‘മാതള തേനുണ്ണാന്‍’ തിരുത്തേണ്ടത് മോഹന്‍ലാല്‍…ചാനലിന് ഉത്തരവാദിത്വമില്ലേ?- വി.ടി മുരളി

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന പരിപാടിയില്‍ മാതള തേനുണ്ണാന്‍ എന്ന ഗാനം താന്‍ പാടിയതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വി.ടി മുരളി. ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍ താന്‍ പാടിയ ഗാനമാണിതെന്ന് കാണിച്ച് വി.ടി മുരളിയും അദ്ദേഹത്തിന്റെ മകളും രംഗത്തെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സുകാരുടെ അധിക്ഷേപത്തിന് ഇടയാകേണ്ടി വന്ന സാഹചര്യത്തിലാണ് വി.ടി മുരളി സെല്ലുലോയ്ഡിനോട് തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

‘പാട്ട് പാടിയതാരാണെന്നറിയുമോ എന്ന ചോദ്യമാണ് ധര്‍മ്മജനോട് ഈ പരിപാടിയില്‍ മോഹന്‍ലാല്‍ ഉന്നയിച്ചത്. അദ്ദേഹത്തിന് ചിലപ്പോള്‍ തെറ്റ് പറ്റിയതാകാം, ബോധപൂര്‍വ്വമാകാം അതൊന്നും എന്റെ വിഷയമല്ല. അത് പാടിയത് താനാണെന്ന് ആളുകളെ ബോധ്യപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ഫാന്‍സ് അസോസിയേഷന്‍കാരല്ല, തെറ്റുപറ്റിയാല്‍ തിരുത്തേണ്ടത് മോഹന്‍ലാലാണ്. തെറ്റ് പറ്റിയെങ്കില്‍ ചാനലിനോ, പ്രൊഡ്യൂസര്‍ക്കോ തന്നെ വിളിച്ചു കൂടെ, ഒരു വിഷയം സംപ്രേക്ഷണം ചെയ്താല്‍ ചാനലിന് ആ കാര്യത്തില്‍ ഉത്തരവാദിത്വമില്ലേ’എന്നും അദ്ദേഹം ചോദിയ്ക്കുന്നു. ആരാധകര്‍ തന്നെ തെറി വിളിയ്ക്കുമ്പോള്‍ അത് മോഹന്‍ലാലിനെയാണ് ബാധിക്കുക. മോഹന്‍ലാല്‍ ഇപ്പോള്‍ പാടുന്നതിനാല്‍ അങ്ങനെ പറയുമ്പോള്‍ ഈ പാട്ട് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം ആ പരിപാടിയില്‍ തന്റെ പേര് കൂടെ പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചെന്നും വി.ടി മുരളി പറഞ്ഞു. താന്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ നടത്തിയതാണെന്ന് അദ്ദേഹം പറയുന്നു. സെല്ലുലോയ്ഡിന് നല്‍കിയ അഭിമുഖത്തില്‍ മാതള തേനുണ്ണാന്‍ എന്ന ഗാനം ആലപിക്കുമ്പോഴുണ്ടായ അന്നത്തെ സംഭവങ്ങളും അദ്ദേഹം ആദ്യമായി വിശദീകരിക്കുന്നുണ്ട്. അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം സെല്ലുലോയ്ഡ് മാഗസിനിലും യുട്യൂബിലും ഉടന്‍ സംപ്രേക്ഷണം ചെയ്യും.