“ദൃശ്യം കണ്ടു കഴിഞ്ഞപ്പോൾ തെറ്റ് പറ്റിയെന്ന് മനസ്സിലായി”; ദൃശ്യത്തിന് പ്രചോദനമായ സംഭവം വെളിപ്പെടുത്തി ജീത്തു ജോസഫ്

','

' ); } ?>

13 വര്‍ഷങ്ങള്‍ക്ക് ശേഷം ദൃശ്യം ആദ്യ ഭാഗം ചെയ്യാന്‍ പ്രചോദനമായ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി സംവിധായകൻ ജീത്തു ജോസഫ്. സിനിമയുടെ ആശയം കിട്ടുന്ന സമയത്ത് താൻ സിനിമയിൽ പോലും വന്നിട്ടില്ലെന്നും, സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ തനിക്ക് തെറ്റ് പറ്റിയെന്നും ജീത്തു ജോസഫ് പറഞ്ഞു. ദൃശ്യം 3 റിലീസിന്‍റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് തന്നെ പുറത്തിറക്കിയ ടീം ഇന്‍റര്‍വ്യൂവിലാണ് ജീത്തു ജോസഫ് മനസ്സ് തുറന്നത്.

“എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോ​ഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാ​ഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍.

ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു. അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം.” ജീത്തു ജോസഫ് പറയുന്നു.

“സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിം​ഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്‍റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ​ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിം​ഗ് ആയി. അതിന്‍റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു.

ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. ദൃശ്യം എന്ന സിനിമ ഉണ്ടാവാനുള്ള ആദ്യ ചിന്ത അതായിരുന്നു.” ജീത്തു ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം ഈ വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.