സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന പ്രസ്താവനകള്‍, നടി കങ്കണയ്ക്കും സഹോദരിക്കും വീണ്ടും നോട്ടീസ്

സമൂഹമാധ്യമങ്ങളില്‍ സമുദായ സ്പര്‍ധ സൃഷ്ടിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പൊലീസ് നോട്ടീസ് അയച്ചു.ഈ മാസം 23, 24 തീയതികളില്‍ ബാന്ദ്ര പാലീസിനു മുന്നില്‍ ഹാജരാകണമെന്നാണും നിര്‍ദേശം നല്‍കി.മൂന്നാം തവണയാണ് ഈ വിഷയത്തില്‍ ഇരുവര്‍ക്കും നോട്ടീസ് അയക്കുന്നത്.

കഴിഞ്ഞ മാസം 26, 27 തീയതികളിലും അതിനുശേഷം നവംബര്‍ 9, 10 തീയതികളിലും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും രണ്ട് പ്രാവശ്യവും ഹാജരായിരുന്നില്ല. സഹോദരന്റെ വിവാഹവുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും നവംബര്‍ 15ന് ശേഷം വരാമെന്നുമായിരുന്നു കങ്കണ പൊലീസിനെ അറിയിച്ചത്.

സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണ് രണ്ടുപേര്‍ക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നെസ് ട്രെയിനറുമായ മുനവറലി സാഹില്‍ സയ്യിദ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇരുവരോടും ഹാജരാകാന്‍ കോടതി ഉത്തരവിട്ടിരുന്നു.