താര ദമ്പതികളായ വിഘ്‌നേശ് ശിവനും നടി നയൻതാരയ്ക്കുമെതിരേ സൈബർ ആക്രമണം. പോക്സോ കേസിൽ ലൈംഗികാതിക്രമം ആരോപിക്കപ്പെട്ട കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കു വെച്ചതിനു പിന്നാലെയാണ് ആക്രമണം. തന്റെ പുതിയ ചിത്രമായ ‘ലവ് ഇൻഷുറൻസ് കമ്പനി’ക്കു വേണ്ടി ജാനി മാസ്റ്ററുമായി ഇരുവരും സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വിഷയവുമായി ബന്ധപ്പെട്ട് ഗായിക ചിന്മയി അടക്കമുള്ളവർ വിഘ്നേശിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ‘പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലാണ് ജാനി. കുറ്റവാളികളെ നമ്മൾ സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് അവർക്ക് ആ അധികാരത്തിൽ തുടരാനും അതുവഴി കൂടുതൽ സ്ത്രീകളെ ഉപദ്രവിക്കാൻ കാരണമാകുകയും ചെയ്യുന്നു’ ചിന്മയി എക്സിൽ കുറിച്ചു.
തിങ്കളാഴ്ച ജാനി മാസ്റ്റർ വിഘ്നേശിനൊപ്പമുള്ള വീഡിയോയും ചിത്രവും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് തനിക്ക് നൽകുന്ന കരുതലിനും ബഹുമാനത്തിനും വിശ്വാസത്തിനും നന്ദിയെന്നും, ഒപ്പം പ്രവർത്തിക്കുന്നത് എപ്പോഴും സന്തോഷമാണെന്നും ജാനി കുറിച്ചു. 2024 സെപ്റ്റംബറിലാണ് സഹപ്രവര്‍ത്തക ജാനി മാസ്റ്റര്‍ക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചത്. അസിസ്റ്റന്റ ഡാന്‍സ് കോറിയോഗ്രാഫറായ 21-കാരിയെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു യുവതി. പ്രായപൂര്‍ത്തിയാകുന്നതിനും മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലിലാണ് പോക്‌സോ കേസ് ചുമത്തിയത്.