നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് മനുഷ്യാവകാശ കമ്മീഷന്‍

നടന്‍ വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. വിഴുപുരം സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കൊവിഡ് വാക്സിന്‍ എടുത്ത് രണ്ട് ദിവസത്തിന് ശേഷമായിരുന്നു വിവേകിനെ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊവിഡ് വാക്സിന്‍ എടുത്തത് മൂലമാണ് മരണമെന്ന് ചിലര്‍ പ്രചരിപ്പിക്കുമ്പോള്‍ പൊതുജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.

2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു നടന്‍ വിവേക് മരിച്ചത്. ഇതിന് പിന്നാലെ നടന്‍ മന്‍സൂര്‍ അലിഖാന്‍ അടക്കമുള്ളവര്‍ വിവേകിന്റെ മരണം സംബന്ധിച്ച ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ നിഷേധിച്ച് നടന്റെ കുടുംബം ഉള്‍പ്പടെ രംഗത്തെത്തുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് നടന്റെ മരണം കൊവിഡ് വാക്സിന്‍ എടുത്തത് മൂലമാണോ എന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത്. ഹര്‍ജി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍, തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

തമിഴ് ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ ഹാസ്യനടനാണ് വിവേക് വിവേകാനന്ദന്‍ എന്ന വിവേക്.1987ല്‍ കെ. ബാലചന്ദറിന്റെ മനതില്‍ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് പ്രവേശിച്ച വിവേകിനെ ഏറെ ശ്രദ്ധേയനാക്കിയത് പില്‍ക്കാലത്ത് പുറത്തു വന്ന കുഷി, മിന്നലേ, റണ്‍, സാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയങ്ങളാണ്. താളവും പ്രാസവുമൊപ്പിച്ചുള്ള സംഭാഷണശൈലിയും പ്രസരിപ്പുള്ള ഭാവപ്രകടനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളിലെ അഴിമതി, തൊഴിലില്ലായ്മ, കള്ളപ്പണം, ജനപ്പെരുപ്പം, കപടരാഷ്ട്രീയം തുടങ്ങി സമൂഹജീവിതത്തിലെ ദുഷ്പ്രവണതകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുള്ള പ്രാവിണ്യം ശ്രദ്ധേയമാണ്.

മികച്ച ഹാസ്യനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നാലു തവണ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റണ്‍, സാമി, പേരഴഗന്‍, ശിവാജി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. കലാലോകത്തിന് നല്‍കിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം(2009) സമ്മാനിച്ചിട്ടുണ്ട്