ബംഗ്ലൂരില്‍ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് സ്‌ഫോടനം… ഷൂട്ടിങ്ങ് കാണാനെത്തിയ അമ്മയും കുഞ്ഞും മരിച്ചു..

ബംഗ്ലൂരില്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ മരിച്ചു. ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷൂട്ടിങ്ങ് കാണാനെത്തിയ അമ്മയും അഞ്ച് വയസുള്ള മകളും അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ചയാണ് സംഭവം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.

ബംഗ്ലൂരിലെ എയ്‌റോസ്‌പെയ്‌സ് പാര്‍ക്കില്‍ വെച്ച് കാര്‍ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. സുമന്‍ ബാനു, അഞ്ചു വയസുള്ള മകള്‍ അയേഷ ബാനു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്നു വയസുള്ള മകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് കാണാന്‍ എത്തിയതായിരുന്നു ഇവര്‍.

ഗ്യാസ് സിലിണ്ടറിന്റെ മെറ്റല്‍ കവറിംഗിന് തീപിടിച്ച് ഷൂട്ടിംഗ് കണ്ടു നില്‍ക്കുന്നവരുടെ പുറത്തേക്ക് തെറിച്ചാണ് അപകടം ഉണ്ടായത്. രണം എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നടന്നത്. അപകടസ്ഥലത്തു നിന്നും പരിക്കേറ്റവരെ രക്ഷിക്കാതെ ചിത്രീകരണസംഘം മുങ്ങുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. സ്ഥലത്ത് അന്വേഷണത്തിനെത്തിയ പോലീസ് ഇവര്‍ ആവശ്യമായ സുരക്ഷ സന്നാഹങ്ങളോ ഷൂട്ടിങ്ങിനുള്ള അനുമതിയോ വാങ്ങിയിരുന്നില്ല എന്നാണ് പറഞ്ഞത്.