മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന സിനിമയില്‍ സച്ചിനും

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിനയിക്കും. ചിത്രത്തിന്റെ നിര്‍മാതാക്കളായ ഡിഎആര്‍ മോഷന്റെ തലവന്‍ സേതുമാധവനാണ് ഇക്കാര്യം അറിയിച്ചത്. സമകാലികരായ ഇരുവരെയും ഉള്‍ക്കൊള്ളിക്കാതെ മുരളീധരന്റെ ബയോപിക്ക് പൂര്‍ണമാവില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

സച്ചിനൊപ്പം അര്‍ജുന രണതുംഗെ, അരവിന്ദ ഡിസില്‍വ, റോഷന്‍ മഹാനാമ, സനത് ജയസൂര്യ, ലസിത് മലിംഗ, റിക്കി പോണ്ടിംഗ്, അമ്പയര്‍ ഡാരല്‍ ഹയര്‍ എന്നിവരൊക്കെ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. 800 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുക. ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. 2020ല്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

ടെസ്റ്റില്‍ 800 വിക്കറ്റുകള്‍ തികച്ച ഏക ബൗളറാണ് മുരളീധരന്‍. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ ചിത്രത്തിന്റെ പേരും ‘800’ എന്ന് തന്നെ ഇട്ടത്. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ മുത്തയ്യ മുരളീധരന്‍ 800 വിക്കറ്റുകളോടെ ടെസ്റ്റിലേയും, 534 വിക്കറ്റുകളോടെ ഏകദിനത്തിലേയും വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. ആഭ്യന്തര മത്സരങ്ങള്‍ കൂടാതെ വിദേശ ലീഗുകളിലും ഇന്ത്യന്‍ പ്രീമീയര്‍ ലീഗിലും കളിച്ചിട്ടുള്ള താരമാണ് മുരളീധരന്‍. 1972 ല്‍ ശ്രീലങ്കയിലെ കാന്‍ഡിയില്‍ ജനിച്ച മുരളീധരന്‍ 133 ടെസ്റ്റ് മത്സരങ്ങളിലും, 350 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.