വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം, ടൊവിനോയുടേയും; നീലവെളിച്ചം പുതിയ പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഇതേ പേരിലുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വൈക്കം മുഹമ്മദ് ബഷീറായെത്തുന്ന ടൊവിനോയുടെ ഫസ്റ്റ്‌ലുക്കാണ് പോസ്റ്ററിലുള്ളത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ 115-ാം ജന്മവാര്‍ഷികദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ടൊവിനോയുടെ പിറന്നാള്‍ ദിവസം കൂടിയാണിത്. ബഷീര്‍ തന്നെ തിരക്കഥ രചിച്ച് 1964 ലില്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവീനിലയം എന്ന മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രവും നീലവെളിച്ചം എന്ന കൃതിയോട് ചേര്‍ന്നുനില്‍ക്കുന്നതായിരുന്നു. റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിലെത്തുന്നത്.

എം എസ് ബാബുരാജ് – പി ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ പിറന്ന അനശ്വരമായ ഗാനങ്ങളുള്ള ചിത്രത്തിലെ ‘അനുരാഗ മധുചഷകം’ എന്ന എസ് ജാനകി ആലപിച്ച ജനപ്രിയ ഗാനത്തിന്റെ പുനരാവിഷ്‌കാരം രണ്ടുദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. കെ.എസ്. ചിത്ര ആലപിച്ച ഗാനത്തിന് വന്‍ വരവേല്പാണ് ലഭിച്ചത്.

1964ലായിരുന്നു നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ തിരക്കഥ എഴുതി ഭാര്‍ഗ്ഗവീനിലയം എന്ന സിനിമ പുറത്തുവന്നത്. എ.വിന്‍സെന്റ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി.ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടോവിനോ തോമസ്, റോഷന്‍ മാത്യൂ, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.