ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്

2017 ഓഗസ്റ്റ് മാസം ഒടിയന്റെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ വരാണസിയിലെത്തിയപ്പോള്‍ ഉണ്ടായ സംഭവത്തെ കുറിച്ചുള്ള ആര്‍ രാമാനന്ദിന്റെ ലേഖനത്തിന്റെ തലക്കെട്ടാണ് ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്. മഹായോഗി മഹാവതാര്‍ ബാബാജി നാഗരാജ് ശിഷ്യനും ശ്രീ യുക്തേശ്വര ഗിരിയുടെ ഗുരുവുമായ ശ്യാമചരണ്‍ ലാഹിരിയെന്ന മഹായോഗിയുടെ വീട് സന്ദര്‍ശിച്ച സംഭവമാണ് ലേഖകന്‍ വിശദീകരിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം കാശിയില്‍ ചെലവഴിച്ച അനുഭവവും, ആത്മമീയ വിഷയങ്ങളുമാണ് ലേഖനത്തില്‍. ഈ ലക്കം കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച മുഖലേഖനം, ആര്‍ രാമാനന്ദ് ഫേസ്ബുക്കില്‍ പങ്കുവെച്ചത് താഴെ വായിക്കാം….

ലാലേട്ടന് ലാഹിരിയുടെ ക്ഷണക്കത്ത്

2017 ഓഗസ്റ്റ് മാസം 29-ാം തീയ്യതി. വാരണാസിയിലെ അസിഗാട്ടിൽ ഗംഗയ്ക്ക് അഭിമുഖമായി മനോഹരമായി പണികഴിപ്പിച്ച ഹോട്ടൽ ഗാംഗസ് വ്യൂ, രാത്രി എട്ടുമണിയോട് അടുക്കുന്നു.. ആ സമയം, ഒരു സ്വപ്നം പോലെ, ഒരു ഞൊടിയ്ക്ക് ഒരു കോടി ഒടിമറയുന്ന അവിസ്മരണീയമായ പകർന്നാട്ടങ്ങളിലൂടെ മലയാളിയുടെ കണ്ണും കരളും കവർന്ന ആ വിസ്മയ പ്രതിഭയുടെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു ഞാൻ..

രാം എത്ര തവണ വന്നിട്ടുണ്ട് കാശിയിൽ ?
ഇത് കൂടെ കൂട്ടി മൂന്നാമത്തെ വട്ടമാണ് ലാലേട്ടാ.
കാശി ബാബയുടെ വീട് എവിടെയാണെന്ന് അറിയാമോ ?
കാശി ബാബ ? (ഞാൻ ആ പേര് കേട്ടതായേ ഓർക്കുന്നില്ല)
അതെ, കാശി ബാബ, അറിയില്ലേ ?
ഇല്ല ലാലേട്ടാ ഞാൻ കേട്ടിട്ടില്ല.

ഉടനെ അദ്ദേഹം ഫോണെടുത്ത് കാശി ബാബയുടെ ചിത്രം എന്നെ കാണിച്ചു തന്നു.
ഞാൻ അത്ഭുതത്തോടെ ചോദിച്ചു
‘അല്ല ഇത് ലാഹിരി മഹാശയൻ അല്ലേ ലാലേട്ടാ’ ?
‘അതെ ലാഹിരി തന്നെ ശ്യാമചരൺ ലാഹിരി, അദ്ദേഹത്തിന് കാശി ബാബ എന്നൊരു പേരുണ്ട് അദ്ദേഹത്തിൻ്റെ വീട് കാശിയിൽ ആണ് ‘.
സത്യമായും മരണമില്ലാത്ത മഹായോഗി മഹാവതാർ ബാബാജി നാഗരാജ് ശിഷ്യനും ശ്രീ യുക്തേശ്വര ഗിരിയുടെ ഗുരുവുമായ ആ മഹായോഗിയുടെ വീട് കാശിയിൽ ആണെന്ന് ലാലേട്ടൻ പറഞ്ഞാണ് ഞാൻ അറിയുന്നത്. ആത്മീയത എന്ന് ഉറപ്പിച്ചു പറയാൻ തുടങ്ങുന്നതിനുമുമ്പ് കയ്യിൽ വന്ന പുസ്തകമാണ് പരമഹംസ യോഗാനന്ദൻ്റെ ‘ഒരു യോഗിയുടെ ആത്മകഥ’ ഓരോ പേജും അത്ഭുതത്തോടെ വായിച്ചു തീർത്തതും ലാഹിരിയുടെ കണ്ണുചിമ്മിയുള്ള ആ ചിരി നോക്കി മാത്രം കണ്ണുനിറഞ്ഞു പോയതുമായ ഓർമ്മകൾ എന്നിലേക്ക് ഒഴുക്കിനെതിരു പിടിച്ചു തിരിച്ചു വന്നു കൊണ്ടിരുന്നു…

‘രാം ഞാൻ പതിനഞ്ചു തവണയിലധികം പല സിനിമകൾക്കും വേണ്ടി ഇവിടെ വന്നിട്ടുണ്ട് ഈ സിനിമയും വാരാണസിയിൽ തുടങ്ങട്ടെ എന്ന് തോന്നിയത് എന്തുകൊണ്ടാണെന്ന് അറിയില്ല. പക്ഷേ ഇന്നുവരെ എനിക്ക് കാശി ബാബയുടെ വീട്ടിലെത്താൻ പറ്റിയിട്ടില്ല എന്നെങ്കിലും അത് സംഭവിക്കും ആയിരിക്കും, അല്ലേ?

ലാലേട്ടൻ ഇത്രയും പറഞ്ഞത് ഞാൻ കേട്ടത് എന്ത് ഭാവത്തിലാണ് എന്ന് എനിക്കിപ്പോൾ തീർച്ചയില്ല , പക്ഷേ ഒന്നുണ്ട് അതെന്നിൽ ഒരു നഷ്ടബോധമോ? ലാലേട്ടൻ്റെ കൂടെ അവിടെ ഒന്ന് പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന ഒരുപക്ഷേ അത്യാഗ്രഹം എന്നുപോലും വിളിക്കാവുന്ന ഒരു ചിന്തയോ ഉണ്ടാക്കി എന്ന് തീർച്ചയാണ്.

സിനിമയൊഴികെ പലതും സംസാരിച്ചുകൊണ്ട് ഞങ്ങൾ മുറിയിലിരിക്കുന്നതിനിടയിൽ ലാലേട്ടൻ്റെ സന്തതസഹചാരി ലിജു വന്നു വാതിലിൽ മുട്ടി.

‘ലാൽസാർ ഒരാൾ കാണാൻ വന്നിട്ടുണ്ട്’

ആരാണ് ?

‘മണി എന്നാണ് പേര് പറഞ്ഞത് കാശിയിൽ താമസിക്കുന്ന ഒരു മലയാളിയാണ് ലാൽസാർ വന്നു എന്ന് അറിഞ്ഞപ്പോൾ കാണണമെന്ന് പറഞ്ഞു വന്നതാണ് ‘.

ലിജു ഇത് പറയുമ്പോൾ ഞാൻ ലാലേട്ടൻ്റെ മുഖത്തു നോക്കി ഇരിക്കുകയായിരുന്നു ആഘോഷിക്കപ്പെടുന്ന മഹാ വ്യക്തിത്വങ്ങൾ ഇങ്ങനെയുള്ള ജീവിത സന്ദർഭങ്ങളിൽ എങ്ങനെയായിരിക്കും പെരുമാറുക എന്ന കൗതുകം!

‘ലിജു വിളിക്കൂ അദ്ദേഹത്തെ’

ലിജു ഓടി ചെന്ന് അയാളെ വിളിച്ചു കൊണ്ടുവന്നു. അല്പം മെലിഞ്ഞ ഒരു മണി തനി പാലക്കാട്ടുകാരൻ. വാരാണസിയിൽ വന്നിട്ട് ഏഴെട്ടു കൊല്ലമായി ഇവിടെ ഒരു പാത്രക്കട നടത്തിവരുന്നു..

‘മണി അല്ലേ’ എന്ന് ചോദിച്ചു തുടങ്ങിയ ലാലേട്ടൻ്റെ സംസാരവും തുടർന്നുള്ള പെരുമാറ്റവും എന്നെ അത്ഭുതപ്പെടുത്തി. മുന്നിലിരിക്കുന്ന ആൾക്ക് ഒരിക്കലും മോഹൻലാലാണ് തന്നോടു സംസാരിക്കുന്നത് എന്ന് തോന്നിപ്പിക്കാത്ത ഉള്ള അത്രയും എളിമ, സൗഹൃദം ദീർഘകാലം കഴിഞ്ഞ് കണ്ട സുഹൃത്തിനോട് എന്നപോലെ ആത്മബന്ധം ഇവയൊക്കെ കൊണ്ട് സമ്പന്നമായ സംസാരരീതിയും പെരുമാറ്റവും. കേരളത്തിൽ വരുമ്പോൾ കാണാൻ പറ്റുമോ എന്ന മണിയുടെ ചോദ്യത്തിന്, കണ്ടിട്ടില്ല എങ്കിൽ ഇടി കിട്ടും എന്നുകൂടി പറഞ്ഞു മണിയെ യാത്രയാക്കാൻ തുടങ്ങുന്നതിനിടയിൽ ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ലാലേട്ടൻ മണിയോട് ചോദിച്ചു

‘ മണി ഇവിടെ ലാഹിരി മഹാശയൻ്റെ വീട് ഉണ്ട് അത് എവിടെയാണെന്ന് അറിയോ?

മണിയുടെ മറുപടി കേട്ടപ്പോൾ ‘ഇത് പറയാൻ വേണ്ടിയാണോ ഈശ്വരാ ഈ മനുഷ്യൻ ഈ രാത്രി ഞങ്ങളെ തിരഞ്ഞു വന്നത്, എനിക്കിന്നും അത് ഓർക്കുമ്പോള്ളുള്ള അത്ഭുതം വിട്ടുമാറുന്നില്ല.

മണി പറഞ്ഞു ‘ അറിയാം ലാലേട്ടാ എൻ്റെ വീടിൻ്റെ തൊട്ടടുത്താണ്’

കഴിഞ്ഞ പതിനഞ്ചു തവണയും ലാലേട്ടൻ ആ വീട് തിരിഞ്ഞിട്ടുണ്ട്, അന്ന് ആർക്കും അറിയില്ലായിരുന്നു ഇത്തവണ എന്നോട് അറിയുമോ എന്ന് ചോദിച്ച നേരത്ത് ആ കണ്ണിൽ മിന്നിയ അഭിനിവേശം ഞാൻ കണ്ടതാണ് . അത് ചോദിച്ചത് എന്നോടാണ് എങ്കിലും ആ ചോദ്യം കേട്ടത് ലാഹിരി മഹാശയൻ തന്നെയാണ് . അതിൻ്റെ ഉത്തരമാണ് മണി!

‘രാം റെഡിയല്ലേ ഇപ്പോൾ പോകാം’ ഒരു നൂറായിരം പൂത്തിരി കത്തിച്ച പോലെ എൻ്റെ മനസ്സ് പൂത്തുവിടർന്നു പോയി.

‘ ഞാൻ എപ്പോഴേ റെഡിയാണ് ലാലേട്ടാ’

ലാലേട്ടൻറെ സുഹൃത്തുക്കളായ ചാറ്റേർഡ് അക്കൗണ്ടൻ്റ് സനിൽ ഏട്ടനും, സിംഗപ്പൂർ ഉള്ള ലാലേട്ടൻ്റെ അടുത്ത സുഹൃത്ത് റാമും ആ സമയം ഗംഗാ ആരതി കാണാൻ പോയിരിക്കുകയായിരുന്നു . ലിജുവും, മുരളി ഏട്ടനും, മണിയും, ഞാനും, ലാലേട്ടനും ലാഹിരി മഹാശയൻ്റെ വീട് കാണാനിറങ്ങി. ഒരു ഇന്നോവയിലാണ് യാത്ര, മുന്നിലെ സീറ്റിൽ മണി നടുക്കുള്ള സീറ്റിൽ ഞാനും ലിജുവും, മുരളിയേട്ടനും ലാലേട്ടൻ വന്നതും ലിജു പെട്ടെന്ന് മാറി പുറകിലത്തെ സീറ്റിലേക്ക് നീങ്ങാൻ ശ്രമിച്ചു. പക്ഷേ ഇന്നോവയുടെ നടുവിലെത്തെ സീറ്റിനിടയിൽ കൂടെ നൂണ്ട് പുറകിലെ സീറ്റിലേക്ക് ലാലേട്ടൻ ഇരുന്നു കഴിഞ്ഞിരുന്നു. എല്ലാവരും ലാൽ സാർ മുന്നിൽ ഇരിക്കൂ എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

‘ അതെന്താ പുറകിൽ ഇരുന്ന് പൊയ്ക്കൂടേ ? ഇവിടെ ഇരുന്നാണ് കാശി ബാബയെ കാണാൻ പോകേണ്ടത് ‘ എന്നാണ് ലാലേട്ടൻറെ മറുപടി.

ഞങ്ങളുടെ വാഹനം അഘോരികളുടെ പ്രധാന സ്ഥാനമായ ബാബാ കിനാരാം സ്ഥൽ എത്തിയപ്പോൾ. വീട്ടിൽ നിന്ന് അമ്മയുടെ ഫോൺ വന്നു ഞാൻ ആവേശത്തോടെ ലാഹിരി മഹാശയൻ്റെ വീട്ടിൽ പോവുകയാണ് എന്ന് പറഞ്ഞു, ഉടനെ ഒരു കൊച്ചുകുട്ടിയെ പോലെ ലാലേട്ടൻ ഫോണിൻ്റെ അടുത്തേക്ക് തല ചേർത്ത് ഞാനാണ് ഞാനാണ് കൊണ്ടുപോകുന്നത് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…

അഘോരി ബാബാ കിനാരാമിൻ്റെ ആശ്രമത്തിൽ നിന്ന് ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി ലഹരിയുടെ വീട് ലക്ഷ്യമാക്കി യാത്ര തുടർന്നു. ഇതിനിടയിൽ ബാബാജി മഹാരാജിനെ കുറിച്ചും ശ്രീ യുക്തേശ്വരനെക്കുറിച്ചും ലാലേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു. ലാഹിരി ഒരു കൊച്ചു കുട്ടിയെ പോലെയാണ് എന്ന് പറഞ്ഞ് അദ്ദേഹം കണ്ണുചിമ്മി ഇരിക്കുന്ന രീതി എന്നെ കാണിച്ചു തന്നു. ശ്രീ യുക്തേശ്വരനാണ് ലാലേട്ടന് ഏറ്റവും ഇഷ്ടമുള്ള ആൾ ‘എന്തൊരു ഭംഗിയാണ് ‘ അദ്ദേഹത്തിന് എന്നാണ് ലാലേട്ടൻ പറയുന്നത്. ശരിയാണ് ഉയർന്ന നാസികയും വിടർന്ന നെറ്റിത്തടവും ജ്വലിച്ച കണ്ണുകളുമുള്ള ഒരു ഗരുഡ സമാനൻ ആണ് ശ്രീ യുക്തേശ്വര മഹാപ്രഭു. സംസാരം അങ്ങനെ പുരോഗമിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു ‘ലാലേട്ടാ രജനീകാന്ത് ബാബാജിയുടെ ഭക്തൻ അല്ലേ ലാലേട്ടനോട് അദ്ദേഹം അതേക്കുറിച്ച് വല്ലതും പറഞ്ഞിട്ടുണ്ടോ?’

‘രാം ഞാനും അദ്ദേഹവും വലിയ സുഹൃത്തുക്കളാണ് മൂന്നുദിവസം മുമ്പ് പോലും കണ്ടിരുന്നു. പക്ഷേ ഞാൻ ഇതൊന്നും ചോദിച്ചിട്ടില്ല ചോദിച്ചാൽ ഒരു പക്ഷെ അദ്ദേഹം പറയുമായിരിക്കും, ഇല്ലായിരിക്കും. പക്ഷേ അതൊക്കെ ഓരോരുത്തരുടെയും സ്വന്തം കാര്യങ്ങളല്ലേ അതൊന്നും ചോദിച്ചു കൂടല്ലോ.

ശരിയാണ് അതൊന്നും ചോദിച്ചു കൂടാ കണ്ടാലുടനെ നിങ്ങളുടെ ഗുരു ഏതാണ്? ഏതാണ് പരമ്പര ? ഏതാണ് മന്ത്രം എന്ന് ചോദിക്കുന്നവരെ കുറിച്ചും ഈ ചോദ്യം ഇപ്പോൾ ഈ മഹാത്മാവിനോട് ചോദിച്ച എൻ്റെ അൽപത്തത്തെക്കുറിച്ചും ഞാനോർത്തുപോയി. ഞങ്ങളുടെ വണ്ടി കാശിയിലെ ഏതോ ഒരു കവലയിൽ ചെന്നുനിന്നു. ഇനി നടന്നു വേണം പോകാൻ, ഈ ഇടുങ്ങിയ ബനാറസി ഗലികളിൽ എവിടെയോ ആണ് ലാഹിരിയുടെ വീട്. വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ ലാലേട്ടൻ പറഞ്ഞു, ‘ രാം ഓർത്തു നോക്കിക്കേ ലാഹിരി മഹാശയൻ ജീവിച്ചിരിക്കുമ്പോൾ നമ്മളിവിടെ വരുന്നത്. അദ്ദേഹം അദ്ദേഹത്തിൻ്റെ വീട്ടിൽ ആയിരിക്കും നമ്മൾ ആ വീട് അന്വേഷിച്ച് ഈ കാണുന്ന മുറുക്കാൻ കടയിൽ ഒക്കെ ചോദിച്ച് അങ്ങോട്ട് പോകുന്നത്’

ശരിയാണ് ഒരു സമയയന്ത്രം കിട്ടിയിരുന്നെങ്കിൽ ഘടികാരസൂചി പുറകോട്ട് തിരിച്ചു വച്ച് ഇവിടെ ആ കാലത്തിൽ എത്തിയിരുന്നു എങ്കിൽ എന്ന് ഞാനാശിച്ചുപോയി

മണി കൊണ്ടുപോയ ഇടുങ്ങിയ ഇടവഴികളിലൂടെ, മങ്ങിയ പ്രകാശം വീണുകിടക്കുന്ന ഇടനാഴികളിലൂടെ ഞങ്ങൾ ലാഹിരിയുടെ വീട്ടിലേക്ക് നടന്നു. എത്രയോ കാശിക്കാരും അല്ലാത്തവരുമായി ഒരുപാടുപേർ ലാലേട്ടൻ്റെ തോളുരുമ്മി കടന്നുപോയി. അവർക്ക് അറിയുമോ ഈ വീഥികളിലൂടെ അസമയത്ത് അവർ തോൾ ഉരുമി കടന്നുപോകുന്നത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയമാണ് എന്ന് ?

വളഞ്ഞുപുളഞ്ഞുള്ള ഇടവഴികൾ പിന്നിട്ട് ഞങ്ങൾ ഒരു കവാടത്തിനു മുന്നിൽ എത്തി. വാതിൽ അടഞ്ഞു കിടക്കുകയായിരുന്നു അതിൻറെ മേലെ ബി ലാഹിരി എന്ന് ഇംഗ്ലീഷിൽ എഴുതി വച്ചിട്ടുണ്ട്. എൻ്റെ മുഖം വിടർന്നു, ലാലേട്ടൻ്റെ കണ്ണുകളിൽ ആർദ്രത ചുണ്ടിൽ കൃതജ്ഞതയോടെയുള്ള ഒരു പുഞ്ചിരി. മണി ഓടിവന്ന് വാതിൽ തുറക്കാൻ പറ്റുമോ എന്ന് നോക്കട്ടെ എന്ന് പറഞ്ഞു. ലാലേട്ടൻ അദ്ദേഹത്തെ തടഞ്ഞുകൊണ്ട് പറഞ്ഞു
‘വേണ്ട, എനിക്കീ വാതിലിൽ ഒന്നു തൊട്ടാൽ മാത്രം മതി’
ആ വാതിൽ അദ്ദേഹം കൈ കൊണ്ട് പ്രാർത്ഥനാപൂർവ്വം തലോടി. തല ചേർത്തുവെച്ചതിൽ മുഖമുരുമ്മി!

ഇതിൽപരം വിസ്മയകരമായ ഒരു കാഴ്ചയും ഞാനെൻ്റെ കണ്ണുകൊണ്ട് ഇന്ന് വരെയും കണ്ടിട്ടില്ല. അദ്ദേഹത്തെ വിസ്മയം എന്ന് വിളിക്കുവാൻ എനിക്ക് ഇതിൽപരം ഒന്നും വേണ്ട.

വാരാണസി അവിമുക്തമാണ് യോഗികളുടെ കാഴ്ചയിൽ. അത് ഭൂമിയിൽ അല്ല നിൽക്കുന്നത് ദ്യോവിൻ്റെ വിസ്മയകരമായ മറ്റേതോ മാനത്താണ്. മണ്ണിൽ നിൽക്കുന്നു എന്ന് തോന്നുമെങ്കിലും എൻ്റെ മുന്നിൽ ഉള്ള ഈ വിസ്മയവും ഹോമപക്ഷിയെപ്പോലെ ഭൂമി തൊടാതെ നിൽക്കുകയാണ്.വാരാണസിയിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഓരോദിനവും എനിക്കിത് ഉറച്ചുകൊണ്ടേയിരുന്നു.

വിസ്മയോയോഗ ഭൂമിക!

ആർ രാമാനന്ദ്

NB: ഈ ലക്കം കേസരി വാരികയിൽ പ്രസിദ്ധീകരിച്ച മുഖലേഖനം