
‘രാമായണ’ സിനിമയുടെ റിലീസിന് പിന്നാലെ ജടായു ചിറകറ്റു വീണത് കേരളത്തിലാണോ ആന്ധ്രാപ്രദേശിലാണോ എന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന തർക്കങ്ങളും, അതിനിടെ വൈറലായ തന്റെ ട്രോൾ വിഡിയോയെയും കുറിച്ച് പ്രതികരിച്ച് നടൻ മുകേഷ്. ജടായുവിന്റെ രൂപത്തിൽ തന്നെ ചിത്രീകരിച്ചുകൊണ്ടുള്ള റീൽ വലിയ സന്തോഷം നൽകിയെന്നും, സംവിധായകൻ പ്രിയദർശന് താനത് അയച്ചുകൊടുത്തുവെന്നും മുകേഷ് വെളിപ്പെടുത്തി. പുതിയ ചിത്രമായ ‘കോസ്മിക് സാംസണി’ന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്.
‘കാക്കക്കുയിൽ’ എന്ന ചിത്രത്തിലെ മുകേഷിന്റെ പ്രശസ്തമായ ‘കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞൂടാ…’ എന്ന സംഭാഷണം ചേർത്തുവെച്ച്, രാവണനായി വേഷമിട്ട യഷിനൊപ്പം മുകേഷിനെ ജടായുവായി അവതരിപ്പിച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. വിഡിയോ കണ്ടയുടൻ താനത് ‘കാക്കക്കുയിൽ’ സംവിധായകൻ പ്രിയദർശന് അയച്ചുകൊടുത്തതായി മുകേഷ് പറഞ്ഞു. “പ്രിയൻ അതിന് മുൻപ് ആ വിഡിയോ കണ്ടിരുന്നില്ല. അത് കണ്ടിട്ട് ‘ഓ… കാക്കക്കുയിൽ, കാക്കക്കുയിൽ’ എന്നായിരുന്നു പ്രിയന്റെ പ്രതികരണം. വർഷങ്ങൾക്ക് മുൻപ് ആ സിനിമ ചെയ്യുമ്പോൾ, ഇങ്ങനെയൊരു ജടായു റീൽ വരുമെന്ന് നമ്മൾ ചിന്തിച്ചിട്ടുപോലുമില്ല. അതൊക്കെ വലിയൊരു നേട്ടവും സന്തോഷവുമാണ്,” മുകേഷ് കൂട്ടിച്ചേർത്തു.
ജടായു വീണത് കൊല്ലം ചടയമംഗലത്തെ ജടായുപ്പാറയിലാണെന്ന് മലയാളികളും, ആന്ധ്രാപ്രദേശിലെ ലേപാക്ഷിയിലാണെന്ന് ആന്ധ്രക്കാരും അവകാശവാദമുന്നയിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ രസകരമായ വാക്പോര് ആരംഭിച്ചത്. ആകാശത്തുകൂടി പോയ രാവണനെ പിടികൂടണമെങ്കിൽ ജടായു കൊല്ലംകാരൻ തന്നെയായിരിക്കുമെന്ന തരത്തിലുള്ള മലയാളികളുടെ ട്രോളുകൾക്കൊപ്പമാണ് മുകേഷിന്റെ വിഡിയോയും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടത്.
മുകേഷിന്റെ വാക്കുകൾ
“രാമായണ’ വന്നതിന് ശേഷം ജടായുപ്പാറ ആന്ധ്രാ പ്രദേശിലാണെന്ന് അവരും അതല്ല കൊല്ലത്ത് ആണെന്നും പറഞ്ഞ് വലിയൊരു ഫൈറ്റ് നടന്നു കൊണ്ടിരിക്കുകയാ. എന്റെ ആ സീനെടുത്തിട്ട് എനിക്ക് ജടായുവിന്റെ ഈ സാധനവുമൊക്കെ വച്ച്, തൊട്ടപ്പുറത്ത് യഷ് നിൽപ്പുണ്ട്. അത് ഭയങ്കരമായിട്ടും വൈറലായി.
ഞാനിത് കണ്ടിട്ട് ആ വിഡിയോ പ്രിയന് (പ്രിയദർശൻ) അയച്ചു കൊടുത്തു. പ്രിയൻ അതിന് മുൻപ് അത് കണ്ടില്ലായിരുന്നു. ‘ഓ.. കാക്കക്കുയിൽ… കാക്കക്കുയിൽ’ എന്നാണ് അത് കണ്ടിട്ട് പ്രിയൻ എന്നോട് പറഞ്ഞത്. അത് നമ്മുടെ ഭയങ്കര ഒരു നേട്ടമല്ലേ. വർഷങ്ങൾക്ക് മുൻപ് നമ്മളറിയുന്നുണ്ടോ, ഞാൻ ജടായുവായിട്ട് ഒരു റീൽ വരുമെന്ന്. അതൊക്കെ ഭയങ്കര സന്തോഷമായിരുന്നു”.- മുകേഷ് പറഞ്ഞു.