‘മിഖായേലി’ന് ശേഷം നിവിൻ-ഹനീഫ് അദേനി കൂട്ടുകെട്ട്; ‘എൻപി 42’ ആരംഭിച്ചു

‘മിഖായേല്‍’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിന്‍ പോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. നിവിന്‍ പോളിയുടെ കരിയറിലെ 42മത് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുക.

ദുബായ്‌യില്‍ ആണ് നിവിന്‍ പോളി ചിത്രത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമേ ബാലു വര്‍ഗീസ്, ഗണപതി, വിനയ് ഫോര്‍ട്ട് , ജാഫര്‍ ഇടുക്കി, സാനിയ ഇയ്യപ്പന്‍ എന്നിവരും ചിത്രത്തിലുണ്ടാകും. ദുബായി, കേരളം എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുക എന്ന് സൂചനകളുണ്ട്.

നിവിന്‍-ഹനീഫ് കൂട്ടുകെട്ടിലെ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മിഖായേല്‍. മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിര്‍വഹിച്ച ചിത്രം കൂടിയായിരുന്നു ഇത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം മാത്രമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

അതേസമയം, സാറ്റര്‍ നൈറ്റ് എന്ന ചിത്രമാണ് നിവിന്‍ പോളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസും നിവിനും ഒന്നിച്ച ചിത്രം ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങിയത്. തിയറ്ററുകളില്‍ തരക്കേടില്ലാത്ത പ്രതികരണം നേടിയ ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ ജനുവരി 27 മുതല്‍ സ്ട്രീം ചെയ്യും. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ചിരുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.