‘നായാട്ടി’ന് യു/എ സര്‍ട്ടിഫിക്കറ്റ് ,ചിത്രം ഏപ്രില്‍ 8 തീയറ്ററുകളില്‍

കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നായാട്ടിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി സെന്‍സര്‍ ബോര്‍ഡ് .കുഞ്ചാക്കോ ബോബനാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.ചിത്രം ഏപ്രില്‍ 8ന് റിലീസ് ചെയ്യും. ചാക്കോച്ചന്റെ ചിത്രത്തിലെ പേര് വെളിപ്പെടുത്തിയുളള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് ചാക്കോച്ചന്‍ എത്തുന്നത്.കുഞ്ചാക്കോ ബോബനെ കൂടാതെ ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാണ്. ഇവരും പൊലീസ് വേഷത്തില്‍ തന്നെയാണ് എത്തുന്നത്.ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണ് നായാട്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.’ജോസഫി’ന് തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഷൈജു ഖാലിദ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നു. മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് .