പരമ്പരയായിരുന്നു മഹാഭാരതം. ബി.ആര്‍ ചോപ്രയായിരുന്നു സംവിധാനം ചെയ്തത്. നിതീഷിനെ കൂടാതെ രൂപ ഗാംഗുലി, മുകേഷ് ഖന്ന, യോദ്ധയിലൂടെ വില്ലനായെത്തിയ പുനീത് ഇസാര്‍ തുടങ്ങിയവരും പരമ്പരയില്‍ അഭിനയിച്ചിരുന്നു.