“48 വർഷത്തെ സിനിമാ ജീവിതം, വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം”; വേദിയിൽ വികാരാധീനനായി മോഹൻലാൽ

','

' ); } ?>

‘കിരീടം’ റിലീസ് ചെയ്തിട്ട് 37 വർഷം പൂർത്തിയാകുന്ന വേളയിൽ കൊച്ചിയിൽ നടന്ന പ്രത്യേക ചടങ്ങിൽ വികാരാധീനനായി നടൻ മോഹൻലാൽ. ചിത്രത്തിൻ്റെ പുതിയ 4കെ റീമാസ്‌റ്റേർഡ് വേർഷൻ്റെ ട്രെയിലർ ലോഞ്ചിനോടനുബന്ധിച്ച് നടന്ന സ്ക്രീനിംഗിലാണ് സംവിധായകൻ സിബി മലയിലിനൊപ്പം മോഹൻലാൽ തൻ്റെ ഓർമ്മകൾ പങ്കുവെച്ചത്. തൻ്റെ 48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷമാണിതെന്ന് താരം വേദിയിൽ ഓർമ്മിപ്പിച്ചു. 37 വർഷം മുൻപുള്ള പരിമിതമായ സാങ്കേതിക സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് ഇത്രയും വലിയൊരു സിനിമ പൂർത്തിയാക്കാൻ സാധിച്ചത് വലിയൊരു കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, ചിത്രത്തിൽ തനിക്കൊപ്പം പ്രവർത്തിച്ച ഓരോരുത്തരെയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നതായും കൂട്ടിച്ചേർത്തു.

“എന്റെ 48 വർഷത്തെ സിനിമാ ജീവിതത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണിത്. എനിക്ക് ആദ്യമായിട്ട് ഒരു നാഷണൽ അവാർഡ് നേടിത്തന്ന സിനിമയാണ് ‘കിരീടം’. താങ്ക്യൂ സിബി… എന്റെ അടുത്ത ദേശീയ അവാർഡും സിബിയുടെ സിനിമയിലൂടെത്തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് പ്രത്യേകതകളുള്ള നിമിഷമാണിത്.

ഇപ്പോൾ മനസ്സിന് ഒരുപാട് സന്തോഷവുമുണ്ട്, ഒപ്പം വലിയൊരു സങ്കടവുമുണ്ട്. കാരണം, അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരുപാട് പേർ ഇന്ന് നമ്മളെ വിട്ടുപോയി. സ്ക്രീനിൽ അവരെയൊക്കെ കണ്ടപ്പോൾ, പെട്ടെന്ന് 37 വർഷം പുറകിലേക്ക് ഒരു ടൈം ട്രാവൽ ചെയ്‌തതുപോലെ തോന്നി. ഞാൻ സിബിയോട് ചോദിക്കുകയായിരുന്നു, ഇങ്ങനെയൊരു സിനിമയോ, അല്ലെങ്കിൽ ഇതിൽ ജീവിച്ചതുപോലെയുള്ള മനുഷ്യരോ ഒന്നും ഇനി നമ്മുടെ കൂടെയില്ലല്ലോ എന്ന്. ആലോചിക്കുമ്പോൾ വലിയൊരു സങ്കടമുണ്ട്. അത്രമാത്രം ഇമോഷനലായ ഒരു സിനിമയാണിത്.

37 വർഷം മുമ്പുള്ള അന്നത്തെ സൗകര്യങ്ങൾ വച്ച്‌ ചെയ്‌ത സിനിമയാണിത്. ഈ സിനിമ ഇന്ന് ചെയ്യുകയാണെങ്കിൽ ഒരുപക്ഷേ ഒരുപാട് മാറ്റങ്ങൾ ഉണ്ടായേക്കാം. പക്ഷേ, അന്നത്തെ ആ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്യുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ഇതിൽ എന്നോടൊപ്പം അഭിനയിച്ച, ഇതിന് വേണ്ടി സഹകരിച്ച എല്ലാവരെയും ഞാൻ ഈ സമയത്ത് ഓർക്കുകയാണ്.” മോഹൻലാൽ പറഞ്ഞു.

“ഈ സിനിമ ഡിജിറ്റലായി റീസ്‌റ്റോർ ചെയ്‌ത്‌ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ച എൻ എഫ് ഡി സിക്കും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒത്തിരി നന്ദിയും സന്തോഷവും. ഞാൻ ഇന്റർവെൽ സമയത്താണ് വന്നതെങ്കിലും, കഥയൊക്കെ നന്നായി അറിയാവുന്നത് കൊണ്ട് പെട്ടെന്ന് തന്നെ മനസ്സ് നിറഞ്ഞു, കണ്ണ് നിറഞ്ഞു. ചില സിനിമകൾക്ക് മാത്രം സംഭവിക്കുന്ന കാര്യമാണിത്, പ്രത്യേകിച്ച് ഈ സിനിമയ്ക്ക്. ഒരിക്കൽക്കൂടി ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു. താങ്ക്യൂ സിബി, താങ്ക്യൂ വിജയകുമാർ, ഉണ്ണി, ദിനേഷ്… എല്ലാവർക്കും താങ്ക്സ് എ ലോട്ട്!”-മോഹൻലാൽ കൂട്ടിച്ചേർത്തു.

സിബി മലയിലിന്റെ വാക്കുകൾ

“ഈ ദിവസത്തിന് വലിയൊരു പ്രത്യേകതയുണ്ട്. 1989 ജൂലൈ മാസം ഏഴാം തീയതി, അതായത് കൃത്യം 37 വർഷങ്ങൾക്ക് മുൻപാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തിയത്. ആ ഒരു പ്രത്യേക ദിവസത്തിൽത്തന്നെ, ഈ സിനിമയുമായി ബന്ധപ്പെട്ട് ഇന്ന് നമ്മുടെ കൂടെയുള്ള എല്ലാവർക്കും ഒരുമിച്ച് എത്തിച്ചേരാൻ കഴിഞ്ഞു എന്നുള്ളത് വലിയൊരു സന്തോഷമാണ്. നമ്മളെല്ലാവരും ഒന്നിച്ചുകൂടുന്ന മനോഹരമായ ഒരു സന്ധ്യയാണിത്. 37 വർഷങ്ങൾക്ക് ശേഷം നമ്മളെല്ലാവരും ഒന്നിച്ച് ഈ സിനിമ വീണ്ടും കാണുകയാണ്.

ഇന്ന് നമ്മൾ ഇവിടെ കണ്ടത് ഈ സിനിമയുടെ റീസ്‌റ്റോർ ചെയ്‌ത്‌ റീമാസ്‌റ്റർ ചെയ്ത ഒരു വേർഷനാണ്. നമുക്ക് വേണ്ടി ഇത് ചെയ്ത്‌ തന്നത് എൻ എഫ് ഡി സിയും നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും നാഷണൽ ഫിലിം ആർക്കൈവ്‌സും ചേർന്നാണ്. അവർ മലയാളത്തിൽ ചെയ്യുന്ന ആദ്യത്തെ റീസ്‌റ്റോറേഷൻ പ്രോജക്റ്റാണിത്. ഇതിന് മുൻപ് ഐഎഫ്എഫ്ഐയിൽ അവർ ഇതൊരു പ്രീമിയർ ഷോ ആയി കാണിക്കുകയും ചെയ്തിരുന്നു.

ഇത് 35mm ഫിലിമിൽ ഷൂട്ട് ചെയ്‌ത ഒരു സിനിമയാണ്. ഫിലിമിൽ ചെയ്തത് അതേപടി, ആ ഒറിജിനൽ ക്വാളിറ്റിയിൽത്തന്നെ നിലനിർത്തിക്കൊണ്ട് റീസ്‌സ്റ്റോർ ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. അതുകൊണ്ട് തന്നെ ഇതിൽ അഡീഷണൽ ആയിട്ടുള്ള മറ്റ് എൻഹാൻസ്മെൻ്റുകളോ, അതിന്റെ കളറിലോ ടോണിലോ യാതൊരു മാറ്റങ്ങളോ വരുത്തിയിട്ടില്ല. ഒറിജിനൽ വേർഷൻ എങ്ങനെയായിരുന്നോ, അത് അതുപോലെ തന്നെ കീപ്പ് ചെയ്യുകയാണ് അവർ ചെയ്‌തത്‌. അതാണ് നമ്മൾ ഇന്ന് ഇവിടെ കണ്ടത്. പണ്ട് ഫിലിമിൽ കണ്ട അതേ ക്വാളിറ്റിയിൽ, അതിൻ്റെ ഡിജിറ്റൽ വേർഷൻ ഇന്ന് നമുക്ക് ഇവിടെ കാണാൻ കഴിഞ്ഞു. വരും ദിവസങ്ങളിൽ, പത്താം തീയതിയോടെ ഈ സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇവിടെ വന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.” സിബി മലയിൽ പറഞ്ഞു.