‘ബാഹുബലി’ നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസില്‍ നയന്‍താരയും

രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ ബാഹുബലിയെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന വെബ് സീരീസ് സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും. ‘ബാഹുബലി ബിഫോര്‍ ദി ബിഗിനിങ്ങ്’ എന്നാണ് സീരീസിന്റെ പേര്. സീരീസില്‍ ശിവകാമി ദേവിയുടെ ചെറുപ്പം അഭിനയിക്കുന്നത് നടി വാമിഖ ഗബ്ബിയാണെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ബാഹുബലിയില്‍ നയന്‍താരയും ഭാഗമാണെന്ന് റിപ്പോര്‍ട്ടാണ് വന്നിരിക്കുന്നത്. ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആനന്ദ് നീലകണ്ഠന്റെ ”ദി റൈസ് ഓഫ് ശിവകാമിയുടെ” പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ദേവകട്ടയും പ്രവീണ്‍ സറ്ററും ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന സീരീസ് രാജമൗലിയും പ്രസാദ് ദേവനിനിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മഹിഷ്മതി സാമ്രാജ്യത്തിലേക്കുള്ള ശിവകാമി ദേവിയുടെ പ്രയാണമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് സീസണുകളായി ഒരുങ്ങുന്ന സീരിസിന്റെ ആദ്യ സീസണില്‍ ഒന്‍പത് എപ്പിസോഡുകളാണ് ഉള്ളത്. സുനില്‍ പല്‍വാലാണ് സീരിസില്‍ കട്ടപ്പയായി എത്തുന്നത്. രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരും പ്രധാന കഥാപാത്രനാകയി എത്തുന്നുണ്ട്.

രണ്ട് ഭാഗങ്ങളുള്ള ചലച്ചിത്ര പരമ്പരയായി തെലുങ്കിലും തമിഴിലുമായാണ് ബാഹുബലി ചിത്രീകരിച്ചത്. ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിലെക്ക് ആനിമേറ്റഡ് സീരീസ്, ഗ്രാഫിക് നോവല്‍, ഇംഗ്ലീഷില്‍ ഒരു ട്രൈയോളജി നോവല്‍ സീരീസ് എന്നിങ്ങനെ ചിത്രം സഞ്ചരിച്ച വഴികള്‍ ഏറെയാണ്. 60 മില്യണ്‍ യുഎസ് ഡോളര്‍ നിര്‍മ്മാണ ചിലവിലാണ് രണ്ട് സിനിമകള്‍ ആഗോളതലത്തില്‍ റിലീസിനെത്തിയത്.

2015 ജൂലൈ 10 ന് ബാഹുബലി: ദി ബിഗനിംഗും 2017 ഏപ്രില്‍ 28 ന് രണ്ടാം ഭാഗം ബാഹുബലി: ദി കണ്‍ക്ലൂഷനും പുറത്തിറങ്ങി. പ്രഭാസ്, അനുഷ്‌ക ഷെട്ടി, റാണ ദഗ്ഗുബതി, രമ്യ കൃഷ്ണ,നാസ്സര്‍, തമന്ന, സത്യരാജ്, സുധീപ് തുടങ്ങി തമിഴ്-തെലുങ്ക് ചലചിത്ര മേഖലയിലെ എല്ലാ പ്രധാന താരങ്ങളും അണിനിരന്ന ചിത്രത്തിന്റെ സാങ്കേതിക മികവ് അന്നുവരെ ഇന്ത്യന്‍ സിനിമ പരീക്ഷിച്ചിട്ടുള്ളതിനും അപ്പുറമായിരുന്നു. ചിത്രം 1650 കോടിയുടെ വമ്പന്‍ വിജയമാണ് നേടിയത്.