നമിത പ്രമോദ് തിരക്കിലാണ്

ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ ലോകത്ത് എത്തിയ നമിത പ്രമോദ് ഇന്ന് മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്. വേളാങ്കണ്ണി മാതാവ്, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നമിത പ്രമോദ് 2011 ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേയ്ക്ക് പ്രവേശിക്കുന്നത്. കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും മികച്ച വേഷങ്ങള്‍ മാത്രമാണ് നമിത ചെയ്യാറുള്ളത്. അതിനാല്‍ തന്നെ വളരെ പെട്ടന്നായിരുന്നു മലയാളികളുടെ മനസ്സിലെ ജനപ്രിയ നായികയായി നമിത മാറിയത്. ദിലീപിനെ നായകനാക്കി കാമറാമാന്‍ കെ. രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രമായ പ്രൊഫ. ഡിങ്കന്‍, ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു, കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന്‍ ശ്രീജിത്ത്
വിജയന്‍ അണിയിച്ചൊരുക്കുന്ന ‘മാര്‍ഗംകളി’ അങ്ങിനെ തിരക്കുകളിലാണ് നമിത. നമിതയുടെ വിശേഷങ്ങളിലേക്ക്…

  • ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗംകളിയിലെ നായികയുടെ വിശേഷങ്ങള്‍?

വളരെ നന്നായിട്ട് പോകുന്നു. ഷൂട്ടെല്ലാം നടക്കുന്നു. നല്ലൊരു ഫാമിലി മൂവിയാണ് മാര്‍ഗംകളി.

  • ചിത്രത്തിന്റെ കഥ?

കഥ വളരെ രസമാണ് അത് കൊണ്ടാണല്ലൊ ഈ സിനിമ ചെയ്യുന്നത്. എനിക്ക് കഥ നരേറ്റ് ചെയ്ത് തന്നത് ബിബിന്‍ ചേട്ടനാണ്. ചേട്ടന്‍ നരേറ്റ് ചെയ്ത് തരുമ്പോള്‍ കഥയുടെ ഓരോ സ്ഥലത്തും എന്‍ജോയ് ചെയ്യാന്‍ സാധിച്ചു. വിഷ്ണുവും ബിബിന്‍ചേട്ടനും ചെയ്ത അമര്‍ അക്ബര്‍ അന്തോണി ചെയ്യുമ്പോള്‍ കിട്ടിയ ഒരു വൈബ് തന്നെ എനിക്ക് മാര്‍ഗംകളിക്കും കിട്ടി. അങ്ങനെയാണ് ഈ സിനിമ കമ്മിറ്റ് ചെയ്യുന്നത്.

  • ബിപിന്റെ ജഡ്ജ്‌മെന്റ് കറക്ടായിരിക്കും എന്നുള്ളത് കാരണമാണോ ഇതിലേക്കുള്ള എന്‍ട്രി?

ബിപിന്‍ചേട്ടന്‍ വന്ന് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്ക് വളരെ ഇഷ്ടപ്പട്ടു. കഥ പറയുന്ന സമയത്ത് അമ്മയും അച്ഛനുമൊക്കെയുണ്ടായിരുന്നു അടുത്ത്. അവരെല്ലാം കഥ കേട്ട് ചിരിക്കുകയായിരുന്നു. അവര്‍ക്ക് കഥ ഇഷ്ടമാവുന്നു എന്ന് പറയുമ്പോള്‍ അതില്‍ ആകര്‍ഷകമായ എന്തെങ്കിലുമൊരു കണ്ടന്റ് ഉണ്ടാവുമല്ലോ?.

  • കഥ നാട്ടിന്‍പുറത്താണോ സംഭവിക്കുന്നത്?

ഒരു നാട്ടിന്‍പുറത്ത്കാരിയുടെ ക്യാരക്ടറാണ് ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. സാധാരണക്കാരുടെ ജീവിതത്തില്‍ നടക്കുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെയൊക്കെയാണ് കഥ പോകുന്നത്. എന്റെ ക്യാരക്ടറുടെ അപ്പിയറന്‍സില്‍ കുറച്ച് വ്യത്യാസമൊക്കെയുണ്ട്.

  • സസ്‌പെന്‍സ് ഉള്ള മുഖവുമായിട്ടാണൊ എത്തുന്നത്..

ആയിരിക്കും ( ചിരിക്കുന്നു) കൂടുതല്‍ പറയാന്‍ പറ്റില്ല.

  • ചിത്രത്തിന്റെ ക്രൂവിനെക്കുറിച്ച്?

നല്ല ക്രൂവാണ്. ശ്രീജിത്തേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിളാണ്. എല്ലാവരും പരിചയമുള്ളവര്‍ തന്നയായതിനാല്‍ വളരെ എളുപ്പമായിരുന്നു. കാരണം ഇവരെല്ലാവരും കറക്ടായിട്ട് എല്ലാം കമ്മ്യൂണിക്കേറ്റ് ചെയ്ത് തരും. കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ എന്താണ് ചെയ്യണ്ടതെന്ന് അറിയാതെ ബുദ്ധിമുട്ടും. ആദ്യ രണ്ട് ദിവസം കഴിയുമ്പോഴേക്കും ഒരു ഫാമിലിപോലെയായി ഞങ്ങളെല്ലാവരും.

  • അരവിന്ദ് കൃഷ്ണ വളരെ പ്രമുഖനായ ഛായാഗ്രാഹകനാണ്. അദ്ദേഹത്തിനൊപ്പമുള്ള അനുഭവം?

സാറിന്റെ ഫ്രെയിമില്‍ നമ്മള്‍ വരുമ്പോള്‍ ഭയങ്കര സുന്ദരിയായിട്ടായിരിക്കും ഉണ്ടാവുക. ഇത്രയും സീനിയറായിട്ടുള്ള സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത് വളരെ വലിയൊരു കാര്യം തന്നെയാണ്. ആദ്യമായിട്ടാണ് അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത്. വളരെ ഫ്രണ്ട്‌ലിയാണ് സാര്‍.

  • ഇനി വരാനുള്ള ചിത്രങ്ങള്‍..

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന അല്‍ മല്ലു എന്ന ചിത്രം ചെയ്ത്‌കൊണ്ടിരിക്കുകയാണ്. ഒരു മാസത്തോളം അബുദാബിയിലായിരുന്നു ചിത്രീകരണം. സ്ത്രീ കേന്ദ്രീകൃതമായിട്ടുള്ളൊരു ചിത്രമാണ് അല്‍മല്ലു. നാട്ടില്‍ നിന്ന് അബുദാബിയിലെത്തി അവിടെ സെറ്റിലായ ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ നടക്കുന്ന കുറച്ച് സംഭവങ്ങളും കാര്യങ്ങളുമെല്ലാം ആസ്പദമാക്കിയുള്ള ഒരു ചിത്രമാണിത്. പിന്നെ ദിലീപേട്ടനൊപ്പം പ്രൊഫസര്‍ ഡിങ്കനും ഇറങ്ങാനുള്ള ചിത്രമാണ്.

  • ഡിങ്കന്റെ എക്‌സ്പീരിയന്‍സ്?

വളരെ രസമായിരുന്നു. കുറേ നാളായി ഷൂട്ട് തുടങ്ങിയിട്ട്. ഒരുപാട് ആര്‍ട്ടിസ്റ്റുകളെവെച്ച് വലിയൊരു സ്‌കെയിലില്‍ ചെയ്യുന്ന സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. 3 ഡി ആയതിനാല്‍ ഒരുപാട് സമയം ഷൂട്ടിനായി എടുത്തു. 3ഡിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്യാതെ നേരിട്ട് 3ഡിയിലിട്ടിട്ടാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. ഔട്ട്പുട്ടും നന്നായിട്ട് വരുന്നുണ്ട്. ഈ വര്‍ഷം തന്നെ ചിത്രം പ്രതീക്ഷിക്കാം.

  • ദിലീപേട്ടന്റെ കൂടെ 5 സിനിമകള്‍ ചെയ്തു. എങ്ങനെയുണ്ടായിരുന്നു എക്‌സ്പീരിയന്‍സ്..

നല്ല എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഫാമിലിയുമായിട്ടെല്ലാം ഞാന്‍ വളരെ അറ്റാച്ച്ഡാണ്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ എനിക്ക് എപ്പോഴും ഒരു പുതുമ തോന്നും. അദ്ദേഹം ഓരോ ക്യാരക്ടറിനേയും സമീപിക്കുന്ന രീതി വ്യത്യസ്ഥമാണ്. അതില്‍ നിന്ന് നമുക്കും ഒരുപാട് ഔട്ട്പുട്ടും കാര്യങ്ങളുമെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ഒരുപാട് സ്‌ട്രെയിന്‍ ചെയ്ത് അഭിനയിച്ച സിനിമയാണ് കമ്മാരസംഭവം. വളരെ കംഫര്‍ട്ടബിളാണ് ദിലീപേട്ടന്‍. ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ സാധിക്കും.

  • അല്‍ മല്ലുവിലെ വെല്ലുവിളിയുള്ള കഥാപാത്രം?

വളരെ സ്‌ട്രോംഗായിട്ടുള്ളൊരു കഥാപത്രത്തെയാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടില്‍ നിന്ന് അബുദാബിയിലെത്തുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും നിലനില്‍പ്പുമെല്ലാമാണ് അല്‍ മല്ലുവില്‍ കാണിക്കുന്നത്. വളരെ ചലഞ്ചിംഗായിട്ടുള്ളൊരു കഥാപാത്രമാണ്. അല്‍മല്ലുവില്‍ മാത്രമല്ല മാര്‍ഗ്ഗംകളിയിലും കുറച്ച് ചലഞ്ചിംഗായിട്ടുള്ള കഥാപാത്രം തന്നെയാണ് .

  • ഗോസിപ്പുകളെയും വിവാദങ്ങളെയും എങ്ങനെ കാണുന്നു..

ഗോസിപ്പുകളെല്ലാം വരാറുണ്ട് പക്ഷെ നമ്മള്‍ അത് ചിന്തിച്ച് നടക്കേണ്ട കാര്യമില്ല. ആളുകള്‍ നമ്മളെപറ്റി പലതു പറയും. അത് വിശ്വസിക്കുന്നവരും ഉണ്ടാവും അല്ലാത്തവരും ഉണ്ടാവും. അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. കാരണം നമ്മള്‍ ചെയ്ത കാര്യം മാത്രം നമ്മള്‍ നോക്കിയാല്‍ മതി.

  • ഡ്രീം കാര്യക്ടറുണ്ടോ മനസ്സില്‍..

അങ്ങനെയൊരു ഡ്രീം ക്യാരക്ടറൊന്നും മനസ്സിലില്ല. ഓരോ എഴുത്തുകാരും തങ്ങളുടെ കഥാപാത്രങ്ങളെ കാണുന്ന രീതി വ്യത്യസ്ഥമായിരിക്കും. നമ്മള്‍ ചിന്തിക്കുന്നതിനും മുകളില്‍ ചിന്തിക്കുന്നവരുണ്ടാവും. അതിനാല്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള കഥാപാത്രമായിരിക്കില്ല വരുക.

  • ഫാമിലി

ഒരു കുഞ്ഞ്കുടുംബമാണ് എന്റേത്.അച്ഛന്‍ പ്രമോദ്. അമ്മയുടെ പേര് ഇന്ദു. ഒരു അനിയത്തിയാണുള്ളത് അകിത. ഇപ്പോള്‍ പ്ലസ്ടു കഴിഞ്ഞു.

  • ഏതെങ്കിലും ചിത്രം കമ്മിറ്റ് ചെയ്‌തോ..

ഇല്ല. അല്‍മല്ലു ബാക്കി ഷെഡ്യൂളുകള്‍ കൂടി ചെയ്യാനുണ്ട്. അത്‌പോലെ ഡിങ്കന്റെയും ബാക്കി കുറച്ച് വര്‍ക്കുകള്‍ കൂടിയുണ്ട്.

  • ദുല്‍ഖറിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്..

വിക്രമാദിത്യനില്‍ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു ദുല്‍ഖറിനൊപ്പം അഭിനയിച്ചപ്പോള്‍ ലഭിച്ചത്. ദുല്‍ഖറിനൊപ്പം ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. പുള്ളിപ്പുലികളും ആട്ടികുട്ടിയുടെയും ടീം തന്നെയായിരുന്നു വിക്രമാദിത്യനിലും. ആ ടീമുമായിട്ട് വളരെയധികം ഞാന്‍ സിങ്കായിരുന്നു. ആ ടീമിലേക്ക് ദുല്‍ഖറും ഉണ്ണി മുകുന്ദനും വന്നു ജോയിന്‍ചെയ്തു എന്നേ ഉള്ളു. ഒരുപാട് കഴിവുകളുള്ള ഒരു അഭിനേതാവാണ് ദുല്‍ഖര്‍. വളരെയധികം കംഫര്‍ട്ടബിളായിരുന്നു. മനസ്സിലാക്കി ക്യാരക്ടറുകള്‍ തെരഞ്ഞെടുക്കുന്ന ഒരു വ്യക്തിയാണ് ദുല്‍ഖര്‍.