നയന്‍താരയുടെ ‘മൂക്കുത്തി അമ്മന്‍’ വൈറലാവുന്നു

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. 2 മിനുട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ആള്‍ദൈവങ്ങളെയും മതങ്ങളെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെയും മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെയും ആക്ഷേപ ഹാസ്യത്തിന്റെ ഭാഷയിലൂടെ വിമര്‍ശിക്കുകയാണ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ നവംബര്‍ 14നാണ് ചിത്രം റിലീസാവുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്.

ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ആര്‍.ജെ ബാലാജിയാണ് ‘മൂക്കുത്തി അമ്മനില്‍’ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉര്‍വശിയുടെയും ബാലാജിയുടെയും കഥാപാത്രങ്ങളുടെ കുടുംബ ദേവതയാണ് മൂക്കിത്തി അമ്മന്‍. ഇവരുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും നല്‍കി ഇവര്‍ക്കൊപ്പം എപ്പോഴും ദേവി ഉണ്ടാവുകയും ചെയ്യുന്നു. ബാലാജിയും എന്‍.ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.