“എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന്”; മാണിക്യനെ കാണാൻ തീയേറ്ററുകളിലെത്തുമെന്ന് മോഹൻലാൽ

','

' ); } ?>

പ്രിയദർശനൊപ്പം ചെയ്ത തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്ന് തേന്മാവിൻ കൊമ്പത്താണെന്ന് നടൻ മോഹൻലാൽ. 4K ദൃശ്യ മികവിൽ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററിൽ കാണാൻ മാണിക്യനായി താനും എത്തുകയാണെന്നും മോഹൻലാൽ പറഞ്ഞു. ചിത്രത്തിൻറെ റീ റിലീസിന് മുന്നോടിയായി ചിത്രത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലെത്തിയ ചിത്രം ഒക്ടോബർ എട്ടിനാണ് വീണ്ടും തിയേറ്ററുകളിൽ എത്തുന്നത്.

പുതിയ പതിപ്പിൽ 4K ദൃശ്യ മികവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒറിജിനൽ 35mm നെഗറ്റീവ് 4Kയിൽ സ്‌കാൻ ചെയ്ത് സൂപ്പർ 4K നിലവാരത്തിലേക്ക് ഡിജിറ്റൽ റീസ്റ്റോർ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകൾ കൂടുതൽ മികവോടെ ബിഗ് സ്‌ക്രീനിൽ കാണാനാകുമെന്ന പ്രത്യേകതയും റീ- റിലീസിനുണ്ട്. ഒറിജിനൽ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂർത്തിയാക്കിയിരിക്കുന്നത്.

1994ൽ പുറത്തിറങ്ങിയ ചിത്രത്തിലെ മോഹൻലാലിന്റെ മാണിക്യനും ശോഭനയുടെ കാർത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നർമം നിറഞ്ഞ മുഹൂർത്തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു. പുതിയ തലമുറയ്‌ക്കൊപ്പം പഴയ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീനിൽ ചിത്രം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് റീ- റിലീസ് ഒരുക്കുന്നത്.

ചിത്രത്തിന്റെ രചനയും സംവിധാനവും പ്രിയദർശൻ ആണ്. ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്‌സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണൻ നിർമിച്ച ചിത്രം ഒക്ടോബർ എട്ടിന് ആഗോളതലത്തിൽ വീണ്ടും തിയേറ്ററുകളിലെത്തും. റീ- റിലീസിനായി ചിത്രം 4Kയിൽ റീമാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ- ഫോർ എന്റർടെയ്ൻമെന്റ്‌സും ചേർന്നാണ്. മാണിക്യനെ വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകർ.

രചന, സംവിധാനം: പ്രിയദർശൻ, നിർമാതാവ്: എൻ. ഗോപാലകൃഷ്ണൻ, ബാനർ: പ്രസിദ്ധി ക്രിയേഷൻസ്, സൂര്യ സിനി ആർട്‌സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണി- ഇഗ്‌നേഷ്യസ്, പശ്ചാത്തലസംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിങ്: എൻ. ഗോപാലകൃഷ്ണൻ, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജൻ, പ്രൊഡക്ഷൻ ഡിസൈൻ: സാബു സിറിൽ, ഡിജിറ്റൽ മാർക്കറ്റിങ്: ഉണ്ണി രാജേന്ദ്രൻ, പി.ആർ.ഒ: ഐശ്വര്യ രാജ്.

Leave a Reply

Your email address will not be published. Required fields are marked *