“വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണുകളൊക്കെ ചുവന്നു, കഥപോലും കേൾക്കാതെ മടങ്ങാനൊരുങ്ങി”; ആൻഡ്രിയ ജെർമിയ

','

' ); } ?>

‘ദേശീയ നെടുഞ്ചാലൈ’ എന്ന ചിത്രത്തിൽ നിന്നും കഥപോലും കേൾക്കാതെ താൻ തിരികെ പോന്നത് വെട്രിമാരന്റെ പുകവലി കാരണമാണെന്ന് തുറന്ന് പറഞ്ഞ് നടി ആൻഡ്രിയ ജെർമിയ. വെട്രിയുടെ പുകവലി കാരണം തന്റെ കണ്ണുകളൊക്കെ ചുവന്നുപോയെന്നും ആൻഡ്രിയ കൂട്ടിച്ചേർത്തു.മാസ്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

“ധനുഷ് ആവശ്യപ്പെട്ട പ്രകാരമാണ് ഞാൻ വെട്രിമാരനെ കാണാൻ പോയത്. ആ സമയം എനിക്ക് സിനിമയിൽ അഭിനയിക്കാൻ യാതൊരു താത്പര്യവും ഇല്ലായിരുന്നു. കഥ കേൾക്കാൻ ഞാൻ എത്തിയപ്പോൾ ഒരാൾ അവിടെയിരുന്ന് ഒരു സിഗരറ്റ് വലിച്ചതിന്റെ പുറകെ അടുത്തത് വലിക്കുന്നു. വെട്രിയുടെ പുകവലി കാരണം എന്റെ കണ്ണുകൾ ഒക്കെ ചുവന്നു. അദ്ദേഹം കഥ പറഞ്ഞ് തീർന്നില്ല, അതിന് മുൻപേ ഞാൻ പറഞ്ഞു എനിക്ക് പോകണമെന്ന് കാരണം ഈ പുക എനിക്ക് പറ്റുന്നില്ലായിരുന്നു.”ആൻഡ്രിയ പറഞ്ഞു.

ധനുഷിനെ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യാനിരുന്ന സിനിമയാണ് ദേശീയ നെടുഞ്ചാലൈ. ഈ ചിത്രം പാതിയിൽ നിലച്ചുപോവുകയായിരുന്നു. പൊല്ലാതവൻ എന്ന ആദ്യചിത്രത്തിനുശേഷം വെട്രിമാരനും ധനുഷും ഒന്നിക്കാനിരുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഈ ചിത്രം പിന്നീട് വെട്രിമാരന്റെ അസിസ്റ്റന്റ് ആയ മണിമാരൻ ഉദയം NH4 എന്ന പേരിൽ സിദ്ധാർത്ഥിനെ നായകനാക്കി സംവിധാനം ചെയ്തു. ആൻഡ്രിയ പിന്നീട് വെട്രിമാരന്റെ വടചെന്നൈ എന്ന ചിത്രത്തിൽ മുഖ്യവേഷത്തിലെത്തി.

ആൻഡ്രിയയും കവിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാസ്ക് നവംബർ 21ന് തിയേറ്ററുകളിലെത്തും. വികർണ്ണൻ അശോക് സംവിധാനം ചെയ്യുന്ന ഒരു ഡാർക്ക് കോമഡി സ്വഭാവത്തിൽ ഒരുങ്ങുന്ന സിനിമ അവതരിപ്പിക്കുന്നത് വെട്രിമാരൻ ആണ്. റുഹാനി ശർമ്മ, ചാർളി, ബാല ശരവണൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.