പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു, കെ എസ് ചിത്രയുടെ ശബ്ദത്തില്‍ ‘നീലവെളിച്ചം’ ഗാനം

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘നീലവെളിച്ച’ത്തിലെ പുതിയ ഗാനം റിലീസ ചെയ്തു. പഴയ ചിത്രത്തിലെ ‘പൊട്ടിത്തകര്‍ന്ന കിനാവു കൊണ്ടൊരു..’ എന്ന മനോഹര ഗാനത്തിന്റെ പുനഃരാവിഷ്‌കരണമാണ് ഈ ഗാനം. കെ എസ് ചിത്രയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി ഭാസ്‌കരന്‍ മാഷിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം എസ് ബാബുരാജ് ആണ്. എസ് ജാനകി ആയിരുന്നു പഴയ സിനിമയില്‍ ഈ ഗാനം ആലപിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ 20ന് ചിത്രം തീയറ്ററുകളില്‍ എത്തും. നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി മലയാളത്തിലെ തന്നെ ആദ്യ ഹൊറര്‍ സിനിമയായ ഭാര്‍ഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറാവുന്നത്.

റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ജിതിന്‍ പുത്തഞ്ചേരി, നിസ്തര്‍ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹന്‍ രാജ്, ദേവകി ഭാഗി, ഇന്ത്യന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാട്ടില്‍ അബ്ബാസ് പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.