നവരസ പോസ്റ്ററില്‍ ഖുര്‍ ആന്‍ വാക്യം, നെറ്റ്ഫ്‌ളിക്‌സ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ക്യാമ്പയിൻ

നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രമായ നവരസയ്ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധ ക്യാമ്പയിന്‍. സിനിമയുടെ പത്ര പരസ്യത്തില്‍ ഖുറാനിലെ വാക്യം ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. തമിഴ് ദിനപത്രമായ ഡെയിലി തന്‍തിയിലാണ് ഖുറാനിലെ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം പ്രസിദ്ധീകരിച്ചത്. രതീന്ദ്രന്‍ ആര്‍ പ്രസാദ് സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്തും സിദ്ധാര്‍ഥും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്‍മൈ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഖുറാനിലെ വാക്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ട്വിറ്ററില്‍ ബാന്‍നെറ്റ്ഫ്ലിക്സ് റിമൂവ്‌നവരസപോസ്റ്റര്‍ ക്യാംപെയിന്‍ തുടങ്ങിയിരിക്കുകയാണ്.

ഇത് ഖുറാനെ അപമാനിക്കുന്നതിന് തുല്യമാണെന്നും നെറ്റ്ഫ്ലിക്സിനെതിരെ വേണ്ട നിയമനടപടി സ്വീകരിക്കണമെന്നുമാണ് ട്വിറ്ററില്‍ ക്യാംപെയിന്റെ ഭാഗമായി ഉയരുന്ന ആവശ്യം. മതവികാരത്തെ കുറിച്ച് ഒരു ചിന്തയും ഇല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഖുറാനിലെ വാക്യം പോസ്റ്ററില്‍ നിന്നും നീക്കം ചെയ്ത് ചിത്രം പ്രമോട്ട് ചെയ്യാന്‍ മറ്റ് വഴികള്‍ സ്വീകരിക്കണമെന്നുമാണ് ട്വീറ്റുകള്‍.

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമാണ് നവരസ.ഒന്‍പത് കഥകള്‍ ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

എ ആര്‍ റഹ്‌മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. നവരസയിലെ 9 ചിത്രങ്ങള്‍ ഇവയാണ്. പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’,സംവിധാനം ഗൗതം മേനോന്‍. അഭിനേതാക്കള്‍ സൂര്യ, പ്രയാഗ മാര്‍ട്ടിന്‍. വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’, സംവിധാനം സര്‍ജുന്‍. അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍. രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’, സംവിധാനം അരവിന്ദ് സ്വാമി. അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്. കരുണം ആസ്പദമാക്കി ‘എതിരി’, സംവിധാനം ബിജോയ് നമ്പ്യാര്‍. അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍. ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’ സംവിധാനം പ്രിയദര്‍ശന്‍. അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു. അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്‌നി’. സംവിധാനം കാര്‍ത്തിക് നരേന്‍. അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ. ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’, സംവിധാനം രതിന്ദ്രന്‍ പ്രസാദ്. അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്. ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’ സംവിധാനം കാര്‍ത്തിക് സുബ്ബരാജ്. അഭിനേതാക്കള്‍ ഗൗതം മേനോന്‍, സിംഹ, സനന്ത്. ബീഭത്സം പ്രമേയമാക്കി ‘പായസം’ സംവിധാനം വസന്ത്. അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.