ഈ ഒരുത്തി അത്ര സോഷ്യല്‍ അല്ല

യുവജനോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്കെത്തി നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. റിയാലിറ്റി ഷോകളില്‍ അവതാരകയായി എത്തിയിരുന്നെങ്കിലും താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീയിലൂടെ നവ്യ വെള്ളിത്തിരയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. സിനിമയില്‍ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യല്‍മീഡിയയില്‍ ആക്ടീവായിരുന്നു നവ്യ. നവ്യയുടെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്നായിരുന്നു ശ്രദ്ധ നേടിയിരുന്നത്. എന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ വൈകിയാണ് വന്നതെന്നും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊന്നും താനങ്ങനെ ശ്രദ്ധിക്കാറില്ലെന്നും പറയുകയാണ് നവ്യ. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം വ്യക്തമാക്കിയത്. സിനിമയില്‍ നിന്നെടുത്ത ഇടവേളയിലും സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായിരുന്നതിനേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

നവ്യയുടെ വാക്കുകള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ വൈകിയാണ് ഞാന്‍ വന്നത്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊന്നും ഞാനങ്ങനെ നോക്കാറില്ലായിരുന്നു. ഫേസ്ബുക്ക് നോക്കാന്‍ വേറെ അഡ്മിന്‍സ് ഉണ്ടായിരുന്നു. ഒരു മൂഡ് തോന്നുമ്പോള്‍ എന്തെങ്കിലുമൊക്കെ അപ്‌ലോഡ് ചെയ്യും. അതില്‍ ചിലതൊക്കെ ആളുകള്‍ക്ക് ഇഷ്ടപ്പെടും. ചിലരൊക്കെ പറയും പ്രത്യേക ദിവസങ്ങളില്‍ കൂടുതല്‍ ലൈക്കുകള്‍ ഉണ്ടാവുമെന്നെല്ലാം. പക്ഷെ ഞാനങ്ങനെയൊന്നും ചെയ്യാറില്ല. പ്രോപ്പറായിട്ട് ഇന്ന സമയത്ത് അപ്‌ലോഡ് ചെയ്യണമെന്ന് ഒട്ടും പ്ലാനുണ്ടായിരുന്നില്ല. ഇതൊന്നും പ്രത്യേകിച്ച് ഒരു ബോധം വെച്ചിട്ട് ഇടുന്നതുമല്ല. ചിലപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇടാനായിട്ട് ഞാന്‍ ഫോട്ടോയൊക്കെ എടുക്കുമെങ്കിലും അത് പോസ്റ്റ് ചെയ്യാന്‍ തന്നെ എന്നോട് മറന്നുപോകും. പിന്നീട് ഫ്രീയായി ഇരിക്കുന്ന സമയത്ത് ഫോണ്‍ നോക്കുമ്പോള്‍, ആ ഫോട്ടോ ഗാലറിയില്‍ എവിടെയോ ആയിരിക്കും. അപ്പോഴേക്കും ആ ചിത്രത്തിന്റെ പ്രസക്തി കഴിഞ്ഞിട്ടുണ്ടാവും. മറ്റു ചിലപ്പോള്‍ ഫോട്ടോസ് എടുത്ത് വളരെ ആവേശത്തോടെ പോസ്റ്റ് ചെയ്യാറുമുണ്ട്.