കോഴിക്കോടന്‍ ശൈലിയ്‌ക്കൊരു പിന്‍ഗാമി കൂടെ…നവാസ് വള്ളിക്കുന്ന്

കോഴിക്കോടന്‍ ഭാഷകൊണ്ട് മലയാള സിനിമയില്‍ സ്ഥിര സാന്നിധ്യമായ ഒട്ടേറെ താരങ്ങളുണ്ട്. അവരുടെ പിന്തുടര്‍ച്ചക്കാരില്‍ ഒരാളാണ് നവാസ് വള്ളിക്കുന്ന്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച ഈ നടന്‍ തമാശയിലൂടെ മുഴുനീള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് അടയാളപ്പെടുത്തി കഴിഞ്ഞു. ആദ്യം കാണുന്നയാളോടു പോലും എന്നും പരിചയമുള്ള ഒരാളെ പോലെ സംസാരിക്കുന്ന നവാസ് മിമിക്രി വേദികളിലൂടെയും ചാനല്‍ പരിപാടികളിലൂടെയും ശ്രദ്ധേയനായതിന് പിന്നാലെയാണ് സിനിമയിലും വരവറിയിച്ചത്. പുതിയ ചിത്രങ്ങളെക്കുറിച്ചും തന്റെ സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചുമെല്ലാം സെല്ലുലോയ്ഡുമായി മനസ്സുതുറക്കുകയാണ് നവാസ് വള്ളിക്കുന്ന്.

  • ഒരേ സമയം കോഴിക്കോടന്‍ ഭാഷ വെല്ലുവിളിയും അനുഗ്രഹവുമാണ്. പ്രത്യേകിച്ച് ഒരുപാട് ആളുകള്‍ അടയാളപ്പെടുത്തിയ ഒരു ഭാഷയാണ്. ആ ഭാഷയുടെ അതേ ശൈലിയാണെങ്കില്‍ അത് അനുകരണമായി വ്യാഖ്യാനിക്കപ്പെടും. എങ്ങനെയായിരുന്നു ആ ഭാഷയുമായി മുന്നോട്ട് വരുമ്പോഴുണ്ടായ ധൈര്യം ?

ചെറുപ്പത്തിലേ ഉള്ള എന്റെയൊരു സംസാര ശൈലിയാണല്ലോ കോഴിക്കോടന്‍ ഭാഷ. അപ്പോള്‍ എനിക്കത് ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല. ചാനലില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ഡയറക്ടര്‍ പറയുമായിരുന്നു നവാസെ നീ കോഴിക്കോടന്‍ ഭാഷ മാത്രം സംസാരിച്ചാല്‍ മതി, സ്റ്റാന്‍ഡേര്‍ഡാവേണ്ട ആവശ്യമില്ലെന്ന്. സ്റ്റാന്‍ഡേര്‍ഡായാല്‍ പെട്ടെന്ന് മനസ്സിലാവും. ഇപ്പോള്‍ സിനിമയിലും അങ്ങനെതന്നെയാണ് പോകുന്നത്.

  • ചെറുപ്പം മുതലേ മിമിക്രി ചെയ്യുന്നുണ്ടോ..

സ്‌ക്കൂളില്‍ പഠിക്കുമ്പോഴെ മിമിക്രി ചെയ്യുന്നുണ്ടായിരുന്നു. പക്ഷെ ഒരുപാട് സമ്മാനങ്ങളൊന്നും കിട്ടിയിട്ടില്ല. എല്ലാ മത്സരത്തിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാത്രം ഒരു മത്സരത്തിന് രണ്ടാം സ്ഥാനം കിട്ടി. അന്നേ ഉള്ള ആഗ്രഹമാണ് സിനിമ നടനാവണമെന്ന്. അന്നത്തെകാലത്ത് 12 മണിക്കൊക്കെ ചാനലില്‍ സിനിമ ഉണ്ടായിരുന്നു. അന്ന് പ്രേംനസീറിന്റെ സിനിമകള്‍ കണ്ട് അദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നു ഞാന്‍. ആ സിനിമകള്‍ കണ്ടാണ് എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വലിയ ആഗ്രഹം വന്നത്. മിമക്രി പഠിക്കാന്‍ ഒന്നും പോയിട്ടില്ല. ഒരുപാട് റിയാലിറ്റി ഷോകളിലൊക്കെ പങ്കെടുത്തു. ഒന്നും വഴിത്തിരിവായില്ല.

  • അഭിനയത്തിനു സാധ്യതയുള്ള സ്‌കിറ്റുകളിലാണ് നവാസിന് കൂടുതല്‍ താല്‍പ്പര്യം. എങ്ങനെയാണ് നവാസിന് എനിക്കത് ചെയ്യാന്‍ പറ്റും എന്ന കോണ്‍ഫിഡന്‍സ് ഉണ്ടായത്?

സിനിമയില്‍ അഭിനയിക്കണമെന്ന മോഹവുമായി നടക്കുന്ന സമയത്താണ് എന്റെ സുഹൃത്ത് എന്നെ വിളിക്കുന്നത്. മനോരമ ചാനലില്‍ ഒരു റിയാലിറ്റി ഷോ ഉണ്ട് ‘നിങ്ങള്‍ക്ക് ചിരിപ്പിക്കാന്‍ കഴിവുണ്ടോ, നിങ്ങളെ സിനിമയിലെടുക്കും’ എന്ന പരിപാടി. അവന്‍ പറഞ്ഞ നമ്പര്‍ എടുത്ത് വിളിച്ചു. ഓഡീഷനെല്ലാം കഴിഞ്ഞ് ഓക്കെയായി. അങ്ങനെ ഒരുപാട് ആള്‍ക്കാരുടെ പ്രാര്‍ത്ഥനകൊണ്ടും എന്റെ പരിശ്രമംകൊണ്ടും ആ റിയാലിറ്റി ഷോയുടെ ഫസ്റ്റ് എപ്പിസോഡില്‍തന്നെ ഞാന്‍ പുറത്തായി. അന്ന് ബാബു രാജ് സാറും സലീംകുമാര്‍ സാറുമൊക്കെയായിരുന്നു ജഡ്ജസ്. അന്ന് ഔട്ടായപ്പോള്‍ ഞാന്‍ ഒരുപാട് കരഞ്ഞു . അപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ക്ക് എന്നോട് സഹതാപം തോന്നി എനിക്ക് ഒരു അവസരം കൂടി തന്നു. അന്ന് ബാബുരാജ് സാര്‍ എന്നോട് ചോദിച്ചു നവാസെ നിനക്ക് ഒരു അവസരം കൂടി തന്നാല്‍ നീ എന്ത് ചെയ്യുമെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇനി നമുക്കൊന്നും നോക്കാനില്ലല്ലൊ സാറെ, ഞാന്‍ അടിച്ചു കയറും. പറഞ്ഞത്‌പോലെ തന്നെ ആ റിയാലിറ്റി ഷോയില്‍ ഞാന്‍ അടിച്ചുകയറി. അതിന്റെ ഫൈനലില്‍ ജനപ്രിയ നായകന്‍ എന്ന അവാര്‍ഡും വാങ്ങിയിട്ടാണ് നവാസ് പുരയിലേക്ക് പോന്നത്..(ചിരിക്കുന്നു). എങ്ങനെയും രക്ഷപ്പെടണം എന്നുള്ള ഒരു ചിന്തയുണ്ടായിരുന്നു. അത്രയ്ക്കും കഷ്ടപ്പാടായിരുന്നു. ആ ഓഡീഷന് പോകുമ്പോള്‍ വീട്ടില്‍ നിന്ന് എന്റ ഉമ്മ പറഞ്ഞത് ഇത് നിന്റെ ലാസ്റ്റ് ഓഡീഷനാണ്, ഇനി പോകരുത് എന്നാണ്. അപ്പോള്‍ ഞാനും ഉമ്മയോട് പറഞ്ഞു ഇനി ഞാന്‍ പോകില്ല, പരിപാടി നിര്‍ത്തുകയാണ്, ഇത് എന്റെ ലാസ്റ്റ് ഓഡീഷനാണ് എന്ന്. ഒരു പ്രതീക്ഷയോട്കൂടിയിട്ടാണ് പോയത്. ഇപ്പോള്‍ സിനിമയില്‍ കിട്ടുന്ന വേഷങ്ങളൊക്കെ നല്ലതാണ്. നല്ല രീതിയില്‍ ചെയ്യണമെന്നുള്ള ആഗ്രഹമുണ്ട്. തമാശ കണ്ട് ഒരുപാട് ആള്‍ക്കാര്‍ വിളിച്ച് ആശംസകളൊക്കെ അറിയിച്ചു.

  • നവാസ് സംസാരിക്കുമ്പോള്‍ ഓരോ വാക്കിലും നിഷ്‌ക്കളങ്കതയും ആത്മാര്‍ത്ഥതയുമെല്ലാം ഉണ്ട്. തമാശയിലെ ഒരു ഡയലോഗാണ് കോപ്പി റൈറ്റുള്ള ഐഡിയയാണ് എന്ന്. ഇതാണൊ ട്രേഡ്മാര്‍ക്ക്…?

സിനിമയില്‍ പറയുന്നുണ്ടെങ്കിലും ജീവിതത്തില്‍ അങ്ങനെ അല്ല. ഈ കാണുന്ന നവാസാണ് നവാസ്. വേറെ ഒന്നുമില്ല (ചിരിക്കുന്നു).

  • ആളുകളെ ചിരിപ്പിക്കണമെങ്കില്‍ സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് ഒരു പ്രധാന ഘടകമാണ്. അത്തരം സ്‌കിറ്റുകളുടെ സ്‌ക്രിപ്റ്റ് എങ്ങനെയായിരുന്നു?

ചാനലുകളില്‍ റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ അവര്‍ തീം തരും. ഒരിക്കല്‍ എനിക്ക് എടിഎം എന്നൊരു തീം കിട്ടി. അപ്പോള്‍ ഞാന്‍ കുറേപ്പേരെ വിളിച്ചുചോദിച്ചു എടിഎമ്മിന്റെ കോമഡി വല്ലതുമുണ്ടോ എന്ന്. തിരക്കുകൊണ്ടായിരിക്കാം ആരും വിളിച്ച് ഒന്നു പറഞ്ഞില്ല. എനിക്ക് എടിഎമ്മില്‍പോയി പൈസ എടുക്കാന്‍ അറിയില്ല. ഞാനത് തന്നെ ഒരു കോമഡിയാക്കി മാറ്റി. അത് ഗ്രൂമേഴ്‌സിന് വളരെ ഇഷ്ടമായി. അത് ഹിറ്റായി. അതിന്റെ പിന്നില്‍ നമ്മുടെ ഒരുപാട് കഷ്ടപ്പാട് ഉണ്ട്. ഈ സ്‌കിറ്റൊക്കെ എവിടെപോയാലും ആള്‍ക്കാര്‍ എടുത്തുപറയുന്നതാണ്.

  • സുഡാനിയിലേക്ക് എങ്ങനെയാണ് എത്തുന്നത്..

ഈ റിയാലിറ്റി ഷോയുടെ ഫൈനല്‍ സമയത്ത് എനിക്കൊരു കോള്‍ വന്നു. സക്കറിയ മുഹമ്മദായിരുന്നു അത്. അദ്ദേഹം എന്നോട് പറഞ്ഞു ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട് നവാസിന് അതിലൊരു വേഷമുണ്ട് എന്ന്. അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി. കാരണം ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടക്കാന്‍ പോവുകയാണ്. ആ സുഡാനി ഇപ്പോള്‍ ഒരുപാട് അവാര്‍ഡുകളൊക്കെ നേടി. ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ ഭാഗ്യമുള്ള കാര്യമാണ്.

  • വളരെ സ്വാഭാവികമായ അഭിനയത്തിന്റെ ഒരു ഒഴുക്കാണ് തമാശ. തമാശയിലെ കഥാപാത്രത്തിനെക്കുറിച്ച്..

സമീര്‍ താഹിര്‍ സാറാണ് എന്നെ ആദ്യം വിളിക്കുന്നത് തമാശയിലേക്ക്. അതിനു ശേഷം ഡയറക്ടറായ അഷ്‌റഫ് ഇക്ക വിളിച്ചിട്ടു പറഞ്ഞു നവാസെ നല്ലൊരു വേഷമാണ് തമാശയില്‍ എന്ന്. അല്‍പ്പമൊരു വിദ്യാഭ്യാസമുള്ള നവാസിനെയാണ് വേണ്ടത്, ചളിയടിക്കുന്ന നവാസിനെയല്ല എന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ നിന്ന് അതിനായിട്ട് ഞാന്‍ ട്രെയിനിംഗെല്ലാം എടുത്തിരുന്നു.

  • വിനയ് ഫോര്‍ട്ടുമായുള്ള സ്‌ക്രീന്‍ പങ്കിടല്‍?

വിനയ് ഫോര്‍ട്ട് അഭിനയം പഠിച്ച ആളാണ്. എല്ലാ കാര്യങ്ങളും അദ്ദേഹം പറഞ്ഞുതരുമായിരുന്നു. വളരെയധികം പോസ്റ്റീവ് എനര്‍ജി തരും. സുഡാനി ചെയ്യുമ്പോള്‍ സൗബിനും വളരെയധികം സഹായിക്കുമായിരുന്നു. അദ്ദേഹം അല്‍പ്പം കോമഡിയാണ്.

  • തമാശയില്‍ മുഴുനീള കഥാപത്രമാണ് അത് രജിസ്‌ററര്‍ ചെയ്യപ്പെടും എന്നു നവാസിനോട് പറഞ്ഞിരുന്നോ…

തമാശ ഇങ്ങനെയാവുമെന്ന് ഞാന്‍ വിചാരിച്ചില്ല. എനിക്ക് എന്റെ കഥപാത്രമല്ലെ അറിയത്തുള്ളു. തിയേറ്ററില്‍ പോയി സിനിമ കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്രയും വലിയ സിനിമയിലാണൊ ഞാന്‍ അഭിനയിച്ചതെന്ന്. ഞാന്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് മാത്രമേ ചിന്തിച്ചിരുന്നുള്ളു. ബാക്കിയുള്ള ഷൂട്ടൊന്നും ഞാന്‍ കാണുന്നുമില്ല. തിയേറ്ററില്‍ എത്തിയപ്പോഴാണ് ഞാന്‍ മുകളിലോട്ട് നോക്കിപ്പോയത്. പടച്ച റബ്ബേ ഇമ്മാതിരി പടത്തിലാണൊ അഭിനയിച്ചത് എന്ന് തോന്നിപ്പോയി. വളരെയധികം സന്തോഷം തോന്നി.

  • പുതിയ ചിത്രങ്ങള്‍..

തമാശ കഴിഞ്ഞപ്പോള്‍ കുറച്ച് നല്ല സിനിമകളൊക്കെ വന്നിട്ടുണ്ട്. അത് അവര്‍ തന്നെ അനൗണ്‍സ് ചെയ്‌തോട്ടെ. ഇപ്പോള്‍ ഒരു ചിത്രം ചെയ്ത്‌കൊണ്ടിരിക്കുന്നുണ്ട്. തലശ്ശേരിയാണ് ഷൂട്ട്. ചിത്രത്തിന്റെ പേര് ഇട്ടിട്ടില്ല.

  • സ്‌റ്റേജിനോട് വിട പറഞ്ഞോ..

വിട പറഞ്ഞിട്ടൊന്നുമില്ല. ഒരു സെറ്റില്‍ നിന്ന് ബസ്സ് കയറി അവിടെത്താനുള്ള കെല്‍പ്പൊന്നുമായിട്ടില്ല. കുറച്ചൊരു ഗ്യാപ്പിട്ടുവെച്ചു, അത്രയേ ഉള്ളു. അത് കഴിഞ്ഞിട്ട് എന്തായാലും ചെയ്യും. സ്റ്റേജാണ് ജീവിതം.

  • വീട്ടിലെ വിശേഷങ്ങള്‍..

സുഡാനി കഴിഞ്ഞപ്പോള്‍ ചെറിയൊരു വീടൊക്കെവെച്ചു. ഭാര്യ മൂന്ന് മക്കള്‍. മൂത്ത മകന്‍ നിയാസ് ആറാം ക്ലാസില്‍ പഠിക്കുന്നു. രണ്ടാമത്തെ മകള്‍ നസ്‌ല, മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആയിഷ. ഒന്നരവയസ്സായിട്ടേ ഉള്ളു. വളരെ ഹാപ്പിയാണ്. തൊട്ടടുത്ത് തന്നെയാണ് തറവാട്. അവിടെ ഉമ്മ, ഉപ്പ, മൂന്ന് പെങ്ങള്‍മാര്‍, ഒരു അനിയന്‍ ഉണ്ട്.

  • ഈ ട്രേഡ് മാര്‍ക്കുള്ള ഐഡിയവെച്ചാണൊ വൈഫിനെ വീഴ്ത്തിയത്?

വൈഫിന്റെ വീട്ടുകാരൊക്കെ ഇപ്പോള്‍ ഹാപ്പിയാണ്. മിമിക്രി കളിക്കുന്ന കാലത്ത് വൈഫിനോട് അവളുടെ ഉപ്പ ചോദിക്കും ‘ ഇങ്ങനെപോയാല്‍ മതിയോ, എടങ്ങാറാവൂലേ..മൂപ്പരോട് എന്തെങ്കിലും പണിക്ക് പോകാന്‍ പറയണോ’..എന്നെല്ലാം. അപ്പോള്‍ ഞാന്‍ അവളോട് പറയും ‘നമ്മള്‍ രക്ഷപ്പെടും എന്ന്. അവള്‍ കട്ടയ്ക്ക് തന്നെ കൂടെ നിന്നു. ചെറിയ തോതില്‍ ഇപ്പോള്‍ മലയാള സിനിമയില്‍ ഞാന്‍ കാലെടുത്തുവെച്ചു.

  • സ്‌റ്റേജ് ആര്‍ട്ടിസ്റ്റ് ഫ്രെയിമിലേയ്ക്ക് വരുന്ന സമയത്ത് ചിലപ്പോള്‍ പാളിപ്പോവാറുണ്ട്. നവാസ് അത്തരത്തില്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ..?

പ്രേംനസീറിനെ ഞാന്‍ അധികവും അനുകരിക്കുന്നതാണ്. അപ്പോള്‍ അത് കയറി വരാത്ത രീതിയില്‍ അഭിനയിക്കാന്‍ ശ്രമിക്കാറുണ്ട്. അത് ഞാന്‍ വളരെ ശ്രദ്ധിക്കാറുമുണ്ട്. ഈ ഫീല്‍ഡില്‍ നമുക്ക് പിടിച്ച്‌നില്‍ക്കണം. കാരണം എല്ലാ ആഴ്ച്ചയിലും പുതിയ പുതിയ ആര്‍ട്ടിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏത് നിമിഷവും നമ്മളൊക്കെ ഔട്ടാവും. അപ്പോള്‍ ഔട്ടാവാതിരിക്കാന്‍ നമ്മള്‍ അപ്‌ഡേറ്റ് ചെയ്യുക. ഞാനങ്ങനെ സിനിമയ്‌ക്കൊന്നും പോകാത്ത ആളായിരുന്നു. ഇപ്പോഴാണ് ഇറങ്ങുന്ന പടങ്ങളൊക്കെ കാണാന്‍ തുടങ്ങിയത്. നമ്മുടെ സിനിമകള്‍ കാണുമ്പോള്‍ തന്നെ നമുക്ക് കുറേ കാര്യങ്ങള്‍ മനസ്സിലാവും. കുറച്ച്കൂടെ നന്നാക്കി ചെയ്യാമായിരുന്നു എന്നൊക്കെ തോന്നും. ഓരോ കാര്യങ്ങള്‍ ഇങ്ങനെ മനസ്സിലാക്കി വരുകയാണ്. ഇനിയുള്ള പടങ്ങളിലൊക്കെ നല്ല രീതിയില്‍ മുന്‍പോട്ട് പോകണം എന്ന ആഗ്രഹങ്ങളുണ്ട്.

  • ഇനി നവാസിന്റെതായിട്ട് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍..?

ഇപ്പോള്‍ ഷൂട്ടും കാര്യങ്ങളുമെല്ലാം കഴിഞ്ഞത് പിടികിട്ടാപ്പുള്ളിയാണ്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. ത്രൂഔട്ട് വേഷമാണ്. നരി എന്നു വിളിക്കപ്പെടുന്ന നരേന്ദ്രന്‍ എന്നൊരു ക്യാരക്ടറാണ് ഞാന്‍ ചിത്രത്തില്‍ ചെയ്യുന്നത്. ഞാനും ലാലു അലക്‌സ് അച്ഛായനുമാണ് ഒരുമിച്ചെത്തുന്നത്. കോമഡിയാണ്. തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ചെയ്യുന്നത്. നാട്ടിന്‍പുറത്തുനടക്കുന്ന ഒരു കഥയാണ്. മറ്റൊന്ന് പ്രതാപ് പോത്തന്‍ സാറിന്റെ ചിത്രമാണ്. പച്ചമാങ്ങ എന്നാണ് ചിത്രത്തിന്റെ പേര്. പച്ചമാങ്ങയില്‍ സ്ത്രീകളുടെ ബ്ലൗസ് മാത്രം അടിക്കുന്ന ടെയ്‌ലര്‍ സുരേന്ദ്രന്‍ എന്ന കഥാപത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ സ്‌പെഷ്യലിസ്റ്റ് എന്നാണ് ബോര്‍ഡ് തന്നെ (ചിരിക്കുന്നു). ഇടവേളകളില്‍ വന്നുപോകുന്ന കഥാപത്രമാണ്. കുറച്ച് മതി അത്, അങ്ങനെയൊരു ക്യാരക്ടറാണ്.

  • കഥാപത്രങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് റഫറന്‍സ് നടത്താറുണ്ടോ?

ഒരുപാട്‌പേരെ ശ്രദ്ധിക്കാറുണ്ട്. അതാണ് ഇപ്പോള്‍ ചെയ്ത്‌കൊണ്ട് നില്‍ക്കുന്നത്. ക്യാരക്ടര്‍ ലഭിക്കുമ്പോള്‍ ഓരോരുത്തരെയും പിടിക്കും. നമുക്ക് എടുക്കേണ്ട സ്ഥലങ്ങളില്‍ പതുക്കെ എടുത്ത് പ്രയോഗിക്കും.

  • കോഴിക്കോട് നിന്ന് നിര്‍മ്മല്‍ പാലാഴി, ഹരീഷ് കണാരന്‍ തുടങ്ങി ഒരുപാട്‌പ്പേര്‍ സിനിമയില്‍ വന്നു. പണ്ട് ഈ കോഴിക്കോടന്‍ ഭാഷ സിനിമയില്‍ പറ്റുമോ എന്നുള്ള ഒരു സംശയമൊക്കെ ഉണ്ടായിരുന്നു. ആ ഗ്യാപ്പ് ഇപ്പോള്‍ നികന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് അതിനെ നോക്കിക്കാണുന്നത്?

ഹരീഷേട്ടനും നിര്‍മ്മലേട്ടനുമെല്ലാം ചെയ്ത്‌വെച്ച ഒരു ഭാഷയാണ് കോഴിക്കോടന്‍ ഭാഷ. അടുത്ത മാമുക്കോയ എന്നെല്ലാം പറഞ്ഞ് ഷഹബാസ് ഇക്ക എന്നെക്കുറിച്ച് എഫ്ബിയില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എല്ലാംകൊണ്ടും അനുഗ്രഹങ്ങളേ ഉള്ളു.

  • ഇവരുമായിട്ടൊക്കെയുള്ള സൗഹൃദങ്ങളെക്കുറിച്ച്..

ഞാനിപ്പോള്‍ ഹരീഷേട്ട്‌നൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. നിര്‍മ്മലേട്ടനും വിനോദ് കോവൂരുമെല്ലാം സിനിമ കണ്ട് വിളിച്ചു. ഒരു അനിയനെപ്പോലെ അല്ലെങ്കില്‍ ഒരു സുഹൃത്തിനെപ്പോലെ കണ്ട് കുറേ കാര്യങ്ങള്‍ പറഞ്ഞു തന്നു. അതെല്ലാം നമുക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളാണ്. ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ആര്‍ട്ടിസ്റ്റുകളാണ് ഹരീഷേട്ടനും നിര്‍മ്മലേട്ടനും വിനോദേട്ടനുമെല്ലാം.

  • പ്രേക്ഷകരെ ഞെട്ടിപ്പിക്കാന്‍ പോകുന്ന ഏതെങ്കിലും ഒരു ക്യാരക്ടര്‍ വരാനുണ്ടോ..

വില്ലനായിട്ട് അഭിനയിക്കുന്നുണ്ട്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണത്. എനിക്ക് വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിച്ചു കൊണ്ടുള്ള വില്ലന്‍. ഡയറക്ടറോട് എനിക്കിത് ചെയ്യാന്‍ പറ്റുമോ എന്നു ചോദിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് നിന്റെ ഉള്ളിലുള്ളത് പുറത്തെടുത്താല്‍ മതി വേറൊന്നും ഇല്ല എന്ന്. എല്ലാവരുടെയും ഉള്ളില്‍ ഒരു വില്ലന്‍ ഉണ്ടാവും. നല്ല രീതിയില്‍ ചെയ്യണം. ചിത്രം അനൗണ്‍സ് ചെയ്തിട്ടില്ല.

  • ജീവിതത്തില്‍ എന്തൊക്കെ ജോലികള്‍ നവാസ് ചെയ്തു?

കല്‍പണിക്ക് കൈയ്യാള്‍ ആയിട്ട് പോയിട്ടുണ്ട്. പെയിന്റിംഗ് ആയിരുന്നു കൂടുതല്‍. ആ കൂട്ടത്തില്‍ തന്നെ സ്റ്റേജ് പ്രോഗ്രാമിനും പോകും.

  • ഏതെങ്കിലും വലിയ ഡയറക്ടേഴ്‌സ് നവാസിനെ അഭിനന്ദിക്കാന്‍ വിളിച്ചിരുന്നോ?

മിഥുന്‍ മാനുവല്‍ തോമസ് തുടങ്ങി നിരവധിപേര്‍ വിളിച്ചിരുന്നു. അപ്പോള്‍ പടങ്ങള്‍ വരും എന്നുള്ളൊരു പ്രതീക്ഷ ഉണ്ടായിരുന്നു. നായകനായിട്ട് ചെയ്യാനൊക്കെ സിനിമ വന്നിരുന്നു. ഞാന്‍ അവരോട് പറഞ്ഞു കുറച്ചുകൂടെ കഴിയട്ടെ. കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന്. അല്ലാതെ നമ്മള്‍ വെറുതേ മലയാള സിനിമയെ നശിപ്പിക്കേണ്ടല്ലൊ. സ്വാഭാവികമായിട്ട് ചെയ്യുകയാണ് ഇപ്പോള്‍. ക്യാമറ എവിടെയാണ് വെയ്ക്കുന്നത് എന്നൊന്നും എനിക്കറിയില്ല. കുറച്ച് കഴിഞ്ഞ് ഞാന്‍ എല്ലാം ചെയ്യും എന്നെല്ലാം പറഞ്ഞ് അവരെ വിട്ടു.

  • സെലക്ടീവായി കഥാപത്രങ്ങള്‍ ചെയ്യാനാണൊ നവസ് ആഗ്രഹിക്കുന്നത്.

നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് ചെയ്യാന്‍ പറ്റും എന്നു തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമേ എടുക്കാറുള്ളു. അത് എന്റെ അഹങ്കാരമല്ല. മലയാള സിനിമയില്‍ പിടിച്ചുനില്‍ക്കണം. സമീര്‍ താഹിര്‍ എന്നോട് പറയുമായിരുന്നു നവാസെ ഒരുപാട് പടങ്ങള്‍ ചെയ്യുന്നതിലല്ല, വര്‍ഷത്തില്‍ ഒന്നാണെങ്കിലും അത് നല്ലത് ചെയ്യുക എന്നതാണ്.

  • ടിക് ടോക്കിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഒരുപാട് താരങ്ങള്‍ സിനിമയിലേക്ക് വരുന്നു എങ്ങനെയാണ് നവാസ് ഇതിനെയെല്ലാം നോക്കികാണാറുണ്ടോ..

ഇപ്പോള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ശ്രദ്ധയോടെ നമ്മള്‍ ഓരോ നീക്കങ്ങളും നടത്തിയില്ലെങ്കില്‍ കാര്യം അപകടത്തിലാവും. (ചിരിക്കുന്നു). എല്ലാം ഞാന്‍ കാണാറുണ്ട്.

  • ഫ്യൂച്ചര്‍ പ്ലാന്‍ എന്താണ്..

മനസ്സിലൊരു കഥയുണ്ട്. എന്റെ സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ ഓക്കെയാണ്. അത് ഒന്ന് എഴുതണം. കുറച്ച് കഴിയട്ടെ. ഇപ്പോള്‍ കുറച്ച് സിനിമകളൊക്കെ വന്നിട്ടുണ്ട്. എല്ലാം കഴിഞ്ഞ് ഫ്രീയാവുമ്പോള്‍ എന്തായാലും എഴുത്ത് ഉണ്ടാവും.

  • ഭാര്യയുടെ പിന്തുണയെക്കുറിച്ച്..

വലിയ സപ്പോര്‍ട്ടാണ്. എന്റെ അഭിപ്രായത്തില്‍ ഈ ഭാര്യമാരുടെ സപ്പോര്‍ട്ടില്ലാതെ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അവള്‍ കട്ട സപ്പോര്‍ട്ടായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും ഇങ്ങള് രക്ഷപ്പെടും എന്ന് പറഞ്ഞ് കൂടെ നില്‍ക്കുമായിരുന്നു. അതിനാല്‍ ഇപ്പോള്‍ ഹാപ്പിയാണ്. എന്റെ കൂടെ സെല്‍ഫിയെടുക്കാനൊക്കെ ആളുകള്‍ വരുമ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് അങ്ങേതലക്കല്‍ എത്തിയിട്ടുണ്ടാവും. ആളുകള്‍ വന്ന് എന്നോട് സെല്‍ഫിയെടുക്കട്ടെ എന്ന് ചോദിക്കുമ്പോള്‍ ഫോണ്‍ വാങ്ങി ഞാന്‍ തന്നെ എടുത്തുകൊടുക്കും. കാരണം ഇതൊക്കെ നമ്മള്‍ അത്രയും ആഗ്രഹിച്ച കാര്യങ്ങളാണ്. തമാശ കാണാന്‍ പോയപ്പോള്‍ അവിടെ വന്ന ആള്‍ക്കാര്‍ എന്റെ കൂടെ തന്നെ ഉമ്മയുടെയും ഉപ്പയുടെയും ഫോട്ടോ എടുത്തു. സിനിമ കണ്ടപ്പോള്‍ അവരൊക്കെ വളരെ ഹാപ്പിയായിരുന്നു . കോമഡി സര്‍ക്കസ്സില്‍ പങ്കെടുക്കുന്ന സമയത്ത് ഞാന്‍ ഉമ്മയെ വിളിച്ചു. ഉമ്മാ ഞാന്‍ ഫസ്റ്റ് എപ്പിസോഡില്‍ കയറാന്‍ പോവുകയാണ് എന്ന് പറഞ്ഞു. ഉമ്മ കേട്ടപാടെ കുടുംബക്കാരെ മുഴുവന്‍ വിളിച്ചു പറഞ്ഞു. പക്ഷെ ഫസ്റ്റ് എപ്പിസോഡില്‍ തന്നെ ഔട്ടായില്ലേ. എന്നും കടപ്പാടുള്ളത് അവരോടാണ് അന്ന് എനിക്ക് വേണ്ടി വീണ്ടും അവസരം ഒരുക്കിതന്നവര്‍. അവര്‍ അന്ന് അങ്ങനെയൊരു തീരുമാനം എടുത്തില്ലെങ്കില്‍ ഇന്നിപ്പോള്‍ ഞാന്‍ പെയിന്റിംഗിന്റെ പണിക്ക് പോകുമായിരുന്നു.