
കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ “ഓപ്പറേഷൻ തൂഫാൻ- ദി നാർക്കോ ഹണ്ടിന്” പൂർണ്ണ പിന്തുണയുമായി നടൻ മോഹൻലാൽ. ലഹരി മാഫിയയുടെ വേരറുക്കുന്ന ഈ വലിയ പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്ത താരം, താനും ഒരു “തൂഫാൻ വാരിയർ” ആയി അണിചേരുകയാണെന്ന് വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ ഈ പ്രഖ്യാപനം നടത്തിയത്.
ലഹരിക്കെതിരെയുള്ള ശക്തമായ നടപടികൾ വർഷങ്ങളായി താൻ ആഗ്രഹിക്കുന്ന ഒന്നാണെന്ന് മോഹൻലാൽ ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. വളരെയധികം കുടുംബങ്ങളെയും വിദ്യാർത്ഥികളെയും രക്ഷിക്കാൻ സഹായിക്കുന്ന ഇത്തരം പദ്ധതികൾക്ക് തുടർച്ചയുണ്ടാകണമെന്നും, ഈ ദൗത്യം ഒരു കൊടുങ്കാറ്റായി (തൂഫാൻ) മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കൂടാതെ, വിശ്വശാന്തി ഫൗണ്ടേഷന്റെ ‘ബി എ ഹീറോ, സേ നോ റ്റു ഡ്രഗ്‌സ്’ പ്രോജക്റ്റിന്റെ വിശദാംശങ്ങൾ അദ്ദേഹം ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും, കേരളാ പോലീസുമായി ചേർന്ന് ഏതുതരത്തിലുള്ള സഹകരണത്തിനും തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
ഈ ദൗത്യം ഒരു താൽക്കാലിക ആവേശം മാത്രമല്ലെന്നും രാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും പങ്കാളിത്തം ഇതിനുണ്ടെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. തുടർന്ന് ‘അയാം എ തൂഫാൻ വാരിയർ’ എന്ന് രേഖപ്പെടുത്തിയ ഔദ്യോഗിക ബാഡ്‌ജ് അദ്ദേഹം മോഹൻലാലിന് കൈമാറി. ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.