ആക്ഷൻ ഹീറോ ബിജുവിന് രണ്ടാം ഭാ​ഗം വരുന്നു……

‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം ഭാഗം പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ അണിയറപ്രവര്‍ത്തകര്‍. ഏബ്രിഡ് ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ റിയലിസ്റ്റിക് പൊലീസ് സിനിമയായി ആക്ഷന്‍ ഹീറോ ബിജു എത്തുന്നത് 2016-ലാണ്. ഇതേ കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷമെത്തിയ ‘മഹാവീര്യറു’ടെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പമാണ് ‘ആക്ഷന്‍ ഹീറോ ബിജു 2’നേക്കുറിച്ച് അണിയറക്കാര്‍ അറിയിക്കുന്നത്. ബിജു പൗലോസിന്റെ രണ്ടാം വരവിനായുള്ള ജോലികള്‍ ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

‘താരം’, ‘ശേഖരവര്‍മ്മ രാജാവ്’, ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്നിവ ഉള്‍പ്പെട്ട ലൈന്‍ അപ്പില്‍ ആണ് ആക്ഷന്‍ ഹീറോ ബിജുവിനേക്കുറിച്ചും പ്രഖ്യാപനമുണ്ടായത്. നിവിന്‍ പോളിയുടെ ഉടമസ്ഥതയിലുള്ള പോളി ജൂനിയര്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മ്മാണം.

ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്‌കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. 2014ല്‍ പുറത്തിറങ്ങിയ ‘1983’ ആയിരുന്നു ആദ്യ ചിത്രം. അനു ഇമ്മാനുവല്‍ ആയിരുന്നു ആക്ഷന്‍ ഹീറോ ബിജുവിലെ നായിക. ജോജു ജോര്‍ജ്, കലാഭവന്‍ പ്രചോദ്, അരിസ്റ്റോ സുരേഷ്, രോഹിണി, മേഘനാഥന്‍, വിന്ദുജ മേനോന്‍ തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. രാജീവ് രവി ചിത്രം ‘തുറമുഖം’ ആണ് അവസാനം തിയേറ്ററുകളില്‍ എത്തിയ നിവിന്‍ പോളി ചിത്രം. ഡിജോ ജോസ് ആന്റണി, ഹനീഫ് അദേനി, ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആണ് നിലവില്‍ നിവിന്റേതായി അണിയറയിലുള്ളത്.