‘ഇനിയൊരു ‘ജയിലർ’ സീക്വലുമായി സഹകരിക്കില്ല, മോഹൻലാലിന്റെ സീനുകൾ വെട്ടി’; നിരാശ പ്രകടിപ്പിച്ച് കോസ്റ്റ്യൂം ഡിസൈനർ

','

' ); } ?>

രജനീകാന്ത് ചിത്രം ‘ജയിലർ 2’-ൽ മോഹൻലാലിന്റെ ഭൂരിഭാഗം രംഗങ്ങളും വെട്ടിമാറ്റിയെന്ന വെളിപ്പെടുത്തലുമായി കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ. സിനിമയ്ക്കായി ഷൂട്ട് ചെയ്ത മൂന്ന് വ്യത്യസ്ത ലുക്കുകളും ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിരുന്ന രംഗങ്ങൾ പോലും പൂർണ്ണമായും എഡിറ്റ് ചെയ്ത് മാറ്റിയതിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തിയാണ് ജിഷാദ് ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്.

ചിത്രം തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നു വന്ന ചർച്ചകൾക്ക് മറുപടിയായാണ് അദ്ദേഹം വിഷയം വ്യക്തമാക്കിയത്. ട്രെയ്‌ലറിൽ നിമിഷനേരത്തേക്ക് മാത്രം കാണിച്ചപ്പോഴും തന്റെ പ്രവൃത്തിയിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും, എന്നാൽ സിനിമ കണ്ടപ്പോഴാണ് മോഹൻലാലിനെപ്പോലൊരു സൂപ്പർതാരത്തിന്റെ രംഗങ്ങൾ ഇത്തരത്തിൽ പൂർണ്ണമായി ഒഴിവാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹം കുറിച്ചു.

തന്റെ സിനിമാ ജീവിതത്തിൽ ഇത്തരമൊരു നടപടി തീർത്തും അനാവശ്യമായിരുന്നു എന്ന് ചൂണ്ടിക്കാണിച്ച ജിഷാദ്, വരാനിരിക്കുന്ന ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളിൽ താൻ പങ്കാളിയാകില്ലെന്നും വ്യക്തമാക്കി. താൻ പണത്തിനോ ‘കോടി ക്ലബ്ബ്’ വിജയങ്ങൾക്കോ വേണ്ടിയല്ല നിലകൊള്ളുന്നതെന്നും, സിനിമയെയും മോഹൻലാലിനെയും സ്നേഹിക്കുന്ന ആരാധകർക്കൊപ്പമാണ് എപ്പോഴും ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ കേരളത്തിലെ 800-ഓളം സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തിയത്.

ജിഷാദിന്റെ വാക്കുകൾ;

‘എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവർക്കുംവേണ്ടി, ജയിലർ 2 പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ ഒരു പ്രധാന കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ട്രെയ്‌ലറിൽ വെറും രണ്ട് സെക്കൻഡിലേക്ക് ഒതുക്കിയപ്പോഴും ഷൂട്ട് ചെയ്തതിലെ എന്റെ ജോലിയിൽ എനിക്ക് പൂർണ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ചിത്രം പുറത്തിറങ്ങിയപ്പോൾ, മോഹൻലാൽ സാറിന്റെ മൂന്ന് വ്യത്യസ്ത ലുക്കുകൾ പൂർണമായും എഡിറ്റ് ചെയ്ത് ഒഴിവാക്കിയതായി മനസിലാക്കുന്നു. ട്രെയ്‌ലറിലെ സീൻ പോലും ട്രിം ചെയ്തു കളഞ്ഞു.

എന്റെ സിനിമാ അനുഭവത്തിൽ, മോഹൻലാലിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ സീനുകൾ വെട്ടിമാറ്റുന്നത് തീർത്തും അനാവശ്യമാണ്. നമ്മുടെ സൂപ്പർസ്റ്റാറിനെ ഇങ്ങനെ വെട്ടിക്കുറയ്ക്കുന്നത് കാണുമ്പോൾ, ഇനിയൊരു ഭാഗമുണ്ടെങ്കിൽ ഞാൻ അതിന്റെ ഭാഗമാവില്ല. എന്നെ വിശ്വസിച്ച എല്ലാവരോടും ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഞാൻ ആനുകൂല്യങ്ങൾക്ക് വേണ്ടിയോ, ലാഭത്തിനോ കോടി ക്ലബ്ബുകൾക്കോ സ്റ്റാർഡത്തിനോ വേണ്ടിയല്ല നിലനിൽക്കുന്നത്. ആരാധകർക്കും സിനിമയെ സ്‌നേഹിക്കുന്നവർക്കും മോഹൻലാൽ സാറിനും വേണ്ടിമാത്രം ഞാൻ നിലകൊള്ളും. എന്റെ യാത്രയിൽ എപ്പോഴും കൂടെ നിന്നതിന് നന്ദി.