
നടൻ ടിനി ടോമിനെതിരെയുള്ള അൻസിബയുടെ ആരോപണങ്ങൾ ശരിവെച്ച് നടി നീന കുറുപ്പ്. അൻസിബയുടെ ഡിഎൻഎ ശരിയല്ലെന്നും, അൻസിബയെ ജിഹാദിയെന്ന് വിളിച്ചുവെന്നും നീന പറഞ്ഞു. കൂടാതെ ഈ സമിതിയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും, ലക്ഷ്‌മിപ്രിയയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും നീന കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു നീന.
“ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം അൻസിബയ്ക്ക് പെട്ടന്ന് പോകേണ്ടിവന്നു. അന്നാണ് ടിനി ടോം അൻസിബയെക്കുറിച്ച് വളരെ മോശമായി സംസാരിച്ചത്. അൻസിബയുടെ DNA ശരിയല്ലെന്നാണ് പറഞ്ഞത്. അത് കേട്ടവർ ഒരുപാട് പേരുണ്ടായിരുന്നു. ഞാനിത് അൻസിബയെ വിളിച്ച് പറയാൻ പോകുകയാണെന്ന് ഞാനപ്പോൾത്തന്നെ ടിനിയോട് പറഞ്ഞു. ടിനി എന്നെ കാണുന്ന ഒരിടത്തുനിന്നാണ് ഞാൻ അൻസിബയെ ഫോൺ ചെയ്‌തത്. ഇതേ കാര്യം മൂന്ന് നാല് തവണ ആവർത്തിച്ചുപറഞ്ഞപ്പോഴാണ് ഞാൻ അൻസിബയെ ഫോൺ ചെയ്തത്. ഇക്കാര്യം ഞാൻ എവിടെയും പറയും.” നീന കുറുപ്പ് പറഞ്ഞു.
“ടിനിയുടെ ഈ വക ആക്രമണവും സ്ത്രീകളോടുള്ള മനോഭാവവും, പ്രത്യേകിച്ച് എന്നോടും അൻസിബയോടും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനോടും കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരു ദിവസം ഒരു സംഭാഷണം നടക്കുന്നതിനിടെയാണ് ജിഹാദിയെന്ന പരാമർശമുണ്ടായത്. മൂന്നുനാലുപേർ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് ഞാൻ അങ്ങോട്ട് കയറിച്ചെന്നത്. ടിനിയും ലക്ഷ്‌മിപ്രിയയും ഇതേ രീതിയിൽ പലരോടും സംസാരിക്കാറുണ്ട്. ആരും അവരെ പിടിച്ചുനിർത്തിയിട്ടില്ല. അതുകൊണ്ടാണ് ഇതെല്ലാം തുടർന്നത്. പ്രശ്‌നമുണ്ടാക്കുന്നവരെ മാറ്റിനിർത്തണം. അതിനുള്ള ചങ്കൂറ്റമുണ്ടാകണം.
കുറച്ചൊരു ബഹുമാനം ഉള്ളത് പ്രസിഡൻ്റിൻ്റെ അടുത്താണ്. ഈ ഒരു ടീമിനെ വെച്ചിട്ട് മുന്നോട്ടേക്ക് പോകുന്നതിൽ എനിക്ക് അഭിപ്രായമില്ല. അൻസിബ രാജി വെച്ചപ്പോൾ അവിടെ ചിലർ സന്തോഷം പ്രകടിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞു. അടുത്ത സന്തോഷം അവർ പ്രകടിപ്പിക്കുന്നത് ഞാൻ രാജിവെക്കുമ്പോളായിരിക്കും. എനിക്ക് താല്പര്യമില്ലാത്തതുകൊണ്ട് ഞാൻ ഇവിടെ തന്നെ നിൽക്കും.” നീന കുറുപ്പ് കൂട്ടിച്ചേർത്തു,
താരസംഘടനയായ ‘അമ്മ’യിൽ കൂടുതൽ അംഗങ്ങൾ പരസ്യപ്രതികരണവുമായി രംഗത്തുവന്നതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാൻ കാരണം നടൻ ടിനി ടോമും മറ്റും നടത്തിയ അപവാദ പ്രചാരണങ്ങളാണെന്ന അൻസിബ ഹസ്സൻ്റെ ആരോപണത്തിനു പിന്നാലെയാണ് കൂടുതൽപ്പേർ അനുകൂലിച്ചും എതിർത്തും രംഗത്തുവന്നത്. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റമുണ്ടാകണമെന്ന ആവശ്യംവരെ അംഗങ്ങൾ ഉന്നയിച്ചു. ജൂൺ 21-ൻ്റെ വാർഷിക പൊതുയോഗത്തിനുമുൻപ് പ്രശ്‌നങ്ങൾ പരിഹരിക്കാനാണു ശ്രമം.