ആരാധകരെ ഞെട്ടിക്കാനൊരുങ്ങി വിക്രം; എത്തുന്നത് 25 ഗെറ്റപ്പുകളില്‍

അന്യന്‍ എന്ന ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പില്‍ വന്ന് ആരാധകരെ ഞെട്ടിച്ച താരമാണ് ചിയാന്‍ വിക്രം. ശങ്കര്‍ ചിത്രം ‘ഐ’യിലും വേഷപ്പകര്‍ച്ച ചെയ്ത് ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം എത്താന്‍ പോവുന്നത്. ഒരു നടന്‍ 25 വേഷങ്ങളില്‍ ഒരു സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് ഒരു പക്ഷേ ലോകത്ത് തന്നെ ആദ്യമായിട്ടാകും.

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലാണ് വിക്രം 25 വ്യത്യസ്ത വേഷങ്ങളിലെത്തുന്നത്. താരത്തിന്റെ ഈ രൂപമാറ്റങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യുഎസ് കമ്പനിയാണ്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്തവര്‍ഷമാകും സിനിമ തിയേറ്ററിലെത്തുക. മെയാദ മാന്‍, കടൈ കുട്ടി സിങ്കം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടി പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് എ.ആര്‍ റഹ്മാന്‍ ആണ്. കദാരം കൊണ്ടാന്‍ ആണ് ഒടുവില്‍ തീയേറ്ററുകളിലെത്തിയ വിക്രം ചിത്രം.