12th മാന്‍’ ഭാഗമായി മോഹന്‍ലാല്‍

12th മാന്‍ സെറ്റില്‍ നടന്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തു. ഇടുക്കിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ആ സമയത്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലായിരുന്നു. സെപ്റ്റംബര്‍ 6ന് ബ്രോഡാഡി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഒരാഴ്ച്ചക്ക് ശേഷം 12th മാനിന്റെ സെറ്റിലെത്തിയിരിക്കുകയാണ്. നീല ടീ ഷര്‍ട്ടുമിട്ട് ചിത്രത്തിലെ മറ്റൊരു താരത്തിനൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12വേ മാന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിതെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.

ജീത്തു ജോസഫ് 2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം,