ഈ ‘ബാബ്വേട്ടന്’ സീരിയസ്സും വഴങ്ങും

','

' ); } ?>

‘എന്താണ് ബാബ്വേട്ടാ’.. എന്ന ഒരൊറ്റ ഡയലോഗിലൂടെ ശ്രദ്ധേയനായ ഹാസ്യതാരമാണ് നിര്‍മ്മല്‍ പാലാഴി. മിമിക്രിയ്ക്ക് ആളാരവം കുറഞ്ഞുതുടങ്ങിയ കാലത്ത് ചാനലുകളിലെ കോമഡി റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകപ്രീതി നേടിയ ഒരു കൂട്ടം കലാകാരന്മാരില്‍ പ്രമുഖനാണ് നിര്‍മ്മല്‍. കോമഡി ഷോകളിലെ മിന്നും പ്രകടനത്തിന് ശേഷം ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടീം കോലും എന്ന ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തി. തുടര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സലാല മൊബൈല്‍സില്‍ ഒരു ചെറിയ വേഷം അവതരിപ്പിച്ചു. അതിനിടയിലാണ് കോഴിക്കോട് വെച്ച് വാഹനാപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ നിര്‍മ്മല്‍ വാഹനാപകടത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റത് വെള്ളിത്തിരയിലെ തിരക്കിലേക്ക് കൂടെയായിരുന്നു. കൈ നിറയെ ചിത്രങ്ങളാണ് ഇന്ന് നിര്‍മ്മലിനെ തേടിയെത്തിയിരിക്കുന്നത്. കക്ഷി അമ്മിണിപിള്ള, എടക്കാട് ബറ്റാലിയന്‍ 06, കൂടാതെ ഇറങ്ങാനിരിക്കുന്ന ഏഴോളം സിനിമകളും നിര്‍മ്മലിനുണ്ട്. തന്റെ പുതിയ സിനിമാ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് താരം.

 • എടക്കാട് ബറ്റാലിയന്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. എങ്ങനെയാണ് പ്രേക്ഷകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍…?

ഒരുപാട് സന്തോഷമുണ്ട്. കാരണം ഇത്രനാളും കൂടുതലും ചെയ്തത് കോമഡി വേഷങ്ങളായിരുന്നു. അപ്പോള്‍ നമ്മളുടെ ഭാഗത്ത് നിന്നും ഇത്തരമൊരു കഥാപാത്രം ജനങ്ങള്‍ പ്രതീക്ഷിച്ചില്ല. പ്രതീക്ഷിക്കാത്തത് കൊടുത്തു. അതിന്റെ സന്തോഷമുണ്ട്. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ നാട്ടിലെ ചേച്ചിമാരെല്ലാം വന്നു പറഞ്ഞു എപ്പോഴും ചിരിപ്പിക്കുന്ന നീ ഞങ്ങളെ കരയിപ്പിച്ചല്ലോടാ എന്ന്.. ഒരു ആക്ടര്‍ എന്ന നിലയില്‍ ഇത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

 • ഈ കഥാപാത്രത്തിലേക്ക് എങ്ങനെയാണ് എത്തുന്നത്…?

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയെപ്പറ്റി എനിക്കറിയില്ലായിരുന്നു. ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടേഴ്‌സായിരുന്ന അനൂപും നിഖിലും എന്റെ സുഹൃത്തുക്കളായിരുന്നു. ഞാന്‍ ചെയ്ത ശങ്കരന്‍ എന്ന കഥാപാത്രം ശരിക്കും ഹരീഷ് കണാരന്‍ ചെയ്യേണ്ടതായിരുന്നു. പക്ഷെ ഹരീഷിന് അന്ന് ഇട്ടിമാണി എന്ന സിനിമയുടെ തിരക്കായതിനാല്‍ രണ്ടാമതൊരാളെക്കുറിച്ച് ചിന്തിക്കേണ്ടി വന്നപ്പോള്‍ അനൂപും നിഖിലുമാണ് പറഞ്ഞത് ഇത് നിര്‍മ്മലേട്ടന് പറ്റും എന്ന്. അവര്‍ ചോദിച്ചു ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന നിര്‍മ്മലിന് ഇൗ ക്യാരക്ടര്‍ ഉള്‍ക്കൊള്ളാന്‍ പറ്റുമോ എന്ന്.. അപ്പോള്‍ അവര്‍ ഞാന്‍ അഭിനയിച്ച അവനി എന്ന ഷോട്ട് ഫിലിം കാണിച്ചുകൊടുത്തു. അതില്‍ ഞാന്‍ സീരിയസ്സായിട്ടുള്ള വേഷമായിരുന്നു ചെയ്തത്. അത് കണ്ടപ്പോള്‍ ഈ ചിത്രത്തിന്റെ സംവിധായകനായ സ്വപ്‌നേഷ് ഓക്കെ പറഞ്ഞു.. അങ്ങനെയാണ് ശങ്കരന്‍ എന്ന കഥാപാത്രം എനിക്ക് കിട്ടിയത്.

 • ടൊവിനോയ്‌ക്കൊപ്പമുള്ള മുഴുവന്‍ സമയ കഥാപാത്രം. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്…?

ഒരുപാട് നല്ല അനുഭവങ്ങള്‍ മാത്രമേ ഉള്ളു എനിക്ക്.. ഒരുപാട് ഫൈറ്റ് ചെയ്ത് കഷ്ടപ്പെട്ട് വന്ന ആളാണ് ടൊവിനോ. ബാക്ക്ഗ്രൗണ്ടില്‍ വലിയ സപ്പോര്‍ട്ടോ ഗോഡ്ഫാദര്‍മാരോ ഇല്ലാത്ത ഞങ്ങളെപ്പോലുള്ള കലാകാരന്‍മാരെ കട്ടയ്ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന താരമാണ്. തനി നാടനായിട്ട് ഒരു ജാഡയുമില്ലാതെ ഫുള്‍ സപ്പോര്‍ട്ടാണ് ടൊവിനോ.

 • ഒരു ഡയലോഗിനപ്പുറം നമ്മളെ അടയാളപ്പെടുത്തുന്ന ചില നിമിഷങ്ങള്‍ മതിയാകും സിനിമയില്‍. അതേപോലുള്ള ഒരു നിമിഷമുണ്ട് ഈ സിനിമയുടെ ക്ലൈമാക്‌സില്‍. ക്യാപ്റ്റന്‍ എന്നു പറയുന്ന സിനിമയിലും ഇതേപോലുള്ള ക്ലൈമാക്‌സ് ഉണ്ടായിരുന്നു. ഇത് രണ്ടും ചെയ്ത സമയത്ത് എന്തായിരുന്നു മനസ്സില്‍..?

കോമഡിയില്‍ മാത്രം നില്‍ക്കാതെ മറ്റെല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്ന് എനിക്ക് പണ്ട് മുതലേ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ നമ്മളിവിടിരുന്ന് ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലൊ ആരെങ്കിലുമൊക്കെ തരണ്ടേ.. പിടിച്ചുവാങ്ങാനും പറ്റില്ലല്ലൊ… ഈ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം വന്നപ്പോള്‍ എനിക്ക് ചെയ്യാന്‍ തോന്നി. എടക്കാട് ബറ്റാലിയനില്‍ ക്ലൈമാക്‌സില്‍ ബോഡി കൊണ്ട് വരുമ്പോള്‍ കരയുന്നൊരു സീനുണ്ട്. ആദ്യം ഞാന്‍ കരഞ്ഞപ്പോള്‍ വലിയ കൈയ്യടിയൊക്കെ കിട്ടി. പക്ഷെ അപ്പോഴാണ് തൊട്ടടുത്തുള്ള ഒരു ഇക്ക ചിരിക്കുന്നത് സ്‌ക്രീനില്‍ പതിഞ്ഞത് അറിയുന്നത്. അങ്ങനെ രണ്ടാമതും റീടേക്ക് എടുത്തു. ക്യാമറാമാന്‍ സീനു സിദ്ധാര്‍ത്ഥാണ് എന്നോട് പറഞ്ഞത് കരഞ്ഞ് പോകുമ്പോള്‍ ഒരു സല്യൂട്ട് കൂടെ അടിച്ചാല്‍ നന്നാവുമെന്ന്. അങ്ങനെ ആ സീന്‍ കുറച്ചുകൂടെ നന്നായി..!

 • കോഴിക്കോടന്‍ ഭാഷാ ശൈലിയില്‍ നിന്നു മാറി കക്ഷി അമ്മിണിപ്പിള്ളയില്‍ തലശ്ശേരി ഭാഷ കൈകാര്യം ചെയ്തു. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്…?

ഒരു അഭിനേതാവെന്ന നിലയില്‍ എന്റെ മനസ്സിലുള്ള ആഗ്രഹം എനിക്കെല്ലാ ഭാഷയും ചെയ്യണമെന്നാണ്.. ചിലര്‍ പറയാറുണ്ട് നിങ്ങള്‍ കോഴിക്കോടന്‍ ഭാഷയില്‍ നന്നായിട്ട് ചെയ്യുമെന്ന്. പക്ഷെ ചിലര്‍ പറയും നിങ്ങള്‍ക്ക് കോഴിക്കോടല്ലാതെ വേറൊന്നും നടക്കൂലല്ലേ എന്ന്.. അതിനാല്‍ തന്നെ മറ്റ് ശൈലിയില്‍ സംസാരിക്കുന്ന കഥാപാത്രങ്ങള്‍ കിട്ടിയാല്‍ ചെയ്യാമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു. കക്ഷി അമ്മിണിപ്പിളളയില്‍ തലശ്ശേരി ശൈലിയിലായിരുന്നു സംസാരിച്ചത്. മലബാറുകാര്‍ക്ക് തലശ്ശേരിയും കണ്ണൂരും കാസര്‍ക്കോടും കോഴിക്കോടും ശൈലികള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കും. എറണാകുളത്തും തിരുവനന്തപുരത്തുമുള്ള പ്രേക്ഷകര്‍ക്കാണ് പെട്ടെന്ന് ആ ശൈലി ആര്‍ട്ടിഫിഷ്യലായിട്ട് തോന്നുക. കക്ഷി അമ്മിണിപ്പിള്ള ചെയ്യുമ്പോള്‍ മുത്തു എന്നൊരു കുട്ടിയായിരുന്നു എനിക്ക് തലശ്ശേരി സംസാരരീതി കൂടുതല്‍ പറഞ്ഞു തന്നത്. ഇത് പോലെയുള്ള കഥാപാത്രങ്ങള്‍ കിട്ടുകയാണെങ്കില്‍ ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.

 • എത്ര സിനിമകള്‍ ചെയ്തു…?

ഞാനൊരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് വരുന്നത്. കുട്ടിയും കോലും എന്ന സിനിമയ്ക്കാണ് ആദ്യം അവസരം വന്നതെങ്കിലും അതിനിടയ്ക്ക് ഒരു ആക്‌സിഡന്റ് വന്നു. പിന്നീട് അഭിനയിച്ചത് സിദ്ദിഖ് സാര്‍ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഫുക്രി എന്ന സിനിമയാണ്. എന്റെ മുപ്പത്തി ഒമ്പതാമത്തെ സിനിമയാണ് എടക്കാട് ബറ്റാലിയന്‍.. ഇനി ഏഴ് സിനിമകളോളം ഇറങ്ങാനുണ്ട്.

 • കോമഡി സ്‌കിറ്റുകളിലും സീരിയസ്സായിട്ടുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ കൂടുതലായിട്ടുള്ള എന്തെങ്കിലും സബ്ജക്ടുകള്‍ കേള്‍ക്കുന്നുണ്ടോ..?

സിനിമ മനസ്സിനുള്ളില്‍ കയറിയ കാലം തൊട്ടേ സിദ്ദിഖ് സാറോടും സായികുമാര്‍ ചേട്ടനോടും അടങ്ങാത്ത ഇഷ്ടവും ആരാധനയുമായിരുന്നു. ഇവര്‍ രണ്ട്‌പേരും എത്ര പൊട്ടപടത്തിലാണെങ്കിലും അവരുടെ ക്യാരക്ടര്‍ അവര്‍ കിടുക്കും. അത്‌പോലെ തന്നെയുള്ള ക്യാരക്ടറുകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇന്ന ക്യാരക്ടറുകളേ ചെയ്യൂ എന്ന ഡിമാന്‍ഡുകളൊന്നുമില്ല. നിലനിന്നു പോകണം.

 • ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍ ഏതൊക്കെയാണ്…?

ഇനി വരാനിരിക്കുന്നത് അപ്പാനി ശരത് നായകനായെത്തുന്ന ലവ് എഫ്എം ആണ്.. പിന്നെ ഗോകുല്‍ സുരേഷിന്റെ ഉള്‍ട്ട, മിഥുന്‍ നായകനായെത്തുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനം, ലാലേട്ടന്റെ ബിഗ് ബ്രദര്‍, പിന്നെ യുവം, കിംഗ് ഫിഷര്‍,ഹരീഷ് പേരടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഐസ് ഒരതി തുടങ്ങിയ ചിത്രങ്ങളാണ് ഇനി ഇറങ്ങാനുള്ളത്.

 • ലാലേട്ടനൊപ്പമുള്ള ബിഗ് ബ്രദറിലെ വിശേഷങ്ങള്‍..

സിദ്ധിഖ് സാറിലൂടെയാണ് ലാലേട്ടനുമായി അടുത്ത് ഇടപഴകാന്‍ സാധിച്ചത്. ലാലേട്ടനെ കണ്ടിട്ടില്ലായിരുന്നു. ബിഗ് ബ്രദറില്‍ വലിയ നിര്‍ബ്ബന്ധമുള്ള ക്യാരക്ടറൊന്നുമല്ല എന്റേത്. ലാലേട്ടന്റെ വീട്ടിലെ സെര്‍വന്റായിട്ടുള്ള വേലപ്പന്‍ എന്ന കഥാപാത്രമാണ് എന്റേത്. ഹ്യൂമര്‍ എലമെന്റല്ല ബിഗ് ബ്രദര്‍. എന്നാല്‍പ്പോലും സിദ്ദിഖ് സാറിന്റെയും ലാലേട്ടന്റെയും കൂടെ വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷം.

 • ഗെറ്റപ്പ് ചേയ്‌ഞ്ചോ അല്ലെങ്കില്‍ മെയ്‌ക്കോവറോ നടത്തേണ്ട ഏതെങ്കിലും സിനിമകളുണ്ടോ…?

ഇല്ല. മേയ്‌ക്കോവര്‍ എന്നാല്‍ തടി കുറയ്ക്കുക എന്നതാണ്. അതെനിക്ക് പറ്റാത്തത്‌കൊണ്ട് ഇങ്ങനെ തന്നെ അങ്ങ് പോകുന്നു..(ചിരിക്കുന്നു).

 • ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലുള്ള മുന്‍നിര താരങ്ങളായ ദുല്‍ഖറിനൊപ്പവും ഫഹദിനൊപ്പവും സലാല മൊബൈല്‍സ്, നോര്‍ത്ത് 24 കാതം എന്നീ സിനിമകള്‍ ചെയ്തു. എങ്ങനെയുണ്ടായിരുന്നു…?

സലാല മൊബൈല്‍സില്‍ ഒരു ചെറിയ സീനിലാണെങ്കിലും ദുല്‍ഖറും ഞാനും തമ്മില്‍ അതിലൂടെ ഒരു ബന്ധമുണ്ടായി. ഞാന്‍ ആക്‌സിഡന്റ് പറ്റി കോഴിക്കോട് മിംമ്‌സ് ഹോസ്പിറ്റലില്‍ കിടക്കുമ്പോള്‍ ആദ്യമെത്തിയ തുക ദുല്‍ഖര്‍ അയച്ചതായിരുന്നു. ആക്‌സിഡന്റില്‍ ഞാന്‍ സെറ്റ് ആയി വരുന്നത് വരെ ഓക്കെ ആണോയെന്ന് ചോദിച്ച് ബന്ധം നിലനിര്‍ത്തിയ ആളാണ് ദുല്‍ഖര്‍. ഇപ്പോഴും അത്യാവശ്യം കാര്യങ്ങള്‍ക്കൊക്കെ മെസ്സേജ് അയച്ചാല്‍ തിരിച്ച് റിപ്ലേ തരുന്നൊരു ബന്ധം ദുല്‍ഖറുമായിട്ട് എനിക്ക് സലാല മൊബൈല്‍സിലൂടെ ഉണ്ടായിട്ടുണ്ട്. അനില്‍ രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് നോര്‍ത്ത് 24 കാതം. അതിനു മുന്നേ അനിലേട്ടന്റെ ഒരു പരസ്യത്തില്‍ ഞാന്‍ മോഡലായിട്ട് വര്‍ക്ക് ചെയ്തിരുന്നു. അതിന് ശേഷമാണ് നോര്‍ത്ത് 24 കാതത്തില്‍ മൊയ്തീനായിട്ട് അഭിനയിക്കുന്നത്. സിനിമയില്‍ മുഴുനീളം മൊയ്തീനില്ലെങ്കിലും ആ കഥാപാത്രത്തെ ശ്രദ്ധിക്കപ്പെടുന്ന വിധമാണ് അനിലേട്ടന്‍ ഒരുക്കിയത്. ഫഹദ് ഫാസില്‍ എന്ന നടനെ ഇപ്പോഴും ആരാധനയോടെ നോക്കികാണുന്ന ആളാണ് ഞാന്‍. കൂടുതലായിട്ട് വലിയ അടുത്ത ബന്ധമൊന്നുമില്ല. ഈ എക്‌സ്പീരിയന്‍സേ ഉള്ളു.

 • കരിയര്‍ ബില്‍ഡ് അപ്പ് ചെയ്യുന്ന ഒരുപാട് താരങ്ങള്‍ പ്രതീക്ഷയോടെ നോക്കുന്നവരാണ് സ്‌റ്റേജിലൂടെ എത്തുന്ന താരങ്ങളെ. അവരോട് സ്വന്തം എക്‌സ്പീരിയന്‍സില്‍ നിന്ന് പറയാനുള്ളതെന്താണ്…?

എന്നെപറ്റി കൂടുതല്‍ ആധികാരികമായിട്ട് പറയാന്‍ ഞാനാളല്ല. എന്നാല്‍പ്പോലും എനിക്ക് പറയാനുള്ളത്, ഞാനെപ്പോഴും ഞെട്ടലോടെ നോക്കിനില്‍ക്കുന്ന ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയില്‍ വലിയ തിരക്കൊന്നുമാവാതെയിരിക്കുന്നുണ്ട്. ഞാനെപ്പോഴും ചിന്തിക്കാറുണ്ട് ഇവരെന്താണ് ഇങ്ങനെയാവാത്തതെന്ന്. അതിനുത്തരം എനിക്കിനിയും കിട്ടിയിട്ടില്ല. ഇപ്പോഴും ഇവരുടെ കോമഡിയൊക്കെ കാണുമ്പോള്‍ മതിമറന്ന് ചിരിക്കാറുണ്ട്. എന്തായാലും വരും, ആരും വരാതിരിക്കില്ല. ചിലര്‍ നേരത്തെ എത്തുന്നു കുറച്ച്‌പ്പേര്‍ വൈകി വരുന്നു… അത്രയേ ഉള്ളു. ആരും വരാതിരിക്കില്ല…

 • സ്‌റ്റേജ് ഷോയും കാര്യങ്ങളുമൊക്കെ എങ്ങനെ പോകുന്നു…?

സ്‌റ്റേജ് ഷോസ് പഴയപോലെ തന്നെ പോകുന്നുണ്ട്. പരിപാടി എടുക്കാറുണ്ട്. അതെന്തായാലും നമ്മുടെ അവസാനം വരെ ഷോ ചെയ്യും. സിനിമയില്‍ തിരക്കായാലും ഇല്ലെങ്കിലും സ്‌റ്റേജ് വിടില്ല. അപ്പോള്‍ തന്നെ റിസല്‍ട്ട് കിട്ടുന്ന സ്‌റ്റേജ് ഷോയുടെ ഒരു സന്തോഷം വേറെതന്നെയാണ്. പത്തിരുപത് വര്‍ഷമായി ഞാന്‍ സ്‌റ്റേജ് ഷോ ചെയ്യാന്‍ തുടങ്ങിയിട്ട്. വി ഫോര്‍യു എന്ന ഞങ്ങളുടെ ടീം ടിക്കറ്റ്‌സ് എന്ന വെബ്‌സിരീസ് തുടങ്ങിയിട്ടുണ്ട്. ഞങ്ങളുടെ ടീമിലെ എല്ലാവരും വീണ്ടും ഒന്നിക്കുന്നുണ്ട്.

 • മുന്നില്‍ എന്തെങ്കിലും പ്രൊജക്ടുകളുണ്ടോ…?

യുവം എന്ന സിനിമ പാക്കപ്പായിട്ട് കുറച്ച് ദിവസമായിട്ടേ ഉള്ളു. മൂന്ന് വക്കീലന്‍മാരില്‍ ഒരാളായിട്ടാണ് അതില്‍ ഞാന്‍ അഭിനയിക്കുന്നത്. അത്ര ഹ്യൂമറല്ല. കുറച്ച് വിവരമുള്ളൊരു വക്കീലാണ്. അത് കൊണ്ട് എനിക്ക് വല്ലാതെ ചളിയടിക്കാന്‍ പറ്റില്ല. മറ്റൊന്ന് പ്രജേഷ് സെന്നിന്റെ വെള്ളം എന്ന സിനിമയാണ്. ജയസൂര്യയാണ് നായകന്‍. ഇങ്ങനെ കുറച്ച് വര്‍ക്കുകള്‍ വന്നിട്ടുണ്ട്.

 • ഫാമിലി

അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍, ചേട്ടന്‍, ചേച്ചി എന്നിവരാണ് എനിക്കുള്ളത്. ചേച്ചിമാര്‍ ഇരട്ടകളാണ്. അവരൊക്കെ കല്ല്യാണം കഴിഞ്ഞുപോയി. ഭാര്യയുടെ പേര് അഞ്ജു എന്നാണ്. രണ്ട് മക്കളാണ് എനിക്കുള്ളത്. മൂത്ത മകന്‍ നിരഞ്ജ്. ഉണ്ണികുട്ടന്‍ എന്ന് വിളിക്കും. രണ്ടാമത്തെ മകന് ഒന്നരവയസ്സായിട്ടേ ഉള്ളു. പേര് കണ്ടുപിടിച്ചിട്ടില്ല. മൂത്തമകനെ ഉണ്ണികുട്ടന്‍ എന്ന് വിളിക്കുന്നത്‌കൊണ്ട് രണ്ടാമത്തെ മകനെ കുഞ്ഞുണ്ണി എന്ന പേരിലാണ് വിളിക്കാറുള്ളത്.

 • കലാരംഗത്ത് ഇതുവരെ കരുത്തായ നാട്ടുകാര്‍, കൂട്ടുകാര്‍…

എന്റെ കൂടെ സ്‌ക്കൂളില്‍ പഠിച്ച കൂട്ടുകാരുമായിട്ടുള്ള ബന്ധം വരെ എനിക്കിപ്പോള്‍ ഉണ്ട്. ഓരോ വര്‍ഷം ചെല്ലുന്തോറും സൗഹൃദം കൂടി കൂടി വരുന്നു. നാട്ടിലെ എന്റെ സ്ഥിരം ടീം ഇപ്പോഴുമുണ്ട്. കുറച്ച് സിനിമയായി എന്നുള്ളത്‌കൊണ്ട് വേറെ മേഖലകളിലേക്കൊന്നും പോയില്ല. നമ്മളെയറിയുന്ന നമുക്കറിയാവുന്ന കുറേ സുഹൃത്തുക്കളായിട്ട് ഈ പാലാഴിക്കാരന്‍ എപ്പോഴും പാലാഴിയില്‍ തന്നെ ഉണ്ടാവും.