സിനിമയിൽ മകൾക്ക് അവസരമൊരുക്കിയ മോഹൻലാലിനെതിരെയുള്ള വിമർശനങ്ങൾക്കെതിരെ സോഷ്യൽ മീഡിയ; നെപ്പോട്ടിസം ചർച്ചകളിൽ ഇരട്ടത്താപ്പെന്ന് കുറിപ്പ്

','

' ); } ?>

മോഹൻലാലിന്റെ മകൾ വിസ്മയ ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന നെപ്പോട്ടിസം ചർച്ചകൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയ കുറിപ്പ്. ചിത്രത്തിലെ കെ.എസ്. ചിത്ര ആലപിച്ച ആദ്യഗാനം പുറത്തിറങ്ങിയതിന് പിന്നാലെ വിസ്മയയുടെ പ്രകടനത്തെ അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ സജീവമായിരുന്നു. മകൾക്ക് വേണ്ടി പണം മുടക്കി സിനിമ എടുത്തതിന് മോഹൻലാലിനെ നിശിതമായി വിമർശിക്കുന്നവർക്കെതിരെ ഹൃഷികേശ് എന്ന അക്കൗണ്ടിൽ നിന്നും പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സ്വന്തം മകളുടെ സ്വപ്നത്തിന് ഒപ്പം നിൽക്കാൻ പണം മുടക്കിയ നടനെ വിമർശിക്കുന്നതിൽ യുക്തിയില്ലെന്നും നെപ്പോട്ടിസം ചർച്ച ചെയ്യുമ്പോൾ എല്ലാവർക്കും ഒരേ അളവുകോൽ എന്തുകൊണ്ട് ഉപയോഗിക്കുന്നില്ലെന്നും കുറിപ്പിൽ ചോദ്യമുയർത്തുന്നു.

സ്വന്തം മകനോ മകളോ ഒരു സ്വപ്നവുമായി മുന്നിൽ വന്നാൽ, അതിനുള്ള കഴിവും സാമ്പത്തിക സാഹചര്യവുമുള്ള ഏതൊരു അച്ഛനും ചെയ്യാവുന്ന ഏറ്റവും മികച്ച അവസരം ഒരുക്കിക്കൊടുക്കുന്നത് മനുഷ്യന്റെ സ്വാഭാവിക സ്വഭാവമാണെന്ന് കുറിപ്പിൽ പറയുന്നു. ഇത് ബിസിനസിലും രാഷ്ട്രീയത്തിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലുമെന്നും, മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ ഹൗസിന്റെ സിനിമയിലാണ് മകളെ അവതരിപ്പിച്ചതെന്നും അതിനായി മറ്റൊരു നിർമ്മാതാവിനെയും നിർബന്ധിക്കുകയോ, മറ്റൊരാളുടെ അവസരം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഹൃഷികേശ് വ്യക്തമാക്കുന്നു.

മലയാള സിനിമയിലെ മറ്റ് ചില മെഗാതാരങ്ങളുടെ മക്കൾക്ക് അവരുടെ അച്ഛന്മാർ പിന്തുണ നൽകിയിട്ടില്ലെന്ന തരത്തിൽ പ്രചരിക്കുന്ന പിആർ കഥകൾ വ്യാജമാണെന്നും കുറിപ്പ് വിമർശിക്കുന്നു. ഒരു പോസ്റ്റർ ഷെയർ ചെയ്യാത്തതു കൊണ്ട് മാത്രം പിന്തുണയില്ലെന്ന് അർത്ഥമില്ലെന്നും, സിനിമകൾ തിരഞ്ഞെടുക്കുന്നതിലും മികച്ച സംവിധായകരെയും ടെക്നീഷ്യൻമാരെയും തുടക്കത്തിൽ തന്നെ ലഭിക്കുന്നതിലും ഇൻഡസ്ട്രിയിലെ ബന്ധങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് പരസ്യമായ കാര്യമാണെന്നും ഇതിൽ ചൂണ്ടിക്കാണിക്കുന്നു. ‘അതെ, ഞാൻ എന്റെ മക്കളെ പിന്തുണയ്ക്കുന്നു’ എന്ന് തുറന്നുപറയുന്ന മോഹൻലാലിന്റെ രീതിയാണ്, ‘മക്കൾ സ്വന്തമായി വളർന്നതാണ്’ എന്ന കപട നറേറ്റീവുകളേക്കാൾ സത്യസന്ധമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ആദ്യ അവസരം ഒരുക്കിക്കൊടുക്കാൻ അച്ഛന് സാധിക്കുമെങ്കിലും സിനിമയിൽ നിലനിൽക്കണമെങ്കിൽ കഴിവും അധ്വാനവും ഭാഗ്യവും വേണമെന്ന മോഹൻലാലിന്റെ വാക്കുകൾ തന്നെയാണ് ഏറ്റവും വലിയ സത്യമെന്ന് കുറിപ്പ് ഓർമ്മിപ്പിക്കുന്നു. പ്രണവ് മോഹൻലാൽ ചെയ്ത ചിത്രങ്ങൾ വിജയിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്ന് മാർക്കറ്റുള്ളതെന്നും, ദുൽഖർ സൽമാന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിച്ചതെന്നും വ്യക്തമാക്കുന്ന കുറിപ്പിൽ, വിസ്മയ സിനിമയിൽ വിജയിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്നും പറയുന്നു. മറ്റൊരാളുടെ അവസരം തട്ടിയെടുക്കുമ്പോഴോ, അധികാരം ഉപയോഗിച്ച് കാസ്റ്റിംഗ് മാറ്റുമ്പോഴോ മാത്രമാണ് നെപ്പോട്ടിസം തെറ്റാകുന്നത്. ഒളിച്ചുകളികളോ പിആർ തന്ത്രങ്ങളോ ഇല്ലാതെ സ്വന്തം പണം മുടക്കി മകൾക്ക് അവസരം നൽകിയ ഒരാളെ മാത്രം വിചാരണ ചെയ്ത് മറ്റുള്ളവരെ വിശുദ്ധരാക്കുന്ന ഇരട്ടത്താപ്പാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടതെന്നും, സിനിമയിൽ ആദ്യ വാതിൽ തുറക്കാൻ അച്ഛന് കഴിഞ്ഞേക്കാമെങ്കിലും അതിലൂടെ മുന്നോട്ട് നടക്കാൻ സ്വന്തം കഴിവ് മാത്രം മതിയാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്