
കഥാപാത്രത്തിന്റെ മാനസികാവസ്ഥ പൂർണ്ണമായും ഉൾക്കൊണ്ട് അഭിനയിക്കുന്ന രീതി പിന്തുടരുന്നതിനാൽ ‘ജയിലർ 2’ സിനിമയുടെ ചിത്രീകരണ വേളയിൽ രജനീകാന്ത്, ഹൃത്വിക് റോഷൻ, എസ്.ജെ. സൂര്യ തുടങ്ങിയ സഹതാരങ്ങളോടൊന്നും അധികം സംസാരിച്ചിരുന്നില്ലെന്ന് നടൻ ഹക്കീം ഷാജഹാൻ. താരങ്ങളെ കാണുമ്പോഴുള്ള അമ്പരപ്പ് ക്യാമറയിൽ പതിയുന്നത് കഥാപാത്രത്തെ ബാധിക്കുമെന്നതിനാലാണ് അകലം പാലിച്ചതെന്നും, സെറ്റിൽ താൻ ഏറ്റവും കൂടുതൽ സംസാരിച്ചത് വിദ്യാ ബാലനുമായിട്ടാണെന്നും ഹക്കീം വ്യക്തമാക്കി. ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെച്ചത്.
തന്റെ കഥാപാത്രത്തിന്റെ തട്ടകത്തിലാണ് മറ്റുള്ളവരെല്ലാം എത്തുന്നത് എന്ന ഭാവമായിരുന്നു മനസ്സിലുണ്ടായിരുന്നതെന്ന് ഹക്കീം പറയുന്നു. ആദ്യ ദിവസം രജനീകാന്തിനോട് സംസാരിച്ചതൊഴിച്ചാൽ പിന്നീട് ആരോടും ഇടപഴകിയിട്ടില്ല. ഷൂട്ടിംഗ് സമയത്തുടനീളം താൻ അസ്വസ്ഥനും ദേഷ്യമുള്ളതുമായ മാനസികാവസ്ഥയിലായിരുന്നു.
ഇതുകണ്ട് സെറ്റിലുള്ളവർക്ക് തന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ സംവിധായകൻ നെൽസൺ ദിലീപ്കുമാറാണ് രക്ഷയ്ക്കെത്തിയത്. ഹക്കീം കഥാപാത്രത്തിന്റെ മൂഡിൽ നിൽക്കുകയാണെന്ന് നെൽസൺ മറ്റുള്ളവർക്ക് വിശദീകരിച്ചു നൽകി. അല്ലായിരുന്നെങ്കിൽ തനിക്ക് അഹങ്കാരമാണെന്ന് സഹതാരങ്ങൾ തെറ്റിദ്ധരിക്കുമായിരുന്നുവെന്നും ഹക്കീം കൂട്ടിച്ചേർത്തു. കഥാപാത്രങ്ങൾ തമ്മിലുള്ള കെമിസ്ട്രി നന്നാകുന്നതിന് വേണ്ടി വിദ്യാ ബാലൻ ഇങ്ങോട്ട് മുൻകൈ എടുത്ത് സംസാരിക്കുകയായിരുന്നുവെന്നും താരം ഓർമ്മിച്ചു.
അതേസമയം, ‘ജയിലർ 2’വിലെ പ്രകടനം കണ്ട് തന്നെ തേടി പുതിയ സിനിമകളൊന്നും വന്നിട്ടില്ലെന്നും താരം വെളിപ്പെടുത്തി. ചിത്രത്തിൽ തനിക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും വെറുതെ പിന്നിൽ നിൽക്കുന്ന വേഷം മാത്രമാണെന്നും ഹക്കീം തുറന്നുപറഞ്ഞു. എങ്കിലും ഇത്രയും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.
ഹക്കീമിന്റെ വാക്കുകൾ
”ജയിലറിലെ കഥാപാത്രത്തെ സംബന്ധിച്ച് അത് അയാളുടെ സ്ഥലമാണ്. അവിടെ അയാള്‍ക്ക് എന്തുമാകാം. ജയിലര്‍ ചെയ്യുന്ന സമയത്ത് എനിക്ക് കുറച്ച് പ്രശ്‌നങ്ങളുണ്ടായിരുന്നു. രജനി സാര്‍ ആയാലും വിദ്യ മാം ആയാലും എസ്.ജെ. സൂര്യ സാര്‍ ആയാലും, ആരോടും ഞാന്‍ അധികം മിണ്ടിയിട്ടുണ്ടായിരുന്നില്ല. ഞാനാണ് ഇതെല്ലാം ഡീല്‍ ചെയ്യുന്നത്, ഇതെന്താ നടക്കാത്തത് എന്ന ചിന്തയിലായിരുന്നു ഞാന്‍ നിന്നിരുന്നത്.
ഫസ്റ്റ് ഡെ രജനി സാറുമായി സംസാരിച്ച ശേഷം പിന്നീട് ഞാന്‍ പോയി മിണ്ടിയിട്ടില്ല. മറ്റ് അഭിമുഖങ്ങളിലൊക്കെ പറയുന്നത് പോലെ ഭയങ്കര അടിപൊളിയായിരുന്നുവെന്നൊക്കെ എനിക്കും പറയാം. പക്ഷെ, ഞാന്‍ അങ്ങനെ അവരുമായി ഇന്ററാക്ട് ചെയ്തിട്ടില്ലെന്നതാണ് സത്യം. ‘ഇത് എന്റെ ഏരിയയാണ്, ഇവരെക്കെ എന്താണ് ഇവിടെ ചെയ്യുന്നത്’ എന്ന മൂഡിലാണ് ഞാന്‍ നില്‍ക്കുന്നത്. ഷൂട്ട് മുഴുവന്‍ ഞാന്‍ ഭയങ്കര റസ്റ്റ്‌ലെസും ഇറിറ്റേറ്റഡുമായിരുന്നു.
അവസാനം ‘ഇയാളെന്താണ് ഇങ്ങനെ’ എന്ന് മറ്റുള്ളവർ ചോദിച്ചപ്പോള്‍, നെല്‍സണ്‍ ആണ് പറഞ്ഞത് ‘അയാള്‍ ഭയങ്കരമായി ക്യാരക്ടര്‍ പിടിച്ച് നില്‍ക്കുകയാണെന്ന്’. സത്യത്തില്‍ അദ്ദേഹം എന്നെ രക്ഷിച്ചു. ഇനി ഞാന്‍ പോയി എല്ലാവരോടും പറഞ്ഞു കൊടുക്കണ്ടല്ലോ, ഞാന്‍ ഇങ്ങനൊരു പരിപാടി പിടിച്ചു നില്‍ക്കുകയാണെന്ന്. അല്ലെങ്കില്‍ അവര് വിചാരിക്കില്ലേ ഇവനെന്താണ് ഇത്ര ജാഡയെന്ന്!
കുറച്ചെങ്കിലും നമ്മുടെ മുഖത്ത് ‘സ്റ്റാര്‍ സ്ട്രക്ക് മൊമന്റ്’ വന്നാല്‍ അത് കാമറയില്‍ കാണും. അത് ഉണ്ടാകാന്‍ പാടില്ല. ഹൃത്വിക് റോഷന്‍ വന്നിട്ടും ഞാന്‍ മിണ്ടിയിട്ടില്ല. എന്റെ മനസില്‍ എന്റെ വീട്ടിലേക്ക് വന്ന വേറെ ഒരാള്‍ മാത്രമായിരുന്നു അദ്ദേഹം.
സെറ്റില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത് വിദ്യ ബാലനുമായിട്ടാണ്. ഞങ്ങളുടെ കഥാപാത്രങ്ങള്‍ക്കിടയിലെ കെമിസ്ട്രി വര്‍ക്കാകണം എന്ന് കണ്ട് വിദ്യ മാം തന്നെയാണ് ഇങ്ങോട്ട് സംസാരിക്കാന്‍ മുന്‍കൈ എടുത്തത്.
അതേസമയം, ‘ജയിലര്‍ 2’ കണ്ട് എന്നെ ഇതുവരെ ഒരു സിനിമയിലേക്കും ആരും വിളിച്ചിട്ടില്ല. ഞാന്‍ ഇതുവരെ പുതിയൊരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. ജയിലര്‍ കണ്ടിട്ട് എനിക്ക് ഒരു വിളിയും വന്നിട്ടില്ല. അങ്ങനെ സംഭവിക്കുമെന്ന് വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുമില്ല. അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ട് എന്നെ വിളിക്കുമെന്നും തോന്നുന്നില്ല. കാരണം എനിക്ക് അതില്‍ പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ല. വെറുതെ പുറകില്‍ നില്‍ക്കുന്നത് മാത്രമേയുള്ളൂ. അതെന്റെ ഭയങ്കര പെര്‍ഫോമന്‍സാണെന്നും ഞാന്‍ പറയില്ല. പക്ഷെ ഇത്രയും വലിയൊരു സിനിമയുടെ ഭാഗമായതിന്റെ സന്തോഷമുണ്ട്.”