
നിർമ്മാതാവും സുഹൃത്തുമായ ആന്റണി പെരുമ്പാവൂരിന് പിറന്നാൾ-വിവാഹവാർഷിക ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആന്റണിക്കും ഭാര്യ ശാന്തിക്കുമൊപ്പം മോഹൻലാലും ഭാര്യ സുചിത്രയുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് മോഹൻലാലിന്റെ ആശംസ കുറിപ്പ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മോഹൻലാലിന്റെ കുറിപ്പ്. ഇന്നലെയായിരുന്നു ആന്റണിയുടെ ജന്മദിനവും, വിവാഹവാർഷികവും.
‘പിറന്നാൾ ആശംസകൾ പ്രിയപ്പെട്ട ആൻ്റണി. സമാധാനവും സന്തോഷവും ആരോഗ്യവും എണ്ണിയാലൊടുങ്ങാത്ത നല്ല നിമിഷങ്ങളും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. വിവാഹവാർഷിക ദിനത്തിൽ, ഒന്നിച്ച് പടുത്തുയർത്തിയ എല്ലാത്തിനേയും നന്ദിയോടെ ഓർക്കാനും മുന്നിലുള്ള മനോഹരമായ യാത്രയെ ആവേശത്തോടെ സ്വീകരിക്കാനും സാധിക്കട്ടേ.’ മോഹൻലാൽ കുറിച്ചു.
ആശിർവാദ് സിനിമാസ് എന്ന പ്രമുഖ നിർമാണ കമ്പനിയുടെ അമരക്കാരനായ ആന്റണി പെരുമ്പാവൂർ 1968 മേയ് 25-നാണ് ജനിച്ചത്. മോഹൻലാലിന്റെ ഡ്രൈവറായി സിനിമാ മേഖലയിലേക്ക് കടന്നുവന്ന അദ്ദേഹം പിന്നീട് മലയാള സിനിമയിലെ ഏറ്റവും സ്വാധീനമുള്ള നിർമാതാക്കളിൽ ഒരാളായി മാറുകയായിരുന്നു. നിർമാണത്തിന് പുറമെ മോഹൻലാൽ ചിത്രങ്ങളായ ‘കിലുക്കം’ മുതൽ അണിയറയിലൊരുങ്ങുന്ന ‘ദൃശ്യം 3’ വരെ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ നടനായും ആന്റണി പെരുമ്പാവൂർ തിളങ്ങിയിട്ടുണ്ട്. ശാന്തിയാണ് ഭാര്യ. ഇരുവർക്കും രണ്ട് മക്കളുണ്ട്. മോഹൻലാലിന്റെ ആശംസ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.