മലയാളിയില്‍ നിന്ന് മറാത്തിയിലേക്ക് ; നായകനായി ശ്രീശാന്ത്

മലയാള സിനിമയില്‍ നിന്ന് ഹിന്ദി സിനിമയിലേക്കും കന്നഡ സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മറാത്തി സിനിമയില്‍ നായകനാവുന്നു. രണ്ട് മലയാളി സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന മറാത്തി ചിത്രം ”മുംബൈച്ച വടാ പാവ്” എന്ന ചിത്രത്തിലൂടെയാണ് താരം മറാത്തിയിലേക്കും അരങ്ങറ്റം കുറിക്കാനൊരുങ്ങുന്നത്. ഏപ്രില്‍ ആദ്യവാരം മഹാരാഷ്ട്രയില്‍ വെച്ച് ചിത്രീകരണം ആരംഭിക്കും.

പ്രവാസി മലയാളിയും പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവുമായ പി. കെ. അശോകനും പ്രശസ്ത പരസ്യ ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും ചേര്‍ന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്നത്. ശ്രീശാന്തിന് പുറമെ മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു. കൂടാതെ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സാങ്കേതിക വിദഗ്ദ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

വ്യത്യസ്തവും പുതുമയുമുള്ള പ്രമേയമാണ് ”മുംബൈച്ച വടാ പാവ്” പറയുന്നത്. തന്റെ മികച്ച കഥാപാത്രമാണ് മുംബൈച്ച വടാ പാവിലേതെന്ന് ശ്രീശാന്ത് പറഞ്ഞു. ഒട്ടേറെ അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണിത്, എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ് ”മുംബൈച്ച വടാ പാവ്” എന്നും ശ്രീശാന്ത് അഭിപ്രായപ്പെട്ടു. സമീപകാല മറാത്തി ചിത്രങ്ങളില്‍ നിന്നും പ്രമേയംകൊണ്ട് തികച്ചും വ്യത്യസ്തമാണ് ”മുംബൈച്ച വടാ പാവ്” എന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങല്‍ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും. പി ആര്‍ ഒ പി.ആര്‍. സുമേരന്‍