
നടൻ അജ്മൽ അമീറിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി പെൺകുട്ടികൾ. കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണം വിശദീകരിക്കാൻ അജ്‌മൽ പോസ്‌റ്റ് ചെയ്ത വിഡിയോയ്ക്ക് താഴെയാണ് പെൺകുട്ടികളുടെ വെളിപ്പെടുത്തൽ. അജ്‌മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും, വിഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ കമന്റ് ചെയ്തു. കൂടാതെ സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണങ്ങളുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്‍റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്സ് വോയിസില്‍ അജ്മലിന്‍റെ മുഖവും കാണിക്കുന്നുണ്ട്. എന്റെ കാസറ്റ് എന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അജ്മലിന്റെ കോള്‍ പുറത്തു വന്നിരുന്നത്.
പിന്നാലെ തന്നെ അത് എ ഐ ഉപയോഗിച്ച് ചെയ്തതാണെന്നും, അത്തരം എഡിറ്റിങ്ങുകൾക്ക് തന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞ് അജ്മൽ രംഗത്ത് വരികയുണ്ടായി. മെസജുകൾ തൻ്റെ അക്കൗണ്ട് കൈകാര്യം ചെയ്‌തവർ അയച്ചതാണെന്നാണ് അജ്‌മലിൻറെ വാദം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്‌മൽ സ്‌റ്റോറി പങ്കുവച്ചിട്ടുണ്ട്.
2007 ല്‍ പുറത്തിറങ്ങിയ ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘ഒരു വേനൽ പുഴയിൽ’ എന്ന ഗാനമാണ് അജ്മലിനെ ശ്രദ്ധേയനാക്കിയത്.