സൈക്കോ അല്ലെങ്കില്‍ സീരിയല്‍ കില്ലര്‍ പോലുള്ള കഥാപത്രങ്ങള്‍ തരൂ… നിമിഷ സജയന്‍

അഭിനയിച്ച ചിത്രത്തിന്റെ എണ്ണത്തേക്കാളും മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളിലൂടെയാണ് നിമിഷ സജയന്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍ക്കിടയില്‍ സ്ഥാനം പിടിയ്ക്കുന്നത്. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഈ നായിക ഇന്ന് കൈ നിറയെ ക്ലാസ് കഥാപാത്രങ്ങളുമായി മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. ‘ഈട’ എന്ന ചിത്രത്തിലൂടെ അഭിനയത്തിന്റെ അനന്ത സാധ്യതകള്‍ തന്നിലുണ്ടെന്ന് തെളിയിച്ച താരം, സ്വാഭാവിക അഭിനയത്തിലൂടെ മികച്ച വേഷങ്ങള്‍ ചെയ്ത് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സ്വന്തമാക്കി. ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘ചോല’ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം നിമിഷയെ തേടിയെത്തിയത്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ചോല’ വെനീസ് ചലച്ചിത്രമേളയിലും മികച്ച സ്വീകാര്യത നേടി തിയേറ്ററിലെത്താന്‍ കാത്ത് നില്‍ക്കുകയാണ്. വിധുവിന്‍സെന്റ് സംവിധാനം ചെയ്ത ‘സ്റ്റാന്‍ഡ് അപ്പ്’ ആണ് തിയേറ്ററിലെത്തിയ നിമിഷയുടെ ഏറ്റവും പുതിയ ചിത്രം. സൗബിന്‍ ഷാഹിര്‍ ചിത്രം ‘ജിന്ന്’, ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്ക്’, രാജീവ് രവി ഒരുക്കുന്ന ‘തുറമുഖം’ എന്നിവയാണ് നിമിഷയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് നിമിഷ.

 • ലാല്‍ജോസിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്…?

‘ഈട’ ചെയ്ത്കഴിഞ്ഞതിന് ശേഷമാണ് ലാലുവേട്ടന്‍ സ്‌ക്രിപ്റ്റുമായി വന്നത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ ഓക്കെയായിരുന്നു. സ്‌ട്രോംഗ് സ്‌ക്രിപ്റ്റാണ്. ലാലുവേട്ടന്റെ സംവിധാനമായതിനാല്‍ സിനിമ എന്തായാലും നന്നാവുമെന്ന് അറിയാമായിരുന്നു.

 • ബിജു മേനോനൊപ്പമുള്ള എക്‌സ്പീരിയന്‍സ്…?

ബിജു ചേട്ടന്‍ കുറച്ച് സീരിയസ്സായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആള് ഭയങ്കര കൂളാണ്. സെറ്റില്‍ കളിയും ചിരിയും കൗണ്ടറുകളൊക്കെ അടിച്ച് നമ്മളെ ചിരിപ്പിക്കും. ഒരു പോസിറ്റീവ് എനര്‍ജിയാണ് ചേട്ടന്‍ സെറ്റില്‍ വരുമ്പോള്‍.

 • മലയാള സിനിമയില്‍ നിന്ന് എന്താണ് ഇതുവരെ പഠിച്ചിട്ടുള്ളത്…?

എല്ലാ സിനിമയും ഓരോ എക്‌സ്പീരിയന്‍സായിരുന്നു. ഓരോ ആക്ടേര്‍സിന്റെ കൂടെ അഭിനയിക്കുമ്പോഴും നമുക്ക് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. ‘തൊണ്ടിമുതല്‍’ തൊട്ട് ’41’ വരെ വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു ലഭിച്ചത്.

 • ഇങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് പ്രതീക്ഷിച്ചിരുന്നോ…?

അത് എനിക്ക് ‘ഈട’യില്‍ കിട്ടിയിട്ടുണ്ട്. അതിനാല്‍ ശീലമായിപ്പോയി. അത്‌കൊണ്ട് തന്നെ വന്നാലും കുഴപ്പമില്ല എന്ന് വിചാരിച്ചിരുന്നു. പൊളിറ്റിക്‌സില്‍ തന്നെ രണ്ട് വിഭാഗമുണ്ട്. എല്ലാവര്‍ക്കും അവരവരുടെതായ രാഷ്ട്രീയമുണ്ട്. എല്ലാവരും ഒരു കാര്യം ശരിയാണെന്നു പറയില്ലല്ലോ. അതില്‍ നെഗറ്റീവായിട്ടും പോസറ്റീവായിട്ടുമുള്ള കുറേ അഭിപ്രായങ്ങള്‍ വരും. സിനിമ അത്രയ്ക്കും ഇഷ്ടപ്പെട്ടാണ് അല്ലെങ്കില്‍ ഉള്‍ക്കൊണ്ടിട്ടാണ് പറയുന്നതെന്ന് വിചാരിച്ചാല്‍ മതി.

 • തുറമുഖം, മാലിക്ക്, സ്റ്റാന്‍ഡ് അപ്പ്…വലിയ പ്രൊജക്ടുകളെ എങ്ങനെ നോക്കിക്കാണുന്നു…?

ഒരുപാട് സന്തോഷമുണ്ട്. സിനിമ ഒരിക്കലും വലുതോ ചെറുതോ ആയിട്ട് തോന്നിയിട്ടില്ല. ‘ചോല’ വളരെ ചെറിയ സിനിമയാണ്. ആ ചെറിയ സിനിമയില്‍ എടുക്കുന്ന അധ്വാനം തന്നെയാണ് വലിയ സിനിമയിലും എടുക്കുന്നത്. എല്ലാ സിനിമകളും നന്നാവണമെന്ന് വിചാരിച്ചിട്ടാണ് ചെയ്യുന്നത്. നമുക്ക് തരുന്ന പണി വൃത്തിക്ക് ചെയ്യുക എന്നതാണ്.

 • ‘ചോല’യില്‍ അഭിനയിക്കുമ്പോള്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ…?

അഭിനയിക്കുമ്പോള്‍ നമുക്കിതൊന്നും ചിന്തിക്കാന്‍ സമയം കാണില്ല. ആ റിയാലിറ്റിയെ കട്ട് ചെയ്തിട്ടാണ് അഭിനയിക്കുന്നത്. ഏറ്റവും വലിയ സന്തോഷം ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് സ്‌റ്റേറ്റ് അവാര്‍ഡ് അടക്കം കുറേ അവാര്‍ഡ് ലഭിച്ചുവെന്നതാണ്. ചെറിയ ടീമായിട്ട് ചെറിയ സിനിമകള്‍ ചെയ്ത് വെനീസ്‌പോലുള്ള വലിയ പ്ലാറ്റ്‌ഫോമില്‍ സ്‌ക്രീന്‍ ചെയ്യപ്പെടുമ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

 • എങ്ങനെയുണ്ടായിരുന്നു വെനീസില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴുണ്ടായ അനുഭവം…?

അവിടെ നിന്ന് സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ സത്യത്തില്‍ എനിക്ക് രോമാഞ്ചമാണ് വന്നത്. സിനിമയിലെത്തിയിട്ട് രണ്ടാം വര്‍ഷമായിട്ടേയുള്ളു. ഈ ചെറിയൊരു കാലയളവില്‍ തന്നെ വെനീസ് വരെ എത്താന്‍ പറ്റിയതില്‍ ഒരുപാട് സന്തോഷമുണ്ടായിരുന്നു. നല്ല പ്രതികരണമായിരുന്നു അവിടെയും ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

 • ഇതുവരെ ലഭിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ തൃപ്തയാണൊ..?

തീര്‍ച്ചയായും. ഓരോ ക്യാരക്ടറുകള്‍ ചെയ്യുമ്പോഴും തൃപ്തി തോന്നാറുണ്ട്. അത്‌കൊണ്ടല്ലെ സിനിമകള്‍ എടുക്കുന്നതും ചെയ്യുന്നതും..!

 • സ്വപ്‌ന തുല്ല്യമായ ക്യാരക്ടര്‍…?

‘ഗോണ്‍ ഗേള്‍’ എന്ന ഹോളിവുഡ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയ സ്ത്രീ ഒരു ‘സൈക്കോ’ ആയിരുന്നു. ‘സൈക്കോ’ അല്ലെങ്കില്‍ ‘സീരിയല്‍ കില്ലര്‍’ പോലുള്ള കഥാപാത്രങ്ങള്‍ എനിക്ക് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. സ്ത്രീകളെവെച്ച് ആരും അങ്ങനെയുള്ള നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങള്‍ ചെയ്യാറില്ല. ഒന്നില്‍തന്നെ കുറേ ഷെയ്ഡ്‌സുള്ള കഥാപാത്രം വേണം. ‘കില്‍ ബില്‍’, ‘സൈലന്‍സ് ഓഫ് ദി ലാംപ്’, ‘ഗോണ്‍ ഗേള്‍’ ജോണറിലുള്ള സിനിമകളൊക്കെ എനിക്കിഷ്ടമാണ്… ഈ സിനിമകളൊക്കെ കണ്ടപ്പോള്‍ എനിക്ക് തോന്നിയിരുന്നു ഇത്തരം ക്യാരക്ടറുകള്‍ എന്താണ് ഇവിടെ ചെയ്യാനാവാത്തതെന്ന്.

 • മാലിക്കിന്റെ വിശേഷങ്ങള്‍…?

എനിക്ക് ഫഹദിക്കയെ ഭയങ്കര ഇഷ്ടമാണ്. തൊണ്ടിമുതലില്‍ ഇക്ക പെര്‍ഫോം ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിയിരുന്നു പോയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ കരുതി എന്തായാലും എക്‌സ്പീരിയന്‍സായല്ലൊ.അപ്പോള്‍ മാലിക്കില്‍ വരുമ്പോള്‍ ഫഹദിക്കയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ കുഴപ്പമുണ്ടാവില്ലെന്ന്. പക്ഷെ ഇപ്പോഴും ഞാന്‍ ഫഹദിക്കയുടെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ നോക്കി നിന്നിട്ടുണ്ട്. പവര്‍പാക്ക്ഡ് പെര്‍ഫോമന്‍സാണ് പുള്ളിയുടേത്. ഒരു രക്ഷയുമില്ല.

 • മാലിക്കിലെ ക്യാരക്ടര്‍…?

പറയാനൊന്നുമായിട്ടില്ല. പക്ഷെ ഞാന്‍ ചെയ്ത്‌വന്നതില്‍ ഏറ്റവും കൂടുതല്‍ സംതൃപ്തി കിട്ടാന്‍ പോകുന്നൊരു ക്യാരക്ടറായിരിക്കും അത്.

 • അനൗണ്‍സ് ചെയ്ത ചിത്രം…?

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ‘ജിന്ന്’ അനൗണ്‍സ് ചെയ്‌തൊരു ചിത്രമാണ്.

 • ജിന്നിനെകുറിച്ച്…?

ജിന്നില്‍ ഏറ്റവും കൂടുതല്‍ പൊളിക്കാന്‍ പോകുന്നത് സൗബിന്‍ ഇക്കയായിരിക്കും. നല്ലൊരു ക്യാരക്ടറാണ് ഇക്ക ചെയ്യുന്നത്.

 • ഒരു ടീമിന്റെ ഭാഗമായി എന്നു തോന്നുന്നുണ്ടോ. ദിലീഷ് പോത്തന്റെ ടീമിനൊപ്പമാണ് ‘തൊണ്ടിമുതല്‍’ ചെയ്തത്. ഇനി അങ്ങനെ ഏതെങ്കിലും ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ…?

ആ ടീമിന്റെ കൂടെ വര്‍ക്ക് ചെയ്ത് ഒരു എക്‌സ്പീരിയന്‍സ് കിട്ടിയല്ലൊ. ഇനി ചെയ്യാത്ത ഡയറക്ടേഴ്‌സിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹം. ഗീതു ചേച്ചിയുടെ (ഗീതു മോഹന്‍ദാസ്) കൂടെ വര്‍ക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്. ഗീതു ചേച്ചി ആക്ടേര്‍സിനെ മോള്‍ഡ് ചെയ്ത് എടുക്കുന്ന രീതി അടിപൊളിയാണ്. ആ ഒരു ശൈലിയില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം.

 • നഷ്ടപ്പെടുത്തി എന്ന് തോന്നിയ കഥാപാത്രം…?

എനിക്ക് കഥാപാത്രം ഇഷ്ടമാവാത്തത്‌കൊണ്ടല്ലേ ഞാന്‍ ചെയ്യില്ലെന്നു പറഞ്ഞത്..! ആര് ചെയ്ത്‌വെച്ചാലും എനിക്കതിനോട് ഇഷ്ടം തോന്നില്ല. എനിക്കങ്ങനെ തിരക്കുകളൊന്നും വന്നിട്ടില്ല. ബാക് ടു ബാക് സിനിമകളൊന്നുമില്ലായിരുന്നു എനിക്ക്. ഞാനിപ്പോള്‍ അഞ്ച് സിനിമകള്‍ ചെയ്തിട്ടുള്ളു. അത്‌കൊണ്ട് ഇതുവരെ ക്യാരക്ടേര്‍സ് കൈവിട്ട് പോയിട്ടില്ല.

 • നിമിഷ ഒരു വോളിബോള്‍ പ്ലെയറാണ്. സ്വപ്‌ന കഥാപാത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സ്‌പോര്‍ട്‌സ് ഡ്രാമ പറഞ്ഞില്ല. എന്ത്‌കൊണ്ട്…?

സ്‌പോര്‍ട്‌സ് എനിക്കിഷ്ടമുള്ളത് കൊണ്ട് ഞാനതില്‍ ജീവിച്ചുകഴിഞ്ഞു. എന്റെ സ്‌ക്കൂള്‍,കോളേജ് ലൈഫില്‍ ഞാന്‍ വളരെയധികം ആസ്വദിച്ചൊരു കാര്യമായിരുന്നു സ്‌പോര്‍ട്‌സ്. അതിന്റെ വ്യാപ്തി എന്താണെന്ന് ഞാന്‍ അനുഭവിച്ച് കഴിഞ്ഞതാണ്. പക്ഷെ ഒരു സീരിയല്‍ കില്ലറായി എത്തുമ്പോഴുള്ള അനുഭവം എനിക്ക് കിട്ടിയിട്ടില്ല. കുറച്ച്കൂടെ പെര്‍ഫോമന്‍സ് ഓറിയന്റഡായിരിക്കും ഈ കഥാപാത്രം.