ആസ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു നന്ദി ഇന്ദ്രന്‍സ് ചേട്ടാ; ബാദുഷ

ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞ് നിര്‍മാതാവ് എന്‍.എം. ബാദുഷ .ഫേസ് ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇന്ദ്രന്‍സിനെ കുറിച്ച് പറഞ്ഞത്.ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്ര മായെത്തിയ ഹോം എന്ന ചിത്രം അടുത്തിയെസാണ് ആമസോണിലൂടെ റിലീസ് ചെയ്തത്.വളരെ മികച്ച രീതിയിലുളള പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഹോമില്‍ നിന്നും എന്റെ മെയ്ഡ് ഇന്‍ കാരവാനില്‍ വന്ന് എന്റെ സിനിമയെ പൂര്‍ണതയില്‍ എത്തിച്ചു. ഇന്ദ്രന്‍സ് ചേട്ടാ എന്ത് പാവമാണ് നിങ്ങള്‍. രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ മറ്റൊരു സിനിമയില്‍ അഭിനയിച്ച ശേഷമാണ് എന്റെ സിനിമയുടെ സെറ്റില്‍ അദ്ദേഹമെത്തിയത്. എത്തിയ ഉടന്‍ ഒരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര വരെ ഞങ്ങളുടെ സെറ്റില്‍ അദ്ദേഹം അഭിനയിച്ചു.ഷൂട്ടിംങ്ങ് കഴിഞ്ഞ് ഞാന്‍ കൊടുത്ത പാരിതോഷികം സ്വീകരിക്കാതെ അദ്ദേഹം പറഞ്ഞു, ഇതു ബാദുജിയുടെ ഭാര്യ നിര്‍മ്മിക്കുന്ന, സ്വന്തം കുടുംബത്തില്‍ നിന്നുള്ള ചിത്രമല്ലെ ഇതിന് എനിക്ക് നിങ്ങളുടെ സ്‌നേഹം മാത്രം മതി . ആസ്‌നേഹത്തിനുമുന്നില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു പോയി.ഹോമില്‍ നിങ്ങളെന്നെ കരയിപ്പിച്ചു. ഇപ്പോള്‍ നേരിട്ട് വന്ന് ജീവിതത്തില്‍ സ്‌നേഹം കൊണ്ട് കരയിപ്പിക്കുന്നു,നന്ദി ഇന്ദ്രന്‍സ് ചേട്ടാ. എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചത്.

റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം സാങ്കേതികമായി വെല്ലുവിളി നേരിടുന്ന ഒരു പിതാവിന്റെ കഥയാണ്.സ്മാര്‍ട്ട്ഫോണും ഇന്റര്‍നെറ്റും തുറന്നിട്ട വിവരവിസ്ഫോടനത്തിന്റെ ഒഴുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന മക്കളുടെ വേഗതയിലേക്ക് എത്തിപ്പെടാന്‍ ഒരു അച്ഛന്‍ നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സിനിമയുടെ ക്ലൈമാക്സ് തന്റെ പിതാവിന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് റോജിന്‍ വെളിപ്പെടുത്തിയിരിക്കുന്നു.ഇന്ദ്രന്‍സ് തന്റെ എക്സ്ട്രാ ഓര്‍ഡിനറി കഥ മകനോട് വിവരിക്കുന്ന ഫ്ലാഷ്ബാക്ക് രംഗം തന്റെ അച്ഛനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്.

ഹോം ഒരു സാമൂഹിക പ്രസക്തവും, ലളിതവും മനോഹരവുമായ ആഖ്യാനത്തോടുകൂടിയ തയ്യാറാക്കിയ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍, വിജയ് ബാബു നിര്‍മ്മിച്ച ചിത്രതിന്റെ രചനയും സംവിധാനവും റോജിന്‍ തോമസാണ്.ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, വിജയ് ബാബു, മഞ്ജു പിള്ള, നല്‍സന്‍, കൈനകരി തങ്കരാജ്, കെപിഎസി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്റണി, പോളി വില്‍സണ്‍, മണിയന്‍ പിള്ള രാജു, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കിരണ്‍ അരവിന്ദാക്ഷന്‍, ചിത്ര, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.ചിത്രം ഇപ്പോള്‍ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ആമസോണ്‍ പ്രൈം വീഡിയോയിലൂടെ കാണാന്‍ സാധിക്കും.