ഇത് സ്‌പെഷ്യല്‍ ചമയം: എന്‍.ജി റോഷന്‍

https://youtu.be/HB6XEVCOSI8

മുഖ സൗന്ദര്യമൊരുക്കുന്നത് മാത്രമല്ല ചമയമെന്ന് ഓര്‍മ്മപ്പെടുത്തി മലയാള സിനിമയിലെ മേക്കപ്പില്‍ പുതു അധ്യായം എഴുതിച്ചേര്‍ത്ത കലാകാരനാണ് എന്‍.ജി റോഷന്‍. ഇതിനകം മേക്കപ്പിന് രണ്ട് സംസ്ഥാന പുരസ്‌ക്കാരങ്ങളും രാജ്യാന്തര പുരസ്‌ക്കാരങ്ങളുമെല്ലാം നേടിക്കഴിഞ്ഞു ഈ കോഴിക്കോട് ബാലുശ്ശേരി സ്വദേശിക്കാരന്‍. മായാമോഹിനിയില്‍ ദിലീപിനെ മോഹിനിയാക്കി, മമ്മൂട്ടിയെ പഴശ്ശിരാജയാക്കി, ദിലീപിനെ കമ്മാരനാക്കി, മോഹന്‍ലാലിനെ ഒടിയന്‍ മാണിക്യനാക്കി റോഷന്‍ യാത്ര തുടരുകയാണ്. ജോസഫിലെ ജോജുവിന്റെ മെയ്ക്ക് ഓവര്‍, പരസ്യത്തിലെ തടിച്ച ഫഹദ്, എല്ലാം മേക്കപ്പിലെ റോഷന്‍ ടച്ചാണ്.

മലയാളത്തിന് അത്ര പരിചിതമല്ലാത്ത സ്‌പെഷ്യല്‍ ഇഫക്റ്റ് മെയ്ക്കപ്പ്, പ്രോസ്‌തെറ്റിക്ക് മെയ്ക്കപ്പ് എന്നിവ വിദേശത്തു നിന്നും പഠിച്ചെത്തിയ റോഷന്‍ അന്യഭാഷാ സിനിമകളിലെ അനുഭവകരുത്തുമായാണ് മലയാളചലച്ചിത്ര രംഗത്ത് ചുവടുറപ്പിച്ചത്. മുറിഞ്ഞ അവയവങ്ങള്‍, താരങ്ങളുടെ ഒറിജിനലിനെ വെല്ലുന്ന മാസ്‌ക്കുകള്‍ അങ്ങിനെ പരീക്ഷണങ്ങളിലാണ് റോഷന്‍. പഴശ്ശിരാജയുടെ മേയ്ക്കപ്പ്മാനായി മലയാളത്തിലേക്കെത്തിയ റോഷന്‍ കമല്‍ഹാസന്റെ വിശ്വരൂപത്തിലൂടെയും വിജയ്‌യുടെ പുലിയിലൂടെയും കാര്‍ത്തി നായകനായ കാശ്‌മോരയിലൂടെയും തമിഴിലും തിളങ്ങി. ഇന്‍ ദ നെയിം ഓഫ് ബുദ്ധ, ഇലക്ട്ര, എസ്ര, കമ്മട്ടിപ്പാടം, ഗീതാഞ്ജലി, ഒറീസ, ചൈനാ ടൗണ്‍, ത്രില്ലര്‍, 101 വെഡ്ഡിംഗ്‌സ്, മെമ്മറീസ്, ഇവര്‍ മേഘരൂപന്‍, സൗണ്ട് തോമ, ആമി, ദൃശ്യം തുടങ്ങി റോഷന്‍ ചമയം ചെയ്ത ചിത്രങ്ങള്‍ നിരവധിയാണ്. മേക്കപ്പിനൊപ്പം നിരവധി സിനിമകളിലും വേഷമിട്ട റോഷന്‍ സെല്ലുലോയ്ഡുമായി തന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു…

  • ബാലുശ്ശേരിപോലൊരു നാട്ടിന്‍പുറത്ത്‌നിന്ന് മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ്. എങ്ങനെയാണ് ഈ യാത്രയെ കാണുന്നത്.

പ്രതീക്ഷിച്ചതിനുമപ്പുറത്താണ് ഞാനിപ്പോള്‍. ഇങ്ങനെയാവണമെന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ ഒരുപാട് സുഹൃത്തുക്കളും വെല്‍വിഷേഴ്‌സായിട്ടുള്ള ആള്‍ക്കാരുടെയുമെല്ലാം സഹായത്തോടെയാണ് ഇവിടെവരെ എത്തിചേര്‍ന്നത്്. സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലായിരുന്നു പഠിച്ചത്. അതിന് ശേഷം ആക്ടിംഗ് ആണ് ആദ്യം ചെയ്തത്. ശേഷം പി.ജിയില്‍ മേക്കപ്പ് സ്‌പെഷ്യല്‍ എഫക്ട്‌സ് ആന്‍ഡ് പ്രോസ്‌തെറ്റിക്‌സ് ചെയ്തു.

  • സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലേക്കുള്ള വഴി എങ്ങനെയായിരുന്നു…

ഞാന്‍ സ്‌ക്കൂൡും കോളേജിലും നാടകങ്ങള്‍ ചെയ്തിരുന്നു. മലബാര്‍ മഹോത്സവം എന്ന പേരില്‍ സോംഗ് ആന്‍ഡ് ഡ്രാമ ഡിവിഷന്റെ ഒരു പ്രോഗ്രാം കോഴിക്കോട് ഉണ്ടായിരുന്നു. ആ പരിപാടിയില്‍ തിക്കോടിയന്‍ സാര്‍ എഴുതിയ സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന നാടകത്തില്‍ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് പോയതാണ്. സോംഗ് ആന്‍ഡ് ഡ്രാമ ഡിവിഷനില്‍ അവര്‍ക്ക് അവരുടെതായ ആര്‍ട്ടിസ്റ്റുകളുണ്ട്. പക്ഷെ എക്‌സ്ട്രാ ആളുകള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ പോയതാണ്. അപ്പോള്‍ ഞാന്‍ കോളേജില്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന സമയമാണ്. അങ്ങനെ ആക്ടിംഗിന് പോയപ്പോഴാണ് സ്‌ക്കൂള്‍ ഓഫ് ഡ്രാമ എന്നു പറയുന്ന ഒരു സ്ഥാപനമുണ്ടെന്നും അവിടെ ആക്ടിംഗും തിയേറ്ററുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിപ്പിക്കുന്നുണ്ടെന്ന് അറിയുന്നത്. അങ്ങനെയാണ് സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്.

  • നാടക കാലത്തെക്കുറിച്ച്…

അന്നൊരുപാട് മത്സരനാടകങ്ങള്‍ കൂടുതലുള്ള സമയമായിരുന്നു. ഇപ്പോഴും സുഹൃത്തായിട്ടുള്ള ഹരിയേട്ടന്‍, വര്‍മ്മ മാഷ്, ബാലന്‍ മാഷ് തുടങ്ങി ഒരുപാട് ആള്‍ക്കാരുണ്ട്. അവരുടെ കൂടെയാണ് നാടകം ചെയ്ത്‌കൊണ്ടിരുന്നത്. സ്‌കൂള്‍ ഓഫ് ഡ്രാമ കഴിഞ്ഞതിന് ശേഷം കെ.ടി മുഹമ്മദ് സാറിന്റെ ഗ്രൂപ്പില്‍ കുറച്ച്കാലം വര്‍ക്ക് ചെയ്തു. ശേഷം ഞാന്‍ ഡല്‍ഹിയ്ക്ക്‌പോയി. ഇങ്ങനെയാവണമെന്നൊന്നും ആഗ്രഹിച്ചിരുന്നില്ല. ഒരു പാഷനുണ്ടായിരുന്നു.

  • പൊതുവേ പറയാറുണ്ട് ഇവിടെ നില്‍ക്കുന്ന ആളുകളുടെ മൂല്യം പുറത്ത്‌പോയി വന്നാലാണ് തിരിച്ച്കിട്ടുക എന്നത്. അങ്ങനെ തോന്നുന്നുണ്ടോ?.

ശരിയായിരിക്കും. ഞാന്‍ അങ്ങനെ ചാന്‍സ് അന്വേഷിച്ച് പോയിട്ടില്ല. പക്ഷെ സ്‌ക്കൂള്‍ ഓഫ് ഡ്രാമ കഴിഞ്ഞ സമയത്ത് ഞാന്‍ ഒരു സിനിമാ സംവിധായകനെ കാണാന്‍ പോയിരുന്നു. പിന്നീടങ്ങനെ പോയിട്ടുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍പോയി അവിടെ നിന്ന് കുറേ വര്‍ക്കുകള്‍ കഴിഞ്ഞതിന് ശേഷം എനിക്ക് പഴശ്ശിരാജ എന്ന സിനിമ ചെയ്യാന്‍ വേണ്ടി ഹരിഹരന്‍ സാറിന്റെ കോള്‍ വന്നു. പുറത്തായിരിക്കുമ്പോള്‍ തിയേറ്ററിലൊക്കെ നമുക്ക് അവസരങ്ങള്‍ ധാരാളമുണ്ട്. ഇവിടെയാകുമ്പോള്‍ തിയേറ്റര്‍, നാടകമെന്നൊക്കെ പറയുമ്പോള്‍ അതൊരു പ്രൊഫഷണായിട്ടല്ല.

  • പഴശ്ശിരാജയ്ക്ക് മുന്നേ ചെയ്ത വര്‍ക്കുകള്‍?

സൗഹൃദത്തില്‍പ്പെട്ട ആളുകളുമായിട്ടാണ് മുന്‍പ് ചെയ്തിരുന്നത്. ഇന്‍ ദി നെയിം ഓഫ് ബുദ്ധയാണ് ആദ്യമായിട്ട് ഇന്‍ഡിപെന്റന്റായിട്ട് ചെയ്തത്. മൂന്ന് തവണ നാഷണല്‍ അവാര്‍ഡ് ലഭിച്ച രാജേഷ് ടച്ച് റിവറും ഞാനും ലണ്ടനില്‍ ഒരുമിച്ചായിരുന്നു താമസിച്ചത്. അവിടെവെച്ചുണ്ടായൊരു പ്രോജക്ടാണത്.

  • നമ്മുടെ മേക്കപ്പിന് പരിമിതമായൊരു സൗന്ദര്യ കാഴ്ച്ചപ്പാടുണ്ട്. പുറത്ത്‌പോയി പഠിക്കാനുള്ള കാരണമെന്തായിരുന്നു?

ശരിക്കും പറഞ്ഞാല്‍ അതൊരു തമാശയാണ്. സാധാരണയായിട്ട് തിയേറ്ററില്‍ ലൈറ്റ് ചെയ്യുന്ന ആള്‍ക്കാരുണ്ടാവും സെറ്റ് ഡിസൈനേര്‍സ്, ഡയറക്ടേര്‍സ് എല്ലാം ഉണ്ടാവും. പക്ഷെ തിയേറ്ററില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഉണ്ടാവാറില്ല. എന്റെയൊരു ഫ്രണ്ട് ഇന്ത്യയില്‍ അറിയപ്പെടുന്ന ആര്‍ട്ട് ഡയറക്ടര്‍, ക്യാമറാമാന്‍, എഡിറ്റേര്‍സ് അങ്ങനെ ഓരോ വിഭാഗത്തെയും കുറിച്ച് ഒരിക്കല്‍ എന്നോട് ചോദിച്ചു. ഒടുവില്‍ ഇന്ത്യയില്‍ അറിയപ്പെടുന്ന മേക്കപ്പ്മാന്‍ ആരാണെന്നു ചോദിച്ചു. എനിക്ക് ഉത്തരം അറിയില്ലായിരുന്നു. അപ്പോള്‍ അവനാണ് പറഞ്ഞത് ഇതൊരു സാധ്യതയാണെന്ന്്. ഇവിടെ ഏതൊരു സിനിമയിലും മേക്കപ്പിന്റെ വലിയൊരു ഏരിയ വരുമ്പോഴെല്ലാം അവര്‍ സമീപിക്കുന്നത് പുറത്തുള്ള ആളെയാണ്. ഒരിക്കലും ഇന്ത്യയിലുള്ള ആളെ സമീപിക്കില്ല. ചെറുപ്പത്തില്‍ എന്റെ ഒരു ഹോബിയായിരുന്നു പെയിന്റിംഗും ശില്‍പ്പമുണ്ടാക്കലുമെല്ലാം. ആ ഹോബി പ്രൊഫഷനായി എടുത്താല്‍ ഞാന്‍ ഹാപ്പിയാവും. അങ്ങനെയാണ് ബ്രിട്ടീഷ് കൗണ്‍സിലിന്റെ ചാള്‍സ് വാലാസ് ഇന്ത്യാസ് ട്രസ്റ്റ് എന്നൊരു അവാര്‍ഡില്‍ അപേക്ഷിക്കുന്നത്. അവരുടെ അടുത്ത് സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇതാണ്. മേക്കപ്പിന് എന്താണ് ഇത്ര വലിയ കാര്യം, അതില്‍ ഫാഷന്‍ അല്ലെങ്കില്‍ ബ്രൈഡല്‍ മേക്കപ്പൊക്കെയല്ലെ സാധ്യത എന്ന്. ആ സമയത്ത് ഒരു കഥാപാത്രത്തെ ഡിസൈന്‍ ചെയ്യുക അല്ലെങ്കില്‍ അതിനെ അങ്ങനെ ചെയ്‌തെടുക്കുക എന്നത് അത്ര അങ്ങോട്ട് പോപ്പുലറായിരുന്നില്ല. ഞാന്‍ അതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ അവരെനിക്ക് ആ സ്‌കോളര്‍ഷിപ്പ് തന്നു. അങ്ങനെയാണ് പുറത്ത് പോയി പഠിക്കാന്‍ പറ്റിയത്.

  • കാഴ്ച്ചപ്പാടുകളെ പുതുക്കി പണിയാന്‍ പുറത്തെ പഠനം സഹായിച്ചോ?

എന്ത്‌കൊണ്ട് ലണ്ടനില്‍ പഠിക്കാന്‍ പോകണം..ഇവിടെ പഠിച്ചാല്‍ പോരെ? എന്ന് ഇന്‍ര്‍വ്യൂവില്‍ ചോദിച്ചിട്ടുള്ള ഒരു ചോദ്യം കൂടിയായിരുന്നു. എഡ്യുക്കേഷനില്‍ ബ്രിട്ടീഷ് എഡ്യുക്കേഷനാണ് ഏറ്റവും ബെസ്റ്റ് എന്നായിരുന്നു എനിക്ക് തോന്നിയത്. ഭയങ്കര പ്രൊഫഷണലായിട്ടാണ് അവരെല്ലാം പഠിപ്പിക്കുന്നത്. ഒരു കാര്യം ചെയ്യുമ്പോള്‍ അതിനെ ആത്മാര്‍ത്ഥതയോട്കൂടി തന്നെ സമീപിക്കണം. ഈ കാര്യങ്ങളിലെല്ലാം ആ കോഴ്‌സ് എനിക്ക് ഇപ്പോഴും സഹായകരമാവുന്നുണ്ട്.

  • ചെയ്ത വര്‍ക്കില്‍ സംതൃപ്തി തോന്നിയ നിമിഷങ്ങള്‍..

മൂന്ന് വര്‍ഷത്തോളം ആക്ടിംഗ് കോഴ്‌സ് ചെയ്തിട്ടാണ് മേക്കപ്പിലേക്ക് കടക്കുന്നത്. ഞാന്‍ ഡീല്‍ ചെയ്യുന്നത് ആക്ടേഴ്‌സുമായാണ്. ആ സമയത്തുള്ള ആക്ടേഴ്‌സിന്റെ സൈക്കോളജി ആ ട്രെയിനിംഗ് കൊണ്ട് എനിക്ക് മനസ്സിലാക്കാന്‍ പറ്റിയിട്ടുണ്ട്. അതെനിക്ക് പ്രൊഫഷണലി ഒരു ഗുണമാണ്. ആദ്യം തന്നെ ഞാന്‍ സ്‌ക്രിപ്റ്റ് വായിക്കും. എന്നിട്ട് ആക്ടറുടെ ഭാഗത്ത് നിന്നിട്ടാണ് ഞാന്‍ കഥാപാത്രങ്ങളെ കാണുന്നത്. പിന്നീട് പല തവണ ആ ക്യാരക്ടര്‍ വരച്ച് നോക്കും. മായാമോഹിനി ചെയ്യുമ്പോള്‍ ദിലീപേട്ടന്‍ എന്നോട് തമാശയ്ക്ക് ചോദിക്കാറുണ്ട് നിനക്ക് കളിക്കാന്‍ ഒരു മുഖം കിട്ടിയില്ലേ എന്ന്. കാരണം എനിക്കിഷ്ടപ്പെട്ടതാണ് രൂപം മാറ്റുക എന്നത്. ദിലീപേട്ടനും അത് ഇഷ്ടമാണ്. ദിലീപേട്ടന്റെ കൂടെ ചെയ്യുന്ന സമയത്ത് ആദ്യം വരച്ച് നോക്കും എന്നിട്ടത് ട്രൈ ചെയ്ത്‌നോക്കും. കമ്മാരസംഭവമൊക്കെ ചെയ്യാന്‍ പറ്റിയതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്.

  • സംസ്ഥാന പുരസ്‌കാരം നേടിയ മായാമോഹിനിയിലെ എക്‌സ്പീരിയന്‍സ്..

മായാമോഹിനിയില്‍ വെല്ലുവിളിയായിട്ടുള്ള കാര്യം ദിലീപേട്ടന്‍ എന്ന വ്യക്തിയെ എല്ലാവര്‍ക്കും അറിയാമെന്നുള്ളതാണ്. അപ്പോള്‍ ദിലീപേട്ടന്‍ അഭിനയിക്കുന്ന സിനിമയില്‍ ദിലീപേട്ടനെ തിരിച്ചറിയണം. എന്നാലല്ലേ അതിന് മാര്‍ക്കറ്റുള്ളൂ. അദ്ദേഹമല്ലാതായിക്കഴിഞ്ഞാല്‍ അതിന് മാര്‍ക്കറ്റില്ല. ഒരു സ്ത്രീയായിട്ടാണ് അദ്ദേഹം ആ സിനിമയില്‍ അഭിനയിക്കുന്നത്. ഫെമിനൈന്‍ ആയിട്ടുള്ള കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി മാന്‍ലി ആയിട്ടുള്ള കാര്യങ്ങള്‍ ഹൈഡ് ചെയ്യുക. പെണ്ണായിരിക്കും, പക്ഷെ അതില്‍ ദിലീപ് എന്ന നടനെ എവിടെയൊക്കെയൊ നമുക്ക് കാണാന്‍ പറ്റും. അപ്പോഴെ അതിന് കൊമേര്‍ഷ്യല്‍ വാല്യു നില്‍ക്കുകയുള്ളു. അതാണ് ഞാന്‍ ആ ചിത്രത്തില്‍ ശ്രമിച്ച്‌കൊണ്ടിരുന്നത്.

  • നവല്‍ എന്ന ജ്വുവലിലൂടെ വീണ്ടും പുരസ്‌ക്കാരം. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്..

മായാമോഹിനിയില്‍ ദിലീപേട്ടനെ പെണ്ണാക്കിമാറ്റി. ഈ ചിത്രത്തില്‍ ശ്വേതാ മേനോനെ ആണാക്കി മാറ്റി. കുറഞ്ഞ ബഡ്ജറ്റില്‍ ചെയ്‌തൊരു ചിത്രമായിരുന്നു അത്. ശ്വേതാ മേനോനെ അവസാന സമയത്തെ സ്ത്രീയായി കാണുന്നുള്ളു. മറ്റ് സമയങ്ങളില്‍ ചാച്ച എന്ന പേരില്‍ ഒരു അറുപത്തഞ്ച് വയസ്സുള്ള ആണ്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കാണുന്നത്. ഇൗ ചിത്രത്തില്‍ ശ്വേതാ മേനോനെ തിരിച്ചറിയാനേ പാടില്ലായിരുന്നു.

  • ജോസഫിലെ എക്‌സ്പീരിയന്‍സ്..

.ജോസഫും വളരെ ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിച്ചൊരു സിനിമയാണ്. ആ സിനിമയുടെ മറ്റ് പ്രശ്‌നങ്ങളൊന്നും നമ്മളെ ബാധിച്ചിരുന്നില്ല. സിനിമ ചെയ്തത് വളരെ സൗഹൃദത്തിലായിരുന്നു. ആ ഒരു ലുക്കിലൂടെ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റി, മേക്കപ്പിന്റെ പോസിബിലിറ്റി ആ രീതിയിലൂടെ ഉണ്ടായി എന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്.

  • ആര്‍ട്ടിസ്റ്റിനെ തിരിച്ചറിയപ്പെടുന്നതിനൊപ്പം സ്‌പെഷ്യല്‍ എഫക്ടിന്റെ എല്ലാ ഗുണങ്ങളും ആ ക്യാരക്ടറില്‍ വരുന്നു. ഇതൊരു ന്യൂനതയാണെന്നു തോന്നുന്നുണ്ടോ..

ഇല്ല. അങ്ങനെയാണെങ്കില്‍ ആ ലുക്കിനനുസരിച്ചുള്ള ആരെയെങ്കിലും അഭിനയിപ്പിച്ചാല്‍പ്പോരേ..പക്ഷെ ഒരു ആക്ടര്‍ തന്നെ അത് ചെയ്യുമ്പോള്‍ ആ ആക്ടറിന് ടാലന്റുണ്ടാവും അതേ സമയം അവര്‍ക്കൊരു ഫേസ് വാല്യുവും ഉണ്ടാവും. എപ്പോഴും ഹൈഡ് ചെയ്യാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്.

  • കമല്‍ഹാസനൊപ്പം വിശ്വരൂപം ചെയ്തതിന്റെ എക്‌സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു..

കമല്‍ സാറിന്റെ ചിത്രം ചെയ്യാന്‍ രാജ് കമല്‍ ഫിലിംസില്‍ നിന്ന് ഫോണ്‍ വന്നത് സത്യത്തില്‍ വിശ്വസിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എന്റെ ജീവിതത്തില്‍ ഉണ്ടായ വലിയൊരു എക്‌സ്പീരിയന്‍സായിരുന്നു അത്. കമല്‍ഹാസന്‍ സാറിന് സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചും കൃത്യമായിട്ട് അറിയാം. ഞങ്ങള്‍ മേക്കപ്പുമായി ബന്ധപ്പെട്ട് രാത്രിയൊക്കെ തയ്യാറാക്കുന്ന സമയത്ത് അദ്ദേഹം വന്ന് ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമായിരുന്നു. ഓരോ കാര്യം ചെയ്യാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് സാറിന് അറിയാം. വളരെ കൃത്യമായിട്ട് അതിന് സമയം തരുമായിരുന്നു. കൂടാതെ ഏറ്റവും അഡ്വാന്‍സായിട്ടുള്ള കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കും. മാത്രമല്ല നമ്മള്‍ ഉപയോഗിക്കുന്ന മെറ്റീരിയലിനെക്കുറിച്ചെല്ലാം അദ്ദേഹത്തിന് നല്ലപോലെ അറിവുണ്ട്. അങ്ങനെയുള്ള ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്കും വര്‍ക്കിനോടൊക്കെ ഭയങ്കര ഇഷ്ടം തോന്നും.

  • ഇത് പോലെ മനസ്സില്‍ നില്‍ക്കുന്ന പുറത്ത് ചെയ്ത വര്‍ക്കുകള്‍..

തമിഴില്‍ കാര്‍ത്തിയുടെ കൂടെ ഞാന്‍ കാശ്‌മോര ചെയ്തിരുന്നു. ആ ചിത്രത്തിലൂടെ എനിക്ക് ആനന്ദവികടന്‍ എന്നൊരു അവാര്‍ഡ് ലഭിച്ചു. നാല് ഗെറ്റപ്പുകള്‍ ആ ചിത്രത്തില്‍ ചെയ്യാനുണ്ടായിരുന്നു. പിന്നെ വിജയ്‌യുടെ കൂടെ പുലി ചെയ്തു. ഇപ്പോള്‍ വിജയ് സേതുപതിയുടെ ഒരു ചിത്രമാണ് ഞാന്‍ ചെയ്യുന്നത്. പിന്നെ കന്നടയില്‍ വിജയ് രാഘവേന്ദ്രയുടെ മാല്‍ഗുഡി ഡെയ്‌സ് എന്ന ചിത്രം ചെയ്തു. വിജയ് രാഘവേന്ദ്ര സാര്‍ ആ ചിത്രത്തില്‍ എണ്‍പത്തഞ്ച് വയസ്സായിട്ടുള്ള ഒരു കഥാപാത്രമായും ഇരുപത്തി മൂന്ന് വയസ്സ് ഉള്ള കഥാപാത്രമായും എത്തുന്നു. സത്യത്തിലുളള പ്രായം നാല്‍പ്പത്തഞ്ച് വയസ്സാണ്. പക്ഷെ അത് സിനിമയിലില്ല. ശരിക്കും വളരെ ആസ്വദിച്ചു ആ ചിത്രം.

  • ദിലീപിന്റെ കൂടെ എത്ര സിനിമകള്‍ ചെയ്തു.

കുറേ സിനിമകള്‍ ചെയ്തു. ഏറ്റവും കൂടുതല്‍ തവണ സിനിമ ചെയ്തതും ദിലീപേട്ടനൊപ്പമാണ്. ഏറ്റവും കൂടുതല്‍ സ്‌പെഷ്യല്‍ എഫക്ട്‌സും കാര്യങ്ങളും ചെയ്തിട്ടുള്ളത് ദിലീപേട്ടന്റെ ചിത്രത്തിലാണ്. സൗണ്ട് തോമ, മായാമോഹിനി, കമ്മാര സംഭവം, പ്രൊഫസര്‍ ഡിങ്കന്‍ തുടങ്ങിയവ. ഡിങ്കനില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് എത്തുന്നത്.

  • ഒടിയനെക്കുറിച്ച്..

ഒടിയനില്‍ പ്രധാനമായും പ്രായത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്റെ വര്‍ക്കുകള്‍. രണ്ട് കാലഘട്ടമാണ്. 20 വര്‍ഷത്തെ വ്യത്യാസം. ലാല്‍സാര്‍, സിദ്ധിഖ്, മഞ്ജുവാര്യരെല്ലാം രണ്ട് കാലഘട്ടത്തിലാണ് ഉള്ളത്. നല്ല എക്‌സ്പീരിയന്‍സായിരുന്നു കുറച്ച് സമയമെടുത്തു എന്നേ ഉള്ളു.

  • ഇപ്പോള്‍ മമ്മൂക്കയ്‌ക്കൊപ്പം മാമാങ്കം ചെയ്യുന്നു എന്തൊക്കെയാണ് വിശേഷങ്ങള്‍…

ഒരുപാട് സൂക്ഷ്മതലങ്ങള്‍ ഉള്ള ചിത്രമാണ് മാമാങ്കം. പതിനാറാം നൂറ്റാണ്ടിലുള്ള കഥ. ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് വരുകയാണെങ്കില്‍പ്പോലും അവര്‍ക്ക് ആ സമയത്തെ ഹെയര്‍സ്‌റ്റൈലും കാര്യങ്ങളുമൊക്കെ ചെയ്യണം. ഒരുപാട് ക്യാരക്ടേഴ്‌സുമുണ്ട്. മമ്മൂക്കയ്ക്ക് തന്നെ ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകള്‍ ഉണ്ട്. ഒരു ബിഗ് കാന്‍വാസില്‍ നടക്കുന്നൊരു സിനിമയാണ് മാമാങ്കം.

  • ഇങ്ങനെയൊരു കാലഘട്ടത്തെ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ പഠനവും മറ്റു കാര്യങ്ങളുമൊക്കെ ഉണ്ടോ..

തീര്‍ച്ചയായിട്ടു. റഫറന്‍സൊക്കെ എടുക്കും. പിന്നെ ആ സമയത്ത് വായിച്ച് അറിവുള്ള കാര്യങ്ങളും ഫോട്ടോസുമെല്ലാം ശ്രദ്ധിക്കും. ലുക്കില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ റഫറന്‍സ് ആവശ്യമാണല്ലൊ. ഒരു ചരിത്ര സിനിമയില്‍ സാധാരണഗതിയില്‍ എല്ലാ ആള്‍ക്കാരും ഒരുപോലെയാണ്. അത് ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഇപ്പോഴുള്ള രണ്ട് സൈഡും ഷേവ് ചെയ്ത് നടുക്ക് മാത്രം തലയില്‍ മുടിവെച്ച് നടക്കുന്ന രീതിയൊക്കെ പതിനാറാം നൂറ്റാണ്ടിലുണ്ടായിരുന്നു. അല്ലാതെ ഇപ്പോള്‍ നോര്‍മ്മലായിട്ട് നടക്കുന്നവരെയും കാണാം..ഫാഷന്‍ എപ്പോഴും ഇന്റര്‍ലിങ്ക്ഡാണ്. സിനിമയില്‍ കഥാപാത്രങ്ങളെ ഡിപെന്‍ഡ് ചെയ്തിട്ടാവണം അവരുടെ ലുക്ക് വേണ്ടത്. ആ ഒരു കാര്യം ഞാന്‍ ചരിത്ര സിനിമകള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാറുണ്ട്.

  • മാസ്‌ക്,ഡമ്മിപോലുള്ള കാര്യങ്ങള്‍ ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കാറുള്ളത്.

ഇപ്പോള്‍ സിലിക്കോണ്‍ മാസ്‌ക്ക് മലയാള സിനിമയില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ശരിക്കും അത് യന്തിരന്‍പോലുള്ള സിനിമകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഒരു ആക്ടര്‍ക്ക് ഫിസിക്കല്‍ റിസ്‌ക്ക് എടുക്കേണ്ട ഷോട്ടുകള്‍ വരുകയാണെങ്കിലാണ് സിലിക്കോണ്‍ മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നത്. ഈ മാസ്‌ക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ഇന്ന ആള്‍ തന്നെ അഭിനയിക്കണമെന്നില്ല. ബോഡി സ്‌കാന്‍ ചെയ്ത് മറ്റൊരാള്‍ക്ക് അഭിനയിക്കാം. ഇവിടെ ഇപ്പോഴാണ് ഉപയോഗിച്ച് തുടങ്ങിയത്. ഒരുപാട് സെലിബ്രിറ്റികളുടെ മുഖം എനിക്ക് ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. പത്തുപതിനഞ്ച് ദിവസമെടുക്കും ഒരു മാസ്‌ക്ക് ചെയ്യാന്‍. കാരണം സ്‌കിന്നിനെക്കുറിച്ച് വിശദവിവരങ്ങള്‍ വേണം, അളവ് എടുക്കാന്‍ ആക്ടേഴ്‌സിന്റെ സഹകരണം വേണം. രണ്ടുമൂന്ന് മണിക്കൂര്‍ ആക്ടേഴ്‌സിനെ ഇരുത്തിക്കൊണ്ട് വേണം ചെയ്യാന്‍. ആര്‍ട്ടിഫിഷല്‍ സ്‌കിന്‍ ആണ് സിലിക്കോണ്‍ മാസ്‌ക്. നമുക്കാവശ്യമുള്ളപോലെ ആവശ്യമുള്ള ഷേപ്പില്‍ ചേര്‍ത്ത് കളറുമായി യോജിപ്പിക്കുന്നു. അപ്പോള്‍ അയാളെ കാണുമ്പോള്‍ അത്‌പോലെതന്നെ തോന്നുന്നു. ഫഹദിന് വേണ്ടി പരസ്യത്തില്‍ മാസ്‌ക്ക് ഉപയോഗിച്ചിരുന്നു.

  • ജോസഫിലെ ജോജുവിന്റെ മേക്കപ്പിനെക്കുറിച്ച്..

ജോജുവും പദ്മകുമാറുമൊക്കെയായിട്ടും സംസാരിച്ചാണ് അങ്ങനെയൊരു ക്യാരക്ടര്‍ ഉണ്ടാക്കുന്നത്. പ്രായം വേണം, പിന്നെ മദ്യപിക്കും അപ്പോള്‍ മുഖം നീരു വന്നു വീങ്ങിയപ്പോലെ ഇരിക്കണം. പിന്നെ അയാള്‍ക്ക് കണ്ണിന് പ്രത്യേകത വേണമെന്നു പറഞ്ഞിരുന്നു. കാരണം അയാളുടെ കാഴ്ച്ചയിലൂടെയാണ് സിനിമ പോകുന്നത്. അയാളുടെ നോട്ടത്തില്‍ എന്തെങ്കിലും ഒരു പ്രത്യേകത വേണം. ജോസഫില്‍ നല്ല കഥയും അനുഭവവുമായിരുന്നു.

  • ഇനി വരാനുള്ള ചിത്രങ്ങള്‍..

മാമാങ്കം നടന്നുകൊണ്ടിരിക്കുകയാണ്. പിന്നെ വിജയ് സേതുപതി സാറിന്റെ ഒരു സിനിമ. കന്നടയില്‍ വിജയ് രാഘവേന്ദ്ര സാറിന്റെ മാല്‍ഗുഡി ഡേയ്‌സ് എന്ന സിനിമ, വിനയന്‍ സാറിന്റെ ആകാശഗംഗ 2

  • അഭിനയം പൂര്‍ണ്ണമായി വിട്ടോ..

തുടങ്ങിയിട്ടേയുള്ളു. ഈലം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കൃഷ്ണയാണ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയതും സംവിധാനം ചെയ്തതും. ഒന്നൊര മണിക്കൂറുള്ളൊരു ചിത്രമാണ് അത്. നല്ലൊരു റോളാണ് ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. ഡബ്ബിംഗെല്ലാം കഴിഞ്ഞു. പിന്നെ ജോസഫില്‍ ഒരു പാട്ടില്‍ അഭിനയിച്ചിരുന്നു. അഭിനയം പഠിച്ചതല്ലേ..മാത്രമല്ല അഭിനയിക്കാന്‍ എനിക്കിഷ്ടവുമാണ് .