മൂന്ന് ഷാജിമാരുമായി ഹിറ്റൊരുക്കാന്‍ നാദിര്‍ഷ…സെല്ലുലോയ്ഡ് എക്‌സ്‌ക്ലുസീവ്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജി എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നു. സെല്ലുലോയ്ഡ് ഫിലിം മാഗസിന് നാദിര്‍ഷ അനുവദിച്ച അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം. ചെയ്ത രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റ്. അതിലൊന്ന് തമിഴിലും ചിത്രീകരിച്ച് കഴിഞ്ഞു. സംഗീത സംവിധാനം, സ്റ്റേജ് ഷോ ഇതിനിടെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് സംവിധായകന്‍ നാദിര്‍ഷ. നാദിര്‍ഷ സെല്ലുലോയ്ഡിനോട് പറഞ്ഞത്.

പുതിയ സിനിമാ വിശേഷം

ഷൂട്ടിങ് ആരംഭിക്കാന്‍ പോകുന്ന ചിത്രം മേരാ നാം ഷാജിയാണ്. കോമഡി ത്രില്ലറായ ചിത്രം വിഷുവിന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത.് കോഴിക്കോട്്, കൊച്ചി, തിരുവനന്തപുരം, എന്നിവിടങ്ങളിലെ മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കോഴിക്കോട് ഷാജിയായ് ബിജു മേനോനും തിരുവനന്തപുരം ഷാജിയായ് ബൈജുവും കൊച്ചി ഷാജിയായ് ആസിഫ് അലിയും ചിത്രത്തില്‍ വേഷമിടുന്നു. ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിത്.

സിനിമ അത് സംഭവിക്കുന്നതാണ്

ഒരോ സിനിമ ചെയ്യുമ്പോഴും ആദ്യത്തേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമായ പ്രമേയം തിരഞ്ഞെടുക്കാനാണ് ഞാനാഗ്രഹിക്കുന്നത്. ആഗ്രഹം കൊണ്ട് മാത്രം കാര്യമില്ല. അങ്ങനെയുള്ള കഥകളും, തിരക്കഥകളും കിട്ടണം. അത്തരത്തില്‍ വ്യത്യസ്ഥമായ എനിക്കിഷ്ടപ്പെട്ട ഒരു കഥയുമായ് ടെലിവിഷനുകളില്‍ കോമഡി പരിപാടികള്‍ അവതരിപ്പിക്കുന്ന എന്റെ സുഹൃത്ത് ദിലീപാണ് മേരാ നാം ഷാജിയുടെ കഥ പറയുന്നത്. ചിത്രത്തിന് ഞാനാണ് പേരിട്ടത.് കഴിഞ്ഞ എന്റെ രണ്ട് ചിത്രങ്ങള്‍ക്കും ഞാന്‍ തന്നെയാണ് പേരിട്ടിരുന്നത്.

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ റിലീസിനെത്തുന്നു

കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ പേര് അജിത്ത് ഫ്രം അറപ്പുകോട്ടൈ എന്നാണ്. ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ആകെ ധര്‍മ്മജന്‍ മാത്രമാണ് വേഷമിടുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചെയ്ത കഥാപാത്രം ചെയ്യുന്നത് ദീനയാണ്. ടെലിവിഷന്‍ അവതാരകനായ ദീന സിനിമയ്ക്ക് മുമ്പ് തന്നെ പ്രശസ്തനാണ്. പടം ഇറങ്ങുന്നതിനു മുമ്പ് തന്നെ വലിയ ബാനറുകളില്‍ ദീന ഒപ്പുവെച്ചു കഴിഞ്ഞു. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ മലയാളം പതിപ്പിനെക്കാള്‍ എനിക്ക് രണ്ടിരട്ടി പ്രതീക്ഷയുള്ള ചിത്രമാണിത്. എന്റെ ആദ്യത്തെ തമിഴ് സിനിമ സംവിധാനം ചെയ്യുന്നതോടൊപ്പം പ്രോഡ്യൂസര്‍മാരുടെയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും നിര്‍ബന്ധ പ്രകാരം ഞാന്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍ഹിച്ചത്. മലയാള ഗാനങ്ങളുമായി യാതൊരു തരത്തിലുള്ള സാമ്യവുമില്ലാത്ത തികച്ചും വ്യത്യസ്ഥമായ പാട്ടുകളാണ് ചെയ്തിരിക്കുന്നത്

അണ്ണാ കാപ്പാത്തുങ്കോ…

ജീവന്‍ രക്ഷിക്കാനുള്ള തമിഴ് പഠിച്ചിട്ടാണ് തമിഴില്‍ സിനിമ ചെയ്യാനിറങ്ങിയത്്. മാനത്തേകൊട്ടാരത്തില്‍ അഭിനയിക്കുന്ന കാലം മുതല്‍ സിനിമയിലെ ടെക്‌നീഷ്യന്‍മാരായ തമിഴരെ കാണുന്നതാണ.് അന്നൊക്കെ തമിഴിന്റെ എബിസിഡി അറിയില്ലെങ്കിലും അണ്ണാ കപ്പാത്തുങ്കോ എന്ന വാക്കെങ്കിലും പറയാന്‍ പഠിച്ചിരുന്നു. ആലഞ്ചേരി തമ്പ്രാക്കള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്ത് പാലത്തിനു മുകളില്‍ നിന്ന് പുഴയുടെ നടുവിലേക്ക് ഫൈറ്ററുടെ കൂടെ ചാടുന്ന ഒരു ഫൈറ്റ് സീന്‍ ഉണ്ടായിരുന്നു. മുക്കത്ത്് വെച്ചാണ് സീന്‍ എടുത്തത്. ഞാന്‍ ഡയറക്ടറോട് പറഞ്ഞു എനിക്ക് നീന്തല്‍ അറിയില്ലെന്ന് പക്ഷേ അദ്ദേഹം അതൊന്നും ചെവിക്കൊണ്ടില്ല. കൂടെയുള്ള ഫൈറ്ററോട് സംസാരിക്കാന്‍ തമിഴും അറിയില്ല. പിന്നെ രണ്ടു കല്‍പ്പിച്ച് ചാടി. ജീവന്‍ രക്ഷിക്കണമെന്നുള്ളതു കൊണ്ട് ആക്ഷന്‍ പറഞ്ഞപാടെ കൂടെയുള്ള ഫൈറ്ററോട് അണ്ണാ എനക്ക് നീന്തല്‍ തെരിയാത് കപ്പാത്തുങ്കോ എന്ന് പറഞ്ഞ് ചാടി. അന്ന് അത് പറഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ ജീവന്‍ പോയേനെ അതുകൊണ്ട് തന്നെ ജീവന്‍ രക്ഷിക്കാനുള്ള തമിഴ് വശമുണ്ട്

മേരാ നാം ഷാജിയിലെ സംഗീതം

കഴിഞ്ഞ എന്റെ രണ്ട്് സിനിമകളുടെയും സംഗീത സംവിധാനം നിര്‍വഹിച്ചത് ഞാന്‍ തന്നെയായിരുന്നു. എന്നാല്‍ അടുത്തതായ് ചെയ്യാന്‍ പേകുന്ന മേരാ നാം ഷാജിയില്‍ എമില്‍ മുഹമ്മദ് എന്ന പുതിയ സംഗീത സംവിധായകനാണ്. എമില്‍ മലയാളത്തില്‍ ആദ്യമാണ്. എന്നാല്‍ തമിഴിലും കന്നഡയിലും തെലുങ്കിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ഒപ്പം എമില്‍ ഒരു മലയാളികൂടിയാണ്.

ഗാനങ്ങള്‍ സിനിമയുമായ് ഇഴചേര്‍ന്ന് നില്‍ക്കണം

അമര്‍ അക്ബര്‍ അന്തോണിയിലും കട്ടപ്പനയിലെ ഋത്വിക് റോഷനിലും സംഗീതം ചെയ്യുമ്പോള്‍ സിനിമയിലെ കഥാഗതിയ്ക്കും സന്ദര്‍ഭങ്ങള്‍ക്കും യോജിച്ച തരത്തിലുള്ള ഗാനങ്ങള്‍ തന്നെയായിരിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതോടൊപ്പം തന്നെ പാട്ടുകള്‍ ജനകീയമാകണമെന്നും ആഗഹിച്ചിരുന്നു. ഞാന്‍ ചെയ്ത പാട്ടുകള്‍ ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാക്കാം അതൊക്കെ ഗാനമേള പാട്ടുകളായിരിക്കും എന്നത.് ഞാനൊരു ഗാനമേള പാട്ടുകാരനാണ് എന്നും. സംഗീതത്തെ കുറിച്ച് എല്ലാം പഠിച്ച വ്യക്തിയൊന്നുമല്ല ഞാന്‍ അതുകൊണ്ട് തന്നെ ഒരു സാധാരണക്കാരന്റെ സംഗീതമേ എന്നിലുള്ളു. അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഞാന്‍ സംഗീതം ചെയ്യുന്നത്് അതിന് ഒരുപാട് ദോഷ വശങ്ങളുണ്ടെങ്കിലും ഗുണമായ് എനിക്ക് തോന്നിയിട്ടുള്ളത് എന്നിലെ സാധാരണക്കാരന്റെ സംഗീതം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഏറ്റ് പാടാന്‍ കഴിയുന്നതാണെന്നാണ്.

ആനക്കള്ളനിലെ പാട്ടുകള്‍

ബിജുമേനോന്റെ ശബ്ദത്തില്‍ ഒരു ഗാനം ചെയ്യാന്‍ സാധിച്ച സിനിമയാണ് ആനക്കള്ളന്‍. ബിജു സധാരണ പാടുന്നതിനെക്കാള്‍ ആനക്കള്ളനിലെ പാട്ട് നന്നായിട്ടുണ്ട്. ഹരിനാരായണന്‍ രചിച്ച പാട്ടാണ് ചിത്രത്തില്‍ ബിജു പാടിയിരിക്കുന്നത്. ബിജുവിനെ കൂടാതെ പി ജയചന്ദ്രന്‍, കെ.എസ് ചിത്ര, മധു ബാലകൃഷ്ണന്‍,അഫ്‌സല്‍ തുടങ്ങിയവരും ചിത്രത്തില്‍ ഗാനങ്ങള്‍ പാടിയിട്ടുണ്ട്

ദുല്‍ക്കറിനൊപ്പം ഒരു യമണ്ടന്‍ പ്രണയ കഥ

എനിക്ക് പ്രിയപ്പെട്ട ദുല്‍ക്കര്‍ സല്‍മാനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സിനിമയാണ് ഒരു യമണ്ടന്‍ പ്രണയ കഥ. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഞാനാണ് . ആകെ നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്.

പ്രതിഫലം പോലും വേണ്ടെന്ന് വെച്ച കട്ടപ്പനയിലെ ഋത്വിക് റോഷന്‍

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം വിഷ്ണുവിനെ നായകനാക്കി കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഒരുപാട്‌പേര്‍ പറഞ്ഞു ഒരു അതിക്രമത്തിന് മുതിരരുത് പടം വിജയിക്കില്ലെന്ന്. അമര്‍ അക്ബര്‍ അന്തോണിയില്‍ എന്റെ കൂടെ ഉണ്ടായിരുന്ന സുജിത്ത് കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തിരക്കഥ വായിച്ചിട്ട്് ഇതിലൊന്നുമില്ല ഇക്ക ഈ സിനിമ ചെയ്താല്‍ അത് എട്ട് നിലയില്‍ പൊട്ടും ഈ സിനിമയുടെ പിന്നില്‍ ഞാന്‍ ഇല്ലയെന്ന് പറഞ്ഞ് ഇട്ടേച്ച് പോയ സിനിമയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. പ്രൊഡ്യൂസര്‍മാരായ ദിലീപും ഡോ.സക്കറിയ തോമസും എല്ലാവരും വന്നിരുന്ന ഡിസ്‌ക്കഷനില്‍ അതിലുണ്ടായിരുന്ന ഒരാള്‍ ഈ പടം ചെയ്യണൊ വേണ്ടയോ എന്ന് ചോദിച്ചിരുന്നു. എന്റെ വിശ്വാസത്തിന്റെ പേരില്‍ ഈ പടം വിജയിച്ചില്ലെങ്കില്‍ പ്രതിഫലം വേണ്ടെന്ന് വെച്ചാണ് ഈ സിനിമ ചെയ്തത്. ആദ്യത്തെ സിനിമ മള്‍ട്ടി സ്റ്റാറുകളെ വെച്ച് ചെയ്ത് മികച്ച വിജയം നേടിയതു കൊണ്ട് ചോദിക്കുന്ന പ്രതിഫലം തരാന്‍ പ്രോഡ്യൂസര്‍മാര്‍ വരിനിന്നിട്ടും കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ചെയ്തത് എന്നിലെ വിശ്വാസമാണ്.

കഥകളില്‍ നല്ലത് തെരഞ്ഞെടുക്കാന്‍ പ്രചോദനം പഴയ ഓഡിയോ കാസറ്റുകള്‍

വെറുതെ ഒരു ദിവസം സ്റ്റുഡിയോയില്‍ കയറി ചെന്നപ്പോള്‍ എന്റെ കുറേ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ ഓഡിയോ കാസറ്റ് കണ്ടു, ഞാനുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത കാസറ്റായായിരുന്നു അത്. ഞാന്‍ അവരോട് കാര്യം ചോദിച്ചപ്പോള്‍ മിമിക്രി ഓഡിയോ കാസറ്റാണെന്ന് പറഞ്ഞു. വെറുതെ അത് വായിച്ചു നോക്കിയപ്പോള്‍ അതില്‍ പത്തുപന്ത്രണ്ടോളം കോമഡി സ്‌കിറ്റുകള്‍ എഴുതി ചേര്‍ത്തിട്ടുണ്ടായിരുന്നു. എല്ലാം നോക്കുന്നതിന്റെ കൂട്ടത്തില്‍ ‘ടൈറ്റാണെനിക്ക്’ എന്ന വാക്ക് എന്റെ ശ്രദ്ധയില്‍പെട്ടു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ടൈറ്റാനിക്ക് സിനിമയില്‍ നിന്നെടുത്ത് ചെയ്ത അഞ്ച് മിനുട്ട് മാത്രമുള്ള ഒരു കോമഡി സ്‌ക്രിപ്പ്റ്റാണെന്ന് പറഞ്ഞു. ആ പേപ്പറിലെ ഒരു വാക്ക് മാത്രം കണ്ടപ്പോള്‍ എന്റെ മനസ്സില്‍ അതില്‍ നിന്ന് ഒരു സൂപ്പര്‍ ഹിറ്റ് ആക്കാന്‍ കഴിയുന്ന ഫുള്‍ കാസറ്റ് നിര്‍മ്മിക്കാന്‍ കഴിയുമെന്ന ചിന്ത ഉണ്ടായി. അപ്പോള്‍ തന്നെ അതിന്റെ തിരക്കഥാകൃത്തുക്കളായ തോമസ് തോപ്പില്‍ കൊടിയെയും ജയരാജ് സെഞ്ചുറിയെയും വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് അവരെ കൊണ്ട് ആ ഒരു വാക്കില്‍ നിന്ന് ഒരു ഫുള്‍ ഓഡിയോ കാസറ്റിനുള്ള തിരക്കഥ എഴുതിപ്പിച്ചു. മലയാള ഓഡിയോ കാസറ്റിന്റെ ചരിത്രത്തില്‍ സുപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്ന തിരിച്ചറിവ് ആ കാലഘട്ടം മുതല്‍ ദൈവം തന്നതാണ്. അതുകൊണ്ട് തന്നെ ഒരു തിരക്കഥ കേട്ടുകഴിഞ്ഞാല്‍ അത് വിജയം തീര്‍ക്കുമോ എന്ന് മനസ്സിലാക്കാനുള്ള കഴിവെന്നിലുണ്ട്

സ്വന്തം തിരക്കഥയില്‍ ഒരു സിനിമ

എന്റെ തിരക്കഥയില്‍ ഒരു സിനിമ പെട്ടന്നൊന്നും പ്രതീക്ഷിക്കേണ്ട. തിരക്കഥ എഴുതുക എന്ന് പറഞ്ഞാല്‍ വളരെ പ്രയാസം നിറഞ്ഞ ഒരു പണിയാണ്. പിന്നെ ഒരു സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് തിരക്കഥ തന്നെയാണ്. അത് നല്ല രീതിയില്‍ എഴുതിയില്ലെങ്കില്‍ പാളിപോകും. വേറെ ഒരാളുടെ ചിന്തയിലുദിച്ച കാര്യം കേള്‍ക്കുമ്പോള്‍ അതിന്റെ കുറ്റവും കുറവും എനിക്ക് വേഗത്തില്‍ കണ്ടു പിടിക്കാന്‍ കഴിയും. എന്നാല്‍ എന്റെ സ്വന്തം സൃഷ്ടി ആകുമ്പോള്‍ അത് പ്രയാസമാണ്. പാരഡി ഗാനങ്ങള്‍ എഴുതിയിരുന്ന കാലത്ത് അത് എന്റെ സുഹൃത്തുക്കളുടെ സദസ്സില്‍ പാടി കേള്‍പ്പിക്കും. മോശമാണെങ്കില്‍ മുഖത്ത് നോക്കി പറയുന്നവരാണ് എന്റെ സുഹൃത്തുക്കളായ ദിലീപും സലീം കുമാറും മണിയുമെല്ലാം. അതുകൊണ്ട് തിരുത്താനുള്ള അവസരം അന്നുണ്ടായിരുന്നു. ഇപ്പോള്‍ ഒരു തിരക്കഥ എഴുതി കേള്‍പ്പിച്ചാല്‍ അത് നടക്കുമെന്ന കാര്യത്തില്‍ പ്രയാസമാണ്.

എന്റെ സംവിധാനത്തില്‍ ദിലീപ് അഭിനയിക്കുന്ന സിനിമ…ഞങ്ങളുടെ സ്വപ്‌നം

മലയാള സിനിമയില്‍ ഒരുപാട് സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ചവരാണ് മമ്മൂക്ക,ലാലേട്ടന്‍, ജയറാമേട്ടന്‍,ദിലീപ,്‌സുരേഷ് ഗോപി. ഇവരെ വെച്ച് ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് ആഗ്രഹമാണ്. അവര്‍ക്ക് ചെയ്യാന്‍ പറ്റിയ കഥ വന്നാല്‍ തീര്‍ച്ചയായും അവരെ വെച്ച് സിനിമ ചെയ്യും അല്ലാതെ നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കില്ല അങ്ങനെ നിര്‍ബന്ധിപ്പിച്ച് ചെയ്യിക്കുന്നത് ബുദ്ധിമോശമാണ്. ഒരുപാട് വര്‍ഷത്തെ സൗഹൃദമാണ് ഞങ്ങളുടേത്. ഞാന്‍ സംവിധാനം ചെയ്ത് ദിലീപ് അഭിനയിക്കുന്നൊരു സിനിമ അന്ന് മുതല്‍ തന്നെ സ്വപ്‌നം കാണുന്ന ഒന്നാണ്. എന്നാല്‍ അതിനു പറ്റിയ ഒരു കഥ ഒത്തു വന്നില്ല. പ്രേക്ഷകര്‍ വലിയ പ്രതീക്ഷ വെയ്ക്കുന്ന ഒന്നാണ് ഞങ്ങളുടെ കൂട്ട്‌കെട്ടിലൊരു സിനിമ. എനിക്ക് ദിലീപിനോട് ഡാ നീ ഇത് ചെയ്താല്‍ കൊള്ളാമെന്നും ദിലീപിന് ചെയ്യാന്‍ കൊതിക്കുന്നതുമായ ഒരു കഥ വന്നാല്‍ തീര്‍ച്ചയായും ഒരു സിനിമയുണ്ടാകും

ക്രൂശിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ഞാന്‍ കുറ്റവാളിയല്ല.

ദിലീപിന്റെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഞാന്‍ ചെയ്യാത്ത കാര്യത്തിനുമേല്‍ ക്രൂശിക്കപ്പെടുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആവില്ലല്ലോ. അതുകൊണ്ട് തന്നെയാണ് ആ പ്രശ്‌നങ്ങളില്‍ പ്രതികരിച്ചത്. ഒരു പക്ഷേ ക്രിമിനല്‍ ആയിരുന്നെങ്കില്‍ പ്രതികരിക്കാതിരുന്നേനെ, കൂളായിട്ട് നേരിട്ടേനെ. നമ്മള്‍ മനസ്സാ വാചാ അറിയാത്ത കാര്യമാണ്. മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു ആ സംഭവങ്ങള്‍.

കഴിവുണ്ടെങ്കില്‍ മക്കള്‍ സിനിമയില്‍ വരട്ടെ

സിനിമ കാണുമെന്നല്ലാതെ ഇതു വരെ സിനിമയുമായ് യാതൊരു തരത്തിലുള്ള ബന്ധവും എന്റെ മക്കള്‍ക്കില്ല. ഞാനൊരു യാഥാസ്ഥിതിക കുടുംബത്തിലുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ മക്കള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമില്ല. എന്നാല്‍ ചെറുതായ് പാടുന്ന കൂട്ടത്തിലാണ് രണ്ട് പേരും. കഴിവുണ്ടെങ്കില്‍ സിനിമയില്‍ പാടിപ്പിക്കും. സിനിമയെ പരിഗണിക്കുമ്പോള്‍ എന്റെ മക്കളും പുറത്തു നിന്നുള്ളവരെ പോലെ തന്നെയാണെനിക്ക്. മക്കളെ ഉയര്‍ത്തി കാണിക്കുവാന്‍ വേണ്ടി അവരെ കൊണ്ട് പാടിച്ച് ഒരു പാട്ടിനെ മോശമാക്കില്ല. അവര്‍ക്ക് ചെയ്യാന്‍ കഴിയുമെങ്കില്‍ തീര്‍ച്ചയായും ചെയ്യിക്കും.

ദിലീപിന്റെ മകള്‍ മീനാക്ഷിയും മൂത്ത മകള്‍ ഐഷയും നല്ല കൂട്ട്

രണ്ട് പെണ്‍കുട്ടികളാണ് എനിക്ക.് മൂത്ത മകള്‍ ഐഷയും ദിലിപിന്റെ മകള്‍ മീനാക്ഷിയും സമപ്രായക്കാരാണ് ഒപ്പം നല്ല സുഹൃത്തുക്കളും. ഐഷ എന്റെ അനുജനും കുടുംബത്തിനുമൊപ്പം ദുബായില്‍ ഫാഷന്‍ ഡിസൈനിംഗ്് പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ഖദീജ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നു. രണ്ട്‌പേരും എന്നെ പോലെ അല്ല നന്നായി പഠിക്കുന്ന കൂട്ടത്തിലാണ്.