ഓര്‍മ്മയില്‍ ഒരു ശിശിരത്തിന് അത്ര കുളിരില്ല

ദീപക് പറമ്പോള്‍, പുതുമുഖം അനശ്വര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍മ്മയില്‍ ഒരു ശിശിരം. അശോകന്‍, സുധീര്‍ കരമന, മാലാ പാര്‍വതി, അലന്‍സിയര്‍, സിജോയ് വര്‍ഗ്ഗീസ്, നീനാ കുറുപ്പ് എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം പുതുമുഖതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രം പ്രതീക്ഷകള്‍ക്കൊത്ത് സഞ്ചിരിച്ചില്ല. പ്രണയത്തിന്റെ മറ്റൊരു വേറിട്ട മുഖം തന്നെ ചിത്രത്തിലൂടെ സംവിധായകന്‍ അവതരിപ്പിച്ചെങ്കിലും ഡയറക്ഷനിലും തിരക്കഥയിലുമുണ്ടായ പക്വതക്കുറവ് ചിത്രത്തെ വല്ലാതെ ബാധിച്ചു.

നിതിന്‍ എന്ന ചെറുപ്പക്കാരന്റെ സ്‌കൂള്‍ ജീവിതത്തിലെ പ്രണയത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു സിനിമ മോഹിയായ നിതിന്‍ തന്റെ അച്ഛന്റെ നിര്‍ബന്ധത്തിന് വഴങ്ങി തന്റെ വിദ്യാഭ്യാസം തിരഞ്ഞെടുക്കുകയാണ്. സ്‌കൂളില്‍ ആദ്യ ദിനത്തിലെത്തുന്ന നിതിന്‍ വര്‍ഷയെന്ന പെണ്‍കുട്ടിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു.

ഒരു ശരാശരി പ്ലസ് ടു വിദ്യാര്‍ത്ഥിയെപ്പോലെ നിതിനും കൂട്ടുകാരും പ്രണയവുമായി മുന്നോട്ട് പോവുകയാണ്. പിന്നീട് നിതിന്‍ സ്‌കൂള്‍ ജീവിതത്തിലെ ആദ്യ പ്രണയത്തിന്റെ സുഖം തിരിച്ചറിയുന്നതോടെ നിതിന്‍ അറിയാതെ തന്നെ ഒരുപാട് മാറ്റങ്ങള്‍ അവന്റെ വ്യക്തിത്വത്തിലും ജീവിതത്തിലുമുണ്ടാകുന്നു. ഈ മാറ്റങ്ങള്‍ ചിത്രത്തിന്റെ അവസാന ഭാഗത്തോടെ നിതിന്‍ തന്നെ തിരിച്ചറിയുന്നതോടെ നിതിന്‍ ജീവിതത്തില്‍ പലതും നേടിയെടുക്കുകയാണ്.

പുതുമുഖങ്ങളായ എല്‍ദോ മാത്യു, സാംസിബിന്‍, ജെയിംസ് ദേവസ്സി എന്നിവര്‍ മോശമില്ലാത്ത പ്രകടനം ചിത്രത്തില്‍ കാഴ്ച്ചവെച്ചു. നായികാ വേഷത്തിലെത്തിയ കീര്‍ത്തിയും വ്യത്യസ്ഥ വേഷത്തിലെത്തിയ സംവിധായകന്‍ ബേസിലും നായകനായെത്തിയ ദീപകും അവരവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. അലന്‍സിയറിന്റെയും മാല പാര്‍വ്വതിയുടെയും സുധിര്‍ കരമനയുടെയും വേഷങ്ങള്‍ പക്വതയോടെ തന്നെ അവര്‍ അവതരിപ്പിച്ചു.

തൃപ്തികരമായ ഛായാഗ്രഹണം തന്നെയാണ് അരുണ്‍ ജെയിംസ് നിര്‍വ്വഹിച്ചിട്ടുള്ളത്. വിഷ്ണു രാജ് എന്‍.ആര്‍. എഴുതിയ കഥയ്ക്ക് സി.ജി. ശിവപ്രസാദ്, അപ്പു ശ്രീനിവാസന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയും സംഭാഷണത്തിനും പ്രേക്ഷകനെ ചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ഓളമുണ്ടായിരുന്നു.

ചിത്രത്തില്‍ ഏറ്റവും നിലവാരം പുലര്‍ത്തിയത് സംഗീതവും തന്നെയായിരുന്നു. ബി.കെ.ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് പകര്‍ന്ന സംഗീതം തീര്‍ത്തും പ്രശംസിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ കൈനീട്ടി ആരോ എന്ന ഗാനമൊഴികെ മറ്റൊന്നും ചിത്രത്തിലേക്കാവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല.

ഏറെ വ്യത്യസ്ഥമായ ഒരു ക്ലൈമാക്‌സ് അനുഭവപ്പെടാന്‍ വേണ്ടി മാത്രം ഒരു മുഴുനീള ചിത്രം കണ്ട രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. വിവേക് ആര്യന്റെ സംവിധാനത്തിന് കുറച്ച് കൂടി അനുഭവ സമ്പന്നമാകേണ്ടിയിരിക്കുന്നു.