
ബോളിവുഡ് താരം മൗനി റോയിയും വ്യവസായിയായ സൂരജ് നമ്പ്യാരും വേർപിരിയുന്നു എന്ന വാർത്തകളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരണവുമായി സൂരജ് നമ്പ്യാർ. തങ്ങൾക്കിടയിൽ ജീവനാംശം സംബന്ധിച്ച തർക്കങ്ങളോ മൂന്നാമതൊരാളുടെ പങ്കാളിത്തമോ ഇല്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്നും സൂരജ് വ്യക്തമാക്കി. വേർപിരിയൽ ഇരു കക്ഷികളും പരസ്പര ബഹുമാനത്തോടെ എടുത്ത സംയുക്ത തീരുമാനമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. സൂരജിന്റെ ഈ പ്രതികരണം മൗനി റോയ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി റീപോസ്റ്റ് ചെയ്തിട്ടുണ്ട്.
തങ്ങളുടെ വേർപിരിയലിനെക്കുറിച്ച് മോശം ഉദ്ദേശ്യത്തോടെയാണ് വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് സൂരജ് നമ്പ്യാർ കുറിച്ചു. തങ്ങൾക്കിടയിൽ തർക്കങ്ങളോ ജീവനാംശ പ്രശ്നങ്ങളോ ഇല്ലെന്നും, മാധ്യമങ്ങൾ നിലവിലില്ലാത്ത കഥകൾ കെട്ടിച്ചമയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിലേക്ക് തങ്ങളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും പരിചയക്കാരെയും വലിച്ചിഴയ്ക്കുന്നതിൽ അദ്ദേഹം ശക്തമായ നിരാശ പ്രകടിപ്പിച്ചു. കരുതിക്കൂട്ടിയുള്ള തെറ്റായ വാർത്തകൾക്കു മുന്നിൽ നിശബ്ദമായിരിക്കാൻ തയ്യാറല്ലാത്തതിനാലാണ് പ്രതികരിക്കുന്നതെന്നും, തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സമാധാനപരമായി മുന്നോട്ട് പോകാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചാണ് സൂരജ് കുറിപ്പ് അവസാനിപ്പിച്ചത്.
ബോളിവുഡ് മാധ്യമങ്ങളിൽ ഇവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് നടി ദിഷ പഠാണിയുടെ പേര് ഉൾപ്പെടെയുള്ള വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. കൂടാതെ മൗനി റോയ് 100 കോടി രൂപ ജീവനാംശം ആവശ്യപ്പെട്ടു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെയാണ് ഇപ്പോൾ സൂരജ് വ്യക്തത വരുത്തിയിരിക്കുന്നത്.
“ഞങ്ങളുടെ വേർപിരിയലിനെക്കുറിച്ചുള്ള സമീപകാലത്തെ അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ വളരെ മോശം ഉദ്ദേശ്യത്തോടെയും പൂർണമായും ദുരുദ്ദേശ്യത്തോടെയും പ്രചരിപ്പിക്കുകയാണ്. ഞാൻ വസ്‌തുതകൾ വ്യക്തമാക്കട്ടെ. ജീവനാംശം ഇല്ല. തർക്കങ്ങൾ ഇല്ല. മൂന്നാം കക്ഷികൾ ആരും ഉൾപ്പെട്ടിട്ടില്ല. മൗനിയും ഞാനും പരസ്പര ബഹുമാനത്തോടെ ഒരുമിച്ച് വേർപിരിയാൻ തീരുമാനിച്ചതാണ്. അതാണ് സത്യം. റിപ്പോർട്ട് ചെയ്യപ്പെടുന്ന ബാക്കിയെല്ലാ കാര്യങ്ങളും കെട്ടിച്ചമച്ചവയാണ്, ചില സന്ദർഭങ്ങളിൽ, അവശ്യമായ യാതൊന്നും ചെയ്യാത്ത രണ്ട് വ്യക്‌തികളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ്. ഞങ്ങളെ വെറുതെ വിടണം എന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.
ഞാൻ ഇത് വ്യക്‌തമായി പറയാൻ ആഗ്രഹിക്കുന്നു: ഞങ്ങളിൽ ആരെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയെക്കുറിച്ചോ ഉള്ള ഏതെങ്കിലും അവകാശവാദങ്ങൾക്ക് യാതൊരു സത്യവുമില്ല. മറ്റുള്ളവരെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ല. പ്രത്യേകിച്ചും ഇതിൽ പങ്കില്ലാത്ത നിഷ്കളങ്കരായ സുഹൃത്തുക്കളെ മൗനിയും ഞാനും ഈ കാലയളവിൽ അന്തസ്സോടെ പെരുമാറിയിട്ടുണ്ട്, അത് റിപ്പോർട്ട് ചെയ്യുന്നവരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു
മാധ്യമങ്ങൾ നിലവിലില്ലാത്ത കഥകൾ മെനഞ്ഞെടുക്കാനും കെട്ടിച്ചമയ്ക്കാനും ശ്രമിച്ചു. യാതൊരു പരിശോധനയുമില്ലാതെയാണ് ഈ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്, അത് അനീതിയാണ്. കരുതിക്കൂട്ടിയുള്ള തെറ്റായ വാർത്തകൾക്കു മുന്നിൽ നിശബ്ദമായിരിക്കാൻ തയ്യാറല്ലാത്തതിനാൽ ഞാനിത് വ്യക്‌തമായി വിളിച്ചു പറയുന്നു. ഞങ്ങളുടെ സംയുക്‌ത പ്രസ്‌താവനയിൽ പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. എല്ലാവരോടും അത് മാനിക്കാനും ഞങ്ങൾ രണ്ടുപേർക്കും സമാധാനപരമായി മുന്നോട്ട് പോകാൻ ഇടം നൽകണമെന്നും അഭ്യർഥിക്കുന്നു. നന്ദി.”-സൂരജിന്റെ വാക്കുകൾ.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2022-ൽ ഗോവയിൽ വെച്ചായിരുന്നു മലയാളിയും ദുബായിൽ ബാങ്കറുമായിരുന്ന സൂരാജ് നമ്പ്യാരും മൗനി റോയിയും വിവാഹിതരായത്. കേരള, ബംഗാളി ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ജനപ്രിയ പരമ്പരകളായ ‘നാഗിൻ’, ‘മഹാദേവ്’ എന്നിവയിലൂടെ ശ്രദ്ധേയയായ മൗനി റോയ്, ‘ഗോൾഡ്’, ‘ബ്രഹ്മാസ്ത്ര’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡിലും മുൻനിര നടിയായി മാറിയ വ്യക്തിയാണ്.