നടനവിസ്മയത്തിന് ഇന്ന് പിറന്നാള്‍…വേഷപകര്‍ച്ചയുടെ നാല്‍പ്പതാണ്ട്

മലയാള ചലച്ചിത്രരംഗത്തെ വിസ്മയം മോഹന്‍ലാലിന് ഇന്ന് ഷഷ്ടി പൂര്‍ത്തി. മോഹന്‍ലാല്‍ എന്ന താരത്തിന്റെ പാട്ടോ, കാഴ്ച്ചയോ, വര്‍ത്തമാനമോ ഇല്ലാത്ത നാല് പതിറ്റാണ്ട് മലയാളിയുടെ ജീവിതത്തിലുണ്ടാവില്ല. അതുകൊണ്ട് തന്നെ സ്വന്തം ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി നിരവധി ആരാധകരാണ് സോഷ്യല്‍മീഡിയയില്‍ സജീവമായത്. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ താരത്തിന് ഒന്‍പത് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആദ്യമായി കിരീടത്തിലെ പ്രകടനത്തിന് ദേശീയ പുരസ്‌കാര ജൂറിയുടെ പ്രത്യേകപരാമര്‍ശം ലഭിച്ചപ്പോള്‍ ഭരതത്തിലേയും വാനപ്രസ്ഥത്തിലേയും പ്രകടനത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ട് തവണ നേടിയത്. ജനതാഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം കണക്കിലെടുത്ത് 2016ല്‍ ദേശീയ ചലച്ചിത്രപുരസ്‌കാരജൂറിയുടെ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചു. ടി.പി ബാലഗോപാലന്‍ എം.എ, പാദദമുദ്ര, ചിത്രം, ഉത്സവപിറ്റേന്ന്, ആര്യന്‍, വെള്ളാനകളുടെ നാട്, അഭിമന്യു, കിലുക്കം, ഉള്ളടക്കം, ഭരതം, കാലാപാനി, സ്ഫടികം, വാനപ്രസ്ഥം, തന്‍മാത്ര, പരദേശി തുടങ്ങീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് സംസ്ഥാനപുരസ്‌കാരങ്ങള്‍ ലഭിച്ചത്.

വേഷപകര്‍ച്ചയുടെ നാല്‍പ്പതാണ്ടാണ് മലയാളിക്ക് മുന്നില്‍ കാഴ്ച്ചകളായി നിറഞ്ഞുനില്‍ക്കുന്നത്. മലയാളവും കടന്ന് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങീ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലേക്കും ലാലിന്റെ നടനചാരുതയൊഴുകി. അഭിനയത്തിനു പുറമേ പിന്നണി ഗായകനായും നിര്‍മ്മാതാവായും വിതരണക്കാരനായുമെല്ലാം സിനിമയുടെ സകലമേഖലകളിലും അദ്ദേഹം പടര്‍ന്ന് പന്തലിച്ചു. ഇന്ത്യന്‍ ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി ഭാരത സര്‍ക്കാര്‍ ആദരിച്ചു. 2009ല്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി. ചലച്ചിത്ര ലോകത്തിനും സംസ്‌കൃത നാടകത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയും മോഹന്‍ലാലിനെ ആദരിച്ചിട്ടുണ്ട്.

1980, 90 ദശകങ്ങളില്‍ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ശ്രദ്ധേയനായി മാറിയത്. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ സോളമന്‍, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസന്‍, തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ജയകൃഷ്ണന്‍, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, ഇരുവര്‍ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടന്‍, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശന്‍ നായര്‍, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവന്‍ കുട്ടി തുടങ്ങിയവ മോഹന്‍ലാലിന്റെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളാണ്.

വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലാണ് ജനനം. മോഹന്‍ലാലിന്റെ അച്ഛന്‍ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹന്‍ലാലിന്റെ കുട്ടിക്കാലം. മുടവന്‍മുകളിലുള്ള ഒരു ചെറിയ സ്‌കൂളിലാണ് മോഹന്‍ലാല്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. മോഹന്‍ലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജില്‍ ആയിരുന്നു. കോളേജില്‍ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദര്‍ശന്‍, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയില്‍ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്. പ്രിയദര്‍ശന്‍, എം.ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിര്‍മ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങള്‍ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോള്‍ മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ഫാസില്‍ സംവിധാനം ചെയ്ത ആ ചിത്രത്തില്‍ മോഹന്‍ലാലിന് വില്ലന്‍ വേഷമായിരുന്നു. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ശങ്കര്‍ ആയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിനു ശേഷം മോഹന്‍ലാലിന് ധാരാളം അവസരങ്ങള്‍ ലഭിക്കുകയുണ്ടായി. 1983ല്‍ 25ഓളം ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിക്കുകയുണ്ടായി. ആ സമയത്ത് മോഹന്‍ലാല്‍ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളില്‍, ഐ.വി. ശശി സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരായിരുന്നു. സാവധാനം, പ്രതിനായക വേഷങ്ങളില്‍ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാല്‍, തുടര്‍ന്ന് കാമ്പുള്ളതും ഹാസ്യംകലര്‍ന്നതുമായ നായകവേഷങ്ങള്‍ കൈകാര്യം ചെയ്യുവാന്‍ തുടങ്ങി. ഇത്തരം മോഹന്‍ലാല്‍ ചിത്രങ്ങള്‍ കൂടുതലായും സംവിധാനം ചെയ്തതു പ്രശസ്ത സംവിധായകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ പ്രിയദര്‍ശനായിരുന്നു. പ്രിയദര്‍ശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങള്‍ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളില്‍ പ്രധാനങ്ങളാണ്. പ്രിയദര്‍ശന്‍ കഥയും, തിരക്കഥയും നിര്‍വഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ല്‍ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെയാണ് ലാലിന് നായക പദവി ലഭിച്ചു തുടങ്ങിയത്.

1986 മുതല്‍ 1995 വരെയുള്ള കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടി ചേര്‍ന്ന നല്ല ചലച്ചിത്രങ്ങള്‍ കൂടുതലായും പിറവിയെടുത്തത്. ഈ കാലഘട്ടത്തിലാണ് മോഹന്‍ലാലിന്റെ അഭിനയ മികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങളും ധാരാളമായി പുറത്തിറങ്ങിയത്. മലയാള ചലച്ചിത്ര വേദിയില്‍ മോഹന്‍ലാലിന്റെ മികച്ച വര്‍ഷങ്ങളില്‍ ഒന്നാണ് 1986. ഈ വര്‍ഷത്തില്‍ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലന്‍ എം.എ. എന്ന സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രം മോഹന്‍ലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു. ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഈ ചിത്രം മൂലം മോഹന്‍ലാല്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു. മോഹന്‍ലാല്‍ ഒരു അധോലോക നായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനമായിരുന്നു. ഇതേ വര്‍ഷത്തിലാണ് താളവട്ടം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മാനസിക നില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹന്‍ലാലിന്. വാടകക്കാര്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്ര പ്രവര്‍ത്തകനായി അഭിനയിച്ച പഞ്ചാഗ്‌നി എന്ന ചിത്രവും, മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രവും, ഒരു ഗൂര്‍ഖയായി വേഷമിട്ട ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലന്‍ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങള്‍ നന്നായി ചെയ്തു തുടങ്ങിയതു മുതല്‍ അദ്ദേഹം മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി.

ലോഹിതദാസ്-സിബി മലയില്‍ കൂട്ടുകെട്ടിന്റെ ചിത്രങ്ങള്‍ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെയാണ് സൃഷ്ടിച്ചത്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവന്‍ എന്ന കഥാപാത്രം ഇതിലൊന്നാണ്. 1989ല്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലാലിന് നേടിക്കൊടുത്തു.

ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹിക പ്രാധാന്യമുള്ള വരവേല്‍പ്പ് എന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചു. ഗള്‍ഫില്‍ നിന്ന് തിരിച്ചു വരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതില്‍ ലാല്‍ അഭിനയിച്ചത്. പിന്നീട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഒരു സാധാരണ കാമുക നായക വേഷങ്ങളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളില്‍ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 365 ദിവസത്തിലധികം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു.

1993ല്‍ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായര്‍, പത്മരാജന്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്‌കാരത്തില്‍ ലാല്‍ നായകനായിട്ടുണ്ട്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്. 1993ല്‍ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുകയുണ്ടായി. 90കളില്‍ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങള്‍ ലാല്‍ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തില്‍ മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങള്‍ മിഥുനം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.

1996മുതല്‍ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ മോഹന്‍ലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിര്‍മ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ഇതില്‍ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി നേടികൊടുത്തു. ആറാം തമ്പുരാന്‍, ഉസ്താദ്, നരസിംഹം, പ്രജ, നരന്‍ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പര്‍സ്റ്റാര്‍ എന്ന പദവി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങള്‍ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തു. 90കളുടെ അവസാനത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി ഇതില്‍ നിന്ന് വ്യത്യസ്തമായി വിജയിച്ചു കയറിയ ചിത്രമായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജവംശം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ ജയിലില്‍ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയ തലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997ല്‍ മോഹന്‍ലാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വര്‍ഗ്ഗീയ ലഹളയേയും, ആത്മീയതയേയും ചര്‍ച്ച ചെയ്ത ഈ ചിത്രം. ഓസ്‌കാര്‍ അവാര്‍ഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരുന്നു. രാജീവ് അഞ്ചല്‍ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വര്‍ഷത്തില്‍ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

1999ല്‍ പുറത്തിറങ്ങിയ ഇന്‍ഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങള്‍ ലഭിക്കുകയുണ്ടായി. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് രണ്ടാം തവണ മോഹന്‍ലാലിന് ഈ ചിത്രം നേടിക്കൊടുത്തു. 2006ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 2007ല്‍ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരവും, ഫിലിം ഫെയര്‍ പുരസ്‌കാരവും, ക്രിട്ടിക്‌സ് അവാര്‍ഡും ലാലിന് നേടിക്കൊടുത്തു. 2009ല്‍ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകര്‍ഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഇത്.

1997ലാണ് മോഹന്‍ലാല്‍, മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന തമിഴ് ചലച്ചിത്രത്തില്‍ അഭിനയിക്കുന്നത്. ലോകസുന്ദരി ആയിരുന്ന ഐശ്വര്യ റായ് ആയിരുന്നു ഈ ചിത്രത്തിലെ നായിക. ഈ ചിത്രത്തില്‍ എം.ജി.ആറിന്റെ വേഷത്തില്‍ അഭിനയിച്ചു. ഐശ്വര്യ റായുടെ ആദ്യ ചിത്രമായിരുന്നു ഇത്. ഇതിനു ശേഷമാണ് മോഹന്‍ലാല്‍ മലയാള ഭാഷേതര ചിത്രങ്ങളില്‍ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തില്‍ 2002ല്‍ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാഡമിയുടെ നല്ല സഹ നടനുള്ള അവാര്‍ഡ് ലഭിച്ചു. 2009ല്‍ വിഖ്യാത നടന്‍ കമലഹാസനോടൊപ്പം തമിഴില്‍, ഉന്നൈ പോല്‍ ഒരുവന്‍ എന്ന ചിത്രത്തിലും ലാല്‍ അഭിനയിച്ചു. ഒരു ഹിന്ദി ചിത്രമായ എ വെനസ്‌ഡേ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായിരുന്നു ഈ ചിത്രം. തമിഴില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രം ഹിന്ദിയില്‍ അനുപം ഖേര്‍ ആണ് അവതരിപ്പിച്ചത്. 2014ല്‍ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയില്‍ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തില്‍ അഭിനയിച്ചു.

വലിയതാരമായി നില്‍ക്കുമ്പോഴും ഇമേജ് ടെന്‍ഷനില്ലാതെ മോഹന്‍ലാല്‍ പല പ്രൊജക്റ്റുകളുടേയും ഭാഗമായി. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കരപക്കി പോലുള്ള കഥാപാത്രങ്ങള്‍ ഇതിനുദാഹരമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ ലൂസിഫര്‍ എന്ന ചിത്രത്തിലൂടെ ബോക്‌സോഫീസ് ഇളക്കിമറിക്കാന്‍ കഴിയുന്ന പ്രായം തളര്‍ത്താത്ത പോരാളിയാണ് താനെന്ന് മോഹന്‍ലാല്‍ ഇപ്പോഴും കാണിച്ചു തരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം ‘എമ്പുരാന്‍’ ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബികടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് ചരിത്രസിനിമയാണ് cഹന്‍ലാലിന്റേതായി ഇനി റിലീസിനൊരുങ്ങി നില്‍ക്കുന്നത്. നടനായി തിളങ്ങിയ മോഹന്‍ലാല്‍ സംവിധാനരംഗത്തേക്കും കാലെടുത്ത് വെയ്ക്കുകയാണ്. ബറോസ്സ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്ന കഥയാണ് മോഹന്‍ലാല്‍ സിനിമയാക്കുന്നത്. ഗാമയുടെ നിധി സൂക്ഷിക്കുന്ന ആളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാള്‍ അത് കാത്ത് സൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാള്‍ അത് കൈമാറുകയുള്ളൂ. ബറോസ്സിന്റെ അടുത്തക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും, അതിന്റെ രസങ്ങളുമാണ് കഥയെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഗോവയിലായിരിക്കും ഈ സിനിമ ചിത്രീകരിക്കുക. ബറോസ്സ് ഒരു തുടര്‍ സിനിമ ആയിട്ടായിരിക്കും സൃഷ്ടിക്കപ്പെടുക എന്നാണ് സൂചന. തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ നടനപ്രതിഭ സംവിധാനത്തിലൂടെയും മലയാളികളെ വിസ്മയിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.